Sunday December 11, 2016
Latest Updates

ആപ്പിളിനോടൊപ്പം ഐറിഷ് സര്‍ക്കാര്‍, യൂറോപ്യന്‍ യൂണിയന്‍ അയര്‍ലണ്ടിനെതിരെ പടയൊരുക്കം നടത്തുകയാണെന്ന് ആക്ഷേപം

ആപ്പിളിനോടൊപ്പം ഐറിഷ് സര്‍ക്കാര്‍, യൂറോപ്യന്‍ യൂണിയന്‍ അയര്‍ലണ്ടിനെതിരെ പടയൊരുക്കം നടത്തുകയാണെന്ന് ആക്ഷേപം

ഡബ്ലിന്‍:ടാക്സ് വിവാദത്തില്‍ ആപ്പിള്‍ കമ്പനിയെ പിന്തുണച്ച് സര്‍ക്കാര്‍ വീണ്ടും രംഗത്ത്. ആപ്പിള്‍ അയര്‍ലണ്ടിന് 13 ബില്ല്യണ്‍ യൂറോ നല്‍കണം എന്ന യൂറോപ്യന്‍ കമ്മിഷന്‍ നിലപാടിനെ ഇന്നലെ മന്ത്രിസഭ ഐകകണ്ഠേന എതിര്‍ത്തു. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേഷന്‍ ടാക്സ് അയര്‍ലണ്ടിലാണ് – 12.5. ഇതിനു തുരങ്കം വയ്ക്കാനാണ് യൂറോപ്യന്‍ യൂണിയനും ചില അംഗരാജ്യങ്ങളും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നിയും ധനമന്ത്രി മൈക്കല്‍ നൂനാനും വിമര്‍ശനമുയര്‍ത്തി. കമ്മിഷന്‍ തീരുമാനത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ അയര്‍ലണ്ടിനെതിരെ പടയൊരുക്കം നടത്തുകയാണെന്നും കെന്നി തുറന്നടിച്ചു.

ഇത് അയര്‍ലണ്ടിന്റെ പരമാധികാരം സംബന്ധിച്ച പ്രശ്നമാണെന്നും എന്‍ഡ കെന്നി പറഞ്ഞു. തങ്ങളെക്കാള്‍ വലുതും കരുത്തുറ്റതുമായ രാജ്യങ്ങളുടെ പ്രീതി സമ്പാദിക്കാനാണോ യൂറോപ്യന്‍ യൂണിയന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നും കെന്നി ചോദിച്ചു.

12.5% കോര്‍പ്പറേഷന്‍ ടാക്സ് എന്ന പോളിസി പ്രകാരം ലോകോത്തര കമ്പനികളുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് അയര്‍ലണ്ടില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ച മൈക്കല്‍ നൂനാന്‍, തങ്ങളുടെ ടാക്സ് പോളിസിക്കെതിരെയുള്ള ആക്രമണമാണ് ടാക്സ് വിവാദം എന്നും അഭിപ്രായപ്പെട്ടു. 2011ല്‍ കോര്‍പ്പറേഷന്‍ ടാക്സ് കുറയ്ക്കാനുള്ള കെന്നിയുടെ തീരുമാനത്തെ അന്നത്തെ ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി എതിര്‍ത്ത കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്നും പല രാജ്യങ്ങളും ഇതേ മനോഭാവം വച്ചു പുലര്‍ത്തുന്നുവെന്നും, കോര്‍പ്പറേഷന്‍ ടാക്സ് വര്‍ദ്ധിപ്പിക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും നൂനാന്‍ കൂട്ടിച്ചേര്‍ത്തു. കമ്മിഷന്‍ തീരുമാനത്തിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍പ് സര്‍ക്കാരിനെ എതിര്‍ത്തിരുന്ന മന്ത്രിമാരായ ഷെയ്ന്‍ റോസ്, ഫിനിയന്‍ മക്ഗ്രാത്ത്, കാതറിന്‍ സപ്പോനെ എന്നീ മന്ത്രിമാരും ടാക്സ് സിസ്റ്റം പുനഃപരിശോധിക്കാം എന്ന പ്രധാനമന്ത്രിയുടെ ഉറപ്പിന്‍മേല്‍ ഇന്നലെ സര്‍ക്കാരിനെ പിന്തുണച്ചു.

Scroll To Top