Wednesday March 21, 2018
Latest Updates

അയര്‍ലണ്ടിന്റെ വികസന കുതിപ്പ് രാജ്യാന്തര മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാവിഷയം,വളര്‍ച്ചാ നിരക്കില്‍ ചൈനയേയും ഇന്ത്യയേയും കടത്തി വെട്ടി വീണ്ടും കെല്‍റ്റിക് ടൈഗര്‍ വരുന്നു

അയര്‍ലണ്ടിന്റെ വികസന കുതിപ്പ് രാജ്യാന്തര മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാവിഷയം,വളര്‍ച്ചാ നിരക്കില്‍ ചൈനയേയും ഇന്ത്യയേയും കടത്തി വെട്ടി വീണ്ടും കെല്‍റ്റിക് ടൈഗര്‍ വരുന്നു

ഡബ്ലിന്‍:ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമ്പോള്‍ അയര്‍ലണ്ടിന്റെ പേര് പൊതുവെ ഉയര്‍ന്നു കേള്‍ക്കാറില്ല. എന്നാല്‍ ഈയിടെ അയര്‍ലണ്ടിലുണ്ടായ വികസനക്കുതിപ്പ് ലോകരാജ്യങ്ങളുടെ കണ്ണു തള്ളിക്കുന്നതാണ്. വന്‍ സാമ്പത്തിക ശക്തികളായി ഉയര്‍ന്നുവരുന്ന ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളെക്കാളും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് അയര്‍ലണ്ട് ഈയിടെ നേടിയിരിക്കുന്നത്. 2015ല്‍ 7.8% വളര്‍ച്ചയാണ് അയര്‍ലണ്ടിന്റെ സാമ്പത്തിക മേഖല കൈവരിച്ചത്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളെല്ലാം തന്നെ നാണ്യപ്പെരുപ്പവും, വളര്‍ച്ചക്കുറവും, തൊഴിലില്ലായ്മാ പ്രശ്‌നങ്ങളുമായി കിതയ്ക്കുന്ന സാഹചര്യത്തിലാണ് അയര്‍ലണ്ടിന്റെ കുതിപ്പ് എന്നതാണ് ശ്രദ്ധേയം.

2008ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി യൂറോപ്പ് സാമ്പത്തികമായി തളര്‍ന്നപ്പോള്‍ അയര്‍ലണ്ടും വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്ന് സാമ്പത്തിക അസ്ഥിരത നേരിടുന്ന പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ്, സ്‌പെയിന്‍ എന്നിവയുമായിച്ചേര്‍ന്ന് ഇതിനെ നേരിടാനായി അയര്‍ലണ്ട്, ‘PIIGS’ എന്ന സഖ്യം ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് മറ്റ് PIIGS രാജ്യങ്ങള്‍ വലിയ മെച്ചമില്ലാതെ തുടരുമ്പോള്‍ അയര്‍ലണ്ട് നേട്ടങ്ങളുടെ പാതയിലാണ്. സര്‍കാകരിന്റെ ധനക്കമ്മി 32%ല്‍ നിന്നും വെറും 1.5% ആയി കുറഞ്ഞു, തൊഴിലില്ലായ്മ 15 ല്‍ നിന്നും 8.1% ആയി കുറഞ്ഞു.

ഇത്തരത്തില്‍ അയര്‍ലണ്ടിനെ വളരാന്‍ സഹായിച്ചത് സാഹചര്യത്തെ അതിജീവിക്കാനുള്ള കഴിവും കൃത്യമായ പ്ലാനിങ്ങുമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ രാജ്യം ടാക്‌സ് വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുകയാണുണ്ടായത്. ഇതിനു പുറമെ വിദേശ കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അയര്‍ലണ്ടിനെ തെരഞ്ഞെടുത്തതും നേട്ടമായി. ഇതിന്റെ കാരണം അയര്‍ലണ്ടില്‍ കോര്‍പ്പറേറ്റ് ടാക്‌സ് 12.5% മാത്രമാണ് എന്നതായിരുന്നു. 2001 വരെ യൂറോപ്പിലെ പാപ്പരായ രാജ്യങ്ങളിലൊന്ന് എന്ന് വിളിക്കപ്പെട്ട അയര്‍ലണ്ട് 2006 ആകുമ്പോഴേക്കും സാമ്പത്തിക വളര്‍ച്ചയുടെ ഉറവിടമായതോടെ ‘കെല്‍റ്റിക് ടൈഗര്‍’ എന്ന് വിളിക്കപ്പെട്ടു തുടങ്ങി. എങ്കിലും 2010ഓടെ ഇടിവ് നേരിട്ട സാമ്പത്തികരംഗത്തിന് ഇനിയും മുന്നേറാനുണ്ട്.

അയര്‍ലണ്ടിനെ ഇന്നു കാണുന്ന അയര്‍ലണ്ടായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് വിദേശനിക്ഷേപമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി ആഗോള ഭീമന്മാരായ ഫേസ്ബുക്ക്, എയര്‍ബിഎന്‍ബി, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെഡ്‌ട്രോണിക് എന്നിവയെല്ലാം ഇവിടെ നിക്ഷേപം നടത്തിയവരാണ്. ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ 10 കമ്പനികളില്‍ ഏഴെണ്ണവും വിദേശ കമ്പനികളാണ്. അതേസമയം വിദേശകമ്പനികള്‍ക്ക് വലിയ അവസരമൊരുക്കുന്നത് സ്വദേശ വ്യവസായത്തിന് തളര്‍ച്ചയാകുന്നു എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

കൂടാതെ രാജ്യത്ത് തൊഴിലില്ലായ്മ കുറയാനിടയാക്കിയത് ചെറുപ്പക്കാരില്‍ പലരും മറ്റ് രാജ്യങ്ങളിലേയ്ക്ക് ജോലി തേടി കുടിയേറിയതാണ് (ഇവരില്‍ പലരും ഇന്ന് തിരികെ വരുന്നുണ്ട് എന്നത് സത്യം). രാജ്യത്തെ ബാങ്ക് പലിശനിരക്കും മറ്റും തീരുമാനിക്കുന്നത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് എന്നത് പലര്‍ക്കും വലിയ കടബാധ്യതയുണ്ടാക്കിയിട്ടുമുണ്ട്. ഇതിനെല്ലാമപ്പുറം എപ്പോഴൊക്കെ രാജ്യം വളര്‍ച്ച നേടിയിട്ടുണ്ടോ, അത് ചെന്നവസാനിച്ചത് വന്‍ സാമ്പത്തികവീഴ്ചയിലാണെന്ന ചരിത്രവും ആശങ്ക ജനിപ്പിക്കുന്നു.

ലോകം ഇനിയും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുകയാണെങ്കില്‍ അതിന്റെ അലയൊലികള്‍ അയര്‍ലണ്ടിലും കേള്‍ക്കും എന്നത് തീര്‍ച്ചയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ (ബ്രെക്‌സിറ്റ്) അതിന്റെ തിരിച്ചടി വലിയ രീതിയില്‍ നേരിടേണ്ടിവരുന്നതും അയര്‍ലണ്ടിനാകും. കാരണം യു.കെയുമായാണ് അയര്‍ലണ്ടിന്റെ ഭൂരിഭാഗം വ്യാപാരബന്ധവും എന്നതുതന്നെ. എങ്കിലും ഇനിയും രാജ്യം സാമ്പത്തിക അഭിവൃദ്ധി നേടുമെന്നു തന്നെയാണ് വിദഗ്ദ്ധര്‍ പ്രത്യാശിക്കുന്നത്.

Scroll To Top