Saturday September 23, 2017
Latest Updates

അയര്‍ലണ്ട് സ്വദേശി കൊച്ചിയില്‍ എത്തിച്ചത് 125 കിലോ സ്വര്‍ണം,പിടി കൂടിയത് പതിനഞ്ചാം തവണത്തെ യാത്രയില്‍

അയര്‍ലണ്ട് സ്വദേശി കൊച്ചിയില്‍ എത്തിച്ചത് 125 കിലോ സ്വര്‍ണം,പിടി കൂടിയത് പതിനഞ്ചാം തവണത്തെ യാത്രയില്‍

നെടുമ്പാശേരി : വിമാനത്താവളത്തില്‍ 10 കിലോഗ്രാം സ്വര്‍ണ ബിസ്‌കറ്റുമായി പിടിയിലായ അന്താരാഷ്ട്ര റാക്കറ്റിലെ കണ്ണി അയര്‍ലണ്ട് സ്വദേശി എഡ്വിന്‍ ആന്‍ഡ്രൂ മിനിഹാന്റെ ദുരൂഹമായ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ അവഗണിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏപ്രിലില്‍ അയര്‍ലണ്ട് സ്വദേശി രാജ്യ തലസ്ഥാനത്തെത്തുന്നതും കേരളത്തിലെത്തുന്നതുമായ വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് സൂചന. ആന്‍ഡ്രൂ ആദ്യ ഘട്ടത്തില്‍ ദുബായില്‍നിന്നു ഡല്‍ഹിയിലെത്തിയ ശേഷം ആഭ്യന്തര സര്‍വീസുകളിലാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. പിന്നീട് ഡല്‍ഹിയില്‍ പരിശോധന കര്‍ശനമാക്കിയതുകൊണ്ടാണ് ദുബായില്‍ നിന്നും നേരിട്ട് കൊച്ചിയിലെത്തിത്തുടങ്ങിയത്.

ഇയാള്‍ക്കു കൂട്ടായി റൊമാനിയന്‍ സ്വദേശിനി അലീന കാര്‍മന്‍, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം താമസിക്കുന്ന അക്ബര്‍ മുഹമ്മദ് താരീഖ് എന്നിവരും മിക്കപ്പോഴും എത്തി. ഇവര്‍ ഒരുമിച്ച് വരുകയോ, വിവിധ വിമാനത്താവളങ്ങളി ലെത്തിയ ശേഷം കൊച്ചിയിലെ ഹോട്ടലുകളില്‍ ഒത്തുകൂടുകയോ ചെയ്യുകയായിരുന്നു. മൂവരുടെയും കൊച്ചിയിലെത്തിയ ശേഷം പെട്ടെന്നുള്ള മടക്ക യാത്രകളാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിനു കാരണം.
സോഫ്റ്റ് വെയര്‍ വ്യാപാര്ത്തിനെന്ന പേരില്‍ ബിസിനസ് വിസയില്‍ എത്തുന്ന ഐറിഷ് സ്വദേശി പിറ്റേന്നു തന്നെ മടങ്ങുകയാണു പതിവ്.ഇടപ്പള്ളി സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് എഡ്വിന്‍ ആന്‍ഡ്രു കൊച്ചിയിലെത്തി സ്വര്‍ണം കൈമാറിയിരുന്നത്. നെടുമ്പാശ്ശേരിയിലേയോ കൊച്ചിയിലേയോ ഏതെങ്കിലും ഹോട്ടലുകളില്‍ വെച്ചാണ് സ്വര്‍ണ കൈമാറ്റം നടന്നിരുന്നത്. ഇടപ്പള്ളി സ്വദേശിയുടെ ആളുകള്‍ ഹോട്ടലില്‍ എത്തി സ്വര്‍ണം ഏറ്റുവാങ്ങുകയാണ് പതിവ്.

ഇത്തരത്തില്‍ 2015 മാര്‍ച്ച് മുതല്‍ മാത്രം കൊച്ചിയില്‍ 10 പ്രാവശ്യം ഐറിഷ് സ്വദേശി എത്തിയിട്ടുണ്ട്. ഇതില്‍ അഞ്ചുവട്ടം അലീനയുമുണ്ടായിരുന്നു.രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ സഹകരിച്ച് വിദേശിയുടെ രാജ്യദ്രോഹപരമായ പ്രവര്‍ത്തികള്‍ തടയാഞ്ഞതെന്തെന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു.

