Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിലെ നഴ്സിംഗ് ഏജന്റുമാര്‍ തട്ടിയെടുത്തത് ശതകോടികള്‍,വിലസട്ടെ അഭിനവ ജീന്‍ വാല്‍ ജീന്‍മാര്‍ ! 

അയര്‍ലണ്ടിലെ നഴ്സിംഗ് ഏജന്റുമാര്‍ തട്ടിയെടുത്തത് ശതകോടികള്‍,വിലസട്ടെ അഭിനവ ജീന്‍ വാല്‍ ജീന്‍മാര്‍ ! 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നഴ്സിംഗ് മേഖലയില്‍ ആറായിരത്തില്‍ അധികം ഇന്ത്യന്‍ നഴ്സുമാരാണ് ഇപ്പോഴുള്ളത്.ഇവിടെ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയര്‍ രണ്ടായിരത്തോളം വരുമെന്നാണ് നഴ്സിംഗ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന ഏകദേശകണക്കുകള്‍ സൂചിപ്പിക്കുന്നത്.അതായത് ഇവിടെ എണ്ണായിരത്തോളം ഇന്ത്യന്‍ നഴ്സുമാര്‍ പലഘട്ടങ്ങളിലായി എത്തിച്ചേര്‍ന്നിട്ടുണ്ട്.ഇവരില്‍ 80 ശതമാനവും കേരളത്തില്‍ നിന്നുള്ള നഴ്സുമാരാണ്.

ഇവരില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണ് എച്ച് എസ് ഇ യില്‍ സേവനം ചെയ്യുന്നവര്‍.നഴ്സിംഗ് ഹോമുകളിലും,പ്രൈവറ്റ് ആശുപത്രികളിലുമായി ജോലി ചെയ്യുന്ന ബാക്കിയുള്ള അയ്യായിരത്തോളം നഴ്സുമാരാണ് ഏജന്റുമാരുടെ സഹായത്തോടെ അവര്‍ക്ക് പണം കൊടുത്തും,അല്ലാതെയുമായി അയര്‍ലണ്ടില്‍ എത്തിയിട്ടുള്ളത്.നേരിട്ട് നഴ്സിംഗ് ഹോമുകളുമായി ബന്ധപ്പെട്ട് നേരിട്ട് വന്നവരുടെ എണ്ണം തുലോം കുറവാണ്.

ഐറിഷ് മലയാളി കുടിയേറ്റത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ നഴ്സുമാരില്‍ നിന്നും ഏജന്റുമാര്‍ കൈപ്പറ്റുന്ന പ്രതിഫലം മൂവായിരം യൂറോ വരെയായിരുന്നെങ്കില്‍ പിന്നീടത് എണ്ണായിരം വരെയുയര്‍ന്നു.ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം വാങ്ങാന്‍ പാടില്ലെന്ന നിയമത്തിന് തികച്ചും വിരുദ്ധമായ പ്രവര്‍ത്തിയായിരുന്നു ഇതെങ്കിലും അതിനുള്ള മറുമരുന്നിട്ടായിരുന്നു മിക്ക ഏജന്‍സികളും പ്രവര്‍ത്തിച്ചത്.

ഇവിടെ രജിസ്റ്റര്‍ ചെയ്യാത്ത ഏജന്‍സികള്‍ക്ക് അത്തരമൊരു നിയമം പാലിക്കേണ്ടതില്ലെന്ന ‘സൂത്ര’വാക്യമായിരുന്നു അതിന് പിന്നില്‍.

2009 ലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം അയര്‍ലണ്ടിലെ നഴ്സിംഗ് ജോലിയ്ക്ക് കേരളത്തില്‍ നിന്നും പോലും ഡിമാന്റില്ലാതായതോടെയാണ് റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ നല്ലകാലം യഥാര്‍ഥത്തില്‍ ആരംഭിച്ചത്.

അതേ സമയം നഴ്സിംഗ് ഹോം ഉടമകള്‍ ഏജന്റുമാര്‍ക്ക് നല്‍കുന്ന പ്രതിഫലവും,2012 മുതല്‍ ഉയരാന്‍ തുടങ്ങി.അയര്‍ലണ്ടില്‍ നഴ്സുമാര്‍ക്ക് കടുത്ത ദൗര്‍ലഭ്യം നേരിടേണ്ടി വന്ന അവസരത്തില്‍ ദൈവദൂതന്മാരേ പോലെത്തിയ റിക്രൂട്ട് മെന്റ് ഏജന്റുമാര്‍ക്ക് മുമ്പില്‍ തൊഴിലുടമകള്‍ തൊഴുതു നിന്നു.മൂവായിരത്തില്‍ നിന്നുയര്‍ന്ന് പതിനായിരം വരെയായി അവര്‍ നല്‍കേണ്ടി വന്ന ഏജന്റ് ഫീസ്.

എന്നിട്ടും ഐഇഎല്‍ടിഎസ് അടക്കമുള്ള യോഗ്യതയുള്ള ആവശ്യമായത്ര നഴ്സുമാരെ ലഭിക്കാതെ വന്നത് കൊണ്ട് മാത്രമാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ ഫ്രീയായി,ഏജന്‍സി ഫീസൊന്നും നല്‍കാതെ അയര്‍ലണ്ടിലെത്തിക്കാന്‍ പിന്നീട് ഏജന്റുമാര്‍ ‘സന്മനസ്’ കാട്ടിയത്.

2012 മുതല്‍ 2014 വരെ  റിക്രൂട്ട്‌മെന്റ് രംഗത്ത് മുടിചൂടാമന്നനായി നിന്നിരുന്ന ബ്‌ളാഞ്ചസ് ടൗണിലെ ഏജന്റ് ഇതിനകം തന്നെ ചുരുങ്ങിയത് എണ്ണൂറോളം പേരെ പണം വാങ്ങി തന്നെ ഇവിടെ എത്തിച്ചിരുന്നു.സൗമ്യവും,കുലീനമെന്ന് തോന്നിപ്പിക്കുന്നതുമായ പെരുമാറ്റം ഇദ്ദേഹത്തിന്റെ വ്യാപാരത്തിന് മാറ്റ് കൂട്ടി.കേരളത്തിലും അയര്‍ലണ്ടിലും,ഗള്‍ഫിലുമുണ്ടായിരുന്ന സബ്ബ് ഏജന്റുമാര്‍ക്ക് 300 യൂറോ വീതം വരെ കമ്മീഷന്‍ നല്‍കിയാണ് തന്റെ ബിസിനസ് സാമ്രാജ്യം ഇദ്ദേഹം വിപുലീകരിച്ചത്.

വര്‍ക്ക് പെര്‍മിറ്റ് നിയമമനുസരിച്ച് ഒരു എംപ്ലോയറുടെ കീഴില്‍ ഒരു വര്‍ഷം മാത്രം ജോലി ചെയ്താല്‍ മതിയെന്നിരിക്കെ നഴ്സുമാരെ കുറഞ്ഞ ശമ്പളത്തില്‍ എംപ്ലോയറുടെ കീഴില്‍ രണ്ടു വര്‍ഷം ജോലി ചെയ്യാനുള്ള ഉപകരാറാണ് ഇദ്ദേഹം മുഖേനെ ഉണ്ടാക്കിയത്.ഇവിടങ്ങളില്‍ നിന്നും എച്ച് എസ് ഇ യുടെയോ,മറ്റ് സ്വകാര്യ ആശുപത്രികളുടെയോ കൂടിയ ശമ്പളത്തിലേയ്ക്ക് മാറിയാല്‍ ലഭിക്കുന്ന വ്യത്യാസം മണിക്കൂറിന് അഞ്ചു മുതല്‍ ഏഴു യൂറോ വരെയാണെന്നിരിക്കെ ഈ ചൂഷണത്തിനുള്ള സ്വാതന്ത്ര്യം നഴ്സിംഗ് ഹോം ഉടമകള്‍ക്ക് ഉണ്ടാക്കി കൊടുത്ത നിലയിലാണ് ഇദ്ദേഹം വ്യത്യസ്തനാവുന്നത്!

ലെറ്റര്‍കെന്നിയിലെ എച്ച് എസ് ഇ യിലേക്ക് നിയമനം ലഭിച്ച ചാള്‍സ് ടൗണിലെ മലയാളി നഴ്‌സ് നാലര ലക്ഷം യൂറോ ഈ ഏജന്റിന് കൊടുത്താണ് അയര്‍ലണ്ടില്‍ എത്തിയത്.ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ എച്ച് എസ് ഇയിലേക്ക് മാറാന്‍ ശ്രമിച്ചപ്പോഴാണ് തൊഴിലുടമ എന്‍ ഓ സി കൊടുക്കാതെ വന്നത്.സംഭവം ഐഎന്‍എംഓ വഴി പരാതിയാക്കിയപ്പോഴാണ് പുറംലോകമറിഞ്ഞത്.

പതിനായിരത്തോളം യൂറോ ഏജന്റിന് കൊടുത്താണ് രണ്ടു വര്‍ഷത്തെ ധാരണ ഉണ്ടാക്കിയതെന്ന് തൊഴിലുടമ ഐഎന്‍എംഓ യുടെ ഇന്‍ഡസ്ട്രിയല്‍ ഓഫിസറിനെ അറിയിച്ചെങ്കിലും അത്തരമൊരു നിയമം അയര്‍ലണ്ടില്‍ ഇല്ലാത്തതിനാല്‍ എന്‍ ഓ സി കൊടുത്തേ മതിയാവുകയുള്ളു എന്ന് യൂണിയന്‍ വ്യക്തമാക്കിയതോടെ ഇവര്‍ക്ക് എന്‍ഓസി നല്‍കാന്‍ ഉടമ തയാറായി.

രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മറ്റൊരു നഴ്സിംഗ് ഹോമിലേക്കോ,പ്രൈവറ്റ് ആശുപത്രിയിലേക്കോ ഉദ്യോഗാര്‍ഥിയെ മാറാന്‍ സഹായിക്കുന്നതിനും,നഴ്സിംഗ് ഉടമയ്ക്ക് പുതിയ നഴ്സിനെ എത്തിക്കാനുമായി ഇദ്ദേഹം തുടങ്ങി വെച്ച ‘റൊട്ടേഷന്‍ ചാര്‍ട്ട് ‘അയര്‍ലണ്ടിലെ മിക്ക ഏജന്റുമാരും ഇപ്പോള്‍ അനുകരിക്കുന്നുണ്ട്.

രണ്ട് ലക്ഷം മുതല്‍ 5 ലക്ഷം വരെ തരാതരം കേരളത്തിലെ നഴ്സുമാരില്‍ നിന്നും ലഭിച്ചത് കൂടാതെ ഓരോ നഴ്സിനും വേണ്ടി തൊഴിലുടമ ചിലവഴിച്ച മൂവായിരം വീതം കൂടി കൂട്ടിയാല്‍ ലഭിക്കുന്ന വരുമാനത്തിന്റെ വലിപ്പം ആരെയും അമ്പരപ്പിക്കും.(ഇതിലും എത്രയോ ഇരട്ടിയാണ് ഇദ്ദേഹത്തിന്റെ വരുമാനമെന്നാണ് അസൂയക്കാര്‍ പറഞ്ഞു നടക്കുന്നത് !}ഈ അമ്പരപ്പില്‍ നിന്നാണ് 2013 മുതല്‍ കൂണ് പോലെ നഴ്സിംഗ് ഏജന്‍സികള്‍ അയര്‍ലണ്ടില്‍ പൊട്ടിമുളച്ചത്.ഒന്നാം മണിക്കൂറില്‍ വന്നവര്‍ക്കും,മൂന്നാം മണിക്കൂറില്‍ വന്നവര്‍ക്കും അവര്‍ പണിതത് അനുസരിച്ച് അര്‍ഹമായത് കിട്ടുക തന്നെ ചെയ്തു.ഓരോ റൊട്ടേഷന്‍ റിക്രൂട്ട്‌മെന്റിനും കൃത്യമായ പടി ഏജന്റുമാര്‍ക്ക് ലഭിക്കുകയും ചെയ്യും.

ഏജന്‍സികളുടെ മത്സരം കടുത്തതോടെ ‘പാരവെയ്പ്പും കുതികാല്‍ വെട്ടും’ എല്ലാ അതിര്‍ത്തി വരമ്പുകളും സഭ്യതയും ലംഘിച്ചു മുന്നോട്ട് പോയി.നഴ്സിംഗ് ഹോം ഉടമകള്‍ നല്‍കുന്ന കമ്മീഷന്‍ പതിനായിരത്തില്‍ നിന്നും ഏഴായിരവും,അയ്യായിരവും മൂവായിരവുമായി താഴ്ന്നപ്പോഴും അവര്‍ ‘അങ്കം വെട്ടും വേലവെയ്പ്പും നിര്‍ത്തിയില്ല.ചില ഏജന്‍സികള്‍ ആയിരം യൂറോയ്ക്ക് പോലും നഴ്സുമാരെ സപ്പ്‌ളെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നഴ്സിംഗ് ഹോം ഉടമകള്‍ ചിരിച്ചു തുടങ്ങി!..ഇനിയും കുറയട്ടെ എന്നായി അവരുടെ നിലപാട്.

നഴ്സിംഗ് ഹോം അയര്‍ലണ്ടുമായി കരാര്‍ ഉണ്ടാക്കിയ ഏജന്‍സി വിചാരിച്ചത് കരാര്‍ അനുസരിച്ച് നഴ്സിംഗ് ഹോം അയര്‍ലണ്ടിന്റെ കിഴിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ്.എന്നാല്‍ ലീമെറിക്കിലെ വിവാദത്തില്‍ ഉള്‍പ്പെട്ട, ടിയാന്റെ നിഷ്‌കളങ്ക പ്രതീക്ഷകളെ, ബാക്കി എജന്ടുമാര്‍ കുളം തോണ്ടി.കരാറിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് നഴ്സുമാരെ രഹസ്യമായി ലഭിച്ചപ്പോള്‍ ഐറിഷ്‌കാരും വ്യവസ്ഥകള്‍ മറന്നു എന്നും പറയപ്പെടുന്നു. അങ്ങനെ ശങ്കരന്‍ പിന്നേം തെങ്ങേല്‍ എന്ന ചൊല്ല് പോലെ ഏറ്റുമാനൂരും,അങ്കമാലിയിലും നഴ്സുമാരില്‍ നിന്നും പണപ്പിരിവുകള്‍ ആരംഭിച്ചത്..

മത്സരം മൂത്ത് ,നാമമാത്ര കമ്മീഷന് പുറമെ ഉദ്യോഗാര്‍ഥികളുടെ യാത്രാച്ചിലവുകള്‍ (ഏജന്റുമാരുടെ കമ്മീഷന് പുറമെ നേരത്തെ തന്നെ ഇത് നല്‍കിയിരുന്നു !)മാത്രം കൊടുക്കാമെന്ന് നഴ്സിംഗ് ഹോം ഉടമകള്‍ പറയും വരെയെത്തിയപ്പോള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങാതെ ഏജന്റുമാര്‍ക്ക് പണി ഓടാതെ വന്നു.അവരും ‘പണി’ ചെയ്യുന്നവരാണല്ലോ ? എന്നാല്‍ വിക്ടര്‍ ഹൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവലിലെ ജീന്‍ വാല്‍ ജീനിനെ പോലെ, കളിക്കളത്തിലെ ശതകോടീപതിയുള്‍പ്പെടെ ഒന്നോ രണ്ടോ ഏജന്റുമാര്‍ മാത്രമാണ് ഇപ്പോള്‍ ഫ്രീ റിക്രൂട്ട്‌മെന്റ് ഓഫറുമായി രംഗത്തുള്ളത്.

ഏജന്റുമാര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം വാങ്ങുന്നത് നിയമവിരുദ്ധമാണ് എന്ന ആരോപണം ക്ഷമിച്ചു കളയാമെങ്കിലും ചില ഏജന്റുമാരെങ്കിലും കൊടിയ യാതനകളിലേയ്ക്ക് അവരെ വലിച്ചിഴയ്ക്കുന്നതിന് കൂട്ട് നില്‍ക്കുന്നവരാണ്.എട്ടും പത്തും ലക്ഷം രൂപ ഏജന്റിന് കൊടുത്ത് വന്ന ശേഷവും അടിമപണിയ്ക്ക് സമാനമായ സാഹചര്യത്തില്‍ ഈ പരിഷ്‌കൃത രാജ്യത്ത് ജീവിക്കുന്നവരുടെ ദുരിതങ്ങളെക്കുറിച്ച് നാളെ വായിക്കാം

RELATED NEWS

അയര്‍ലണ്ടിലെ നഴ്‌സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകളും,കുതിരലായ കഥകളും : യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരട്ടെ.... http://www.irishmalayali.ie/nursing-recruitment-ireland-2/

അന്നും ഇന്നും ഒരേ പോലെ തന്നെ,തട്ടിപ്പില്‍ മാറ്റമില്ല :റിക്രൂട്ട് മെന്റ് തട്ടിപ്പില്‍ പെട്ട് പത്തു വര്‍ഷം മുമ്പ് മൂന്ന് ലക്ഷം രൂപ നഷ്ടപെട്ട ഗോള്‍വേയിലെ സാമൂഹ്യപ്രവര്‍ത്തകനായ നഴ്‌സിന് പറയാനുള്ളത്…. http://www.irishmalayali.ie/ireland-nursing-recruitment/

Scroll To Top