എഡ്വിന്‍ ആന്‍ഡ്രു മിനിഹാന്‍ നെടുമ്പാശേരി വഴി ഈ വര്‍ഷം കടത്തിയത് നൂറ് കോടിയിലേറെ രൂപയുടെ സ്വര്‍ണമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ഇയാളുടെ റാക്കറ്റില്‍ കൂടുതല്‍ വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതിനെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആകെ 125 കിലോ സ്വര്‍ണം എങ്കിലും 15 തവണയായി ഈ വര്‍ഷം ഇയാള്‍ നെടുമ്പാശേരിയില്‍ കൂടി കടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.ഇതുവരെയും ഇയാളെ പിടികൂടാന്‍ കഴിയാതിരുന്നത് കസ്റ്റംസിലെ ആരെങ്കിലുമായി ഇയാള്‍ക്ക് സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞതു കൊണ്ടായിരുന്നോയെന്നും അന്വേഷിക്കും. ഇവിടെയെത്തുമ്പോള്‍ സ്ഥിരമായി ഒരു ഹോട്ടലില്‍ തങ്ങാറില്ല.വൈറ്റിലയിലെ ഒരു നക്ഷത്ര ഹോട്ടലിലാണ് ഇക്കുറി തങ്ങുന്നതിന് മുറി ബുക്ക് ചെയ്തിരുന്നത്. ഇയാളില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങാനെത്തുമെന്ന് അറിയിച്ചിരുന്നയാളെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.

വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണക്കടത്തിന് വിദേശികളെയും ഉപയോഗപ്പെടുത്തിയിരുന്നതായി തെളിവാണ് 10 കിലോഗ്രാം സ്വര്‍ണ ബിസ്‌കറ്റുകളുമായി എഡ്വിന്‍ ആന്‍ഡ്രു പിടിയിലായതോടെയാണ് പറത്തു വന്നി രിക്കുന്നത്. എമിറേറ്റ്‌സിലെ ഗോള്‍ഡ് ക്ലാസ് യാത്രക്കാരനായിരുന്നു ഇയാള്‍.

വിമാനത്താവള പരിസരത്തെയും കൊച്ചിയിലെയും ഹോട്ടലില്‍ തങ്ങിയാണിയാള്‍ സ്വര്‍ണ്ണം കൈമാറ്റം നടത്തിയിട്ടുള്ളത്. മലയാളികളെക്കാള്‍ കുറഞ്ഞ തുക പ്രതിഫലമായി നല്‍കിയാല്‍ മതിയെന്നതും, കൂടുതല്‍ പരിശോധനകള്‍ വിദേശികളായാല്‍ ഉണ്ടാവില്ലെന്നതും വിദേശികളെ സ്വര്‍ണ്ണകടത്തിനുപയോഗിക്കാന്‍ അന്താരാഷ്ട്ര സംഘത്തിന് പ്രേരണയായിട്ടുണ്ട്. ഒരു കിലോക്ക് 1000 ദര്‍ഹമാണ് സ്വര്‍ണ്ണക്കടത്തിന് ഐറിഷ് സ്വദേശിക്ക് ലഭിച്ചത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നിരവധി പ്രാവശ്യം ഇയാള്‍ എത്തിയിട്ടുണ്ട്

കഴിഞ്ഞ ശനിയാഴ്ചയാണ് ആന്‍ട്രൂ പിടിയിലായത്. ഗ്രീന്‍ ചാനല്‍ വഴി പുറത്തു കടക്കാന്‍ ശ്രമിച്ച ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണു സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. ജാക്കറ്റിന്റെ മുന്‍ഭാഗത്ത് ഇരുവശത്തുമായി മൂന്നു വീതം അറകളാണുണ്ടായിരുന്നത്. പാന്റിന് നാല് അറകളും. ഓരോ അറയിലും ഓരോ കിലോഗ്രാം സ്വര്‍ണക്കട്ടിയാണു സൂക്ഷിച്ചിരുന്നത്. സ്വര്‍ണം കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് അറകളില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. ജാക്കറ്റിനു മീതെ കോട്ടും ഇയാള്‍ ധരിച്ചിരുന്നു.കൊച്ചി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കള്ളക്കടത്തു സംഘത്തില്‍ അടുത്തിടെ പിടിയിലാകുന്ന ആദ്യ വിദേശ കണ്ണിയാണ് ആന്‍ഡ്രൂ.

വിമാനമിറങ്ങിയ ശേഷം പ്രീപെയ്ഡ് ടാക്‌സിയില്‍ ദേശീയപാതയില്‍ വൈറ്റിലയിലുള്ള ഹോട്ടലിലേക്കു പോകാനാണു സ്വര്‍ണം കൊടുത്തുവിട്ട ദുബായിലെ സംഘം ഇയാളോടു നിര്‍ദേശിച്ചത്.ഹോട്ടലിലെത്തി മറ്റൊരാള്‍ സ്വര്‍ണം കൈപ്പറ്റുമെന്നായിരുന്നു സന്ദേശം.

ഹോട്ടലില്‍ ഏതാനും ദിവസം ഇയാള്‍ക്കു തങ്ങുന്നതിനും ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ആന്‍ഡ്രൂവിനെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ സഹായങ്ങള്‍ ഒരുക്കിയവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് കസ്റ്റംസ് കമ്മിഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ അറിയിച്ചു.
ഇന്നലെ അയര്‍ലണ്ടിലെ പത്രങ്ങളും ഇത് സംബന്ധിച്ച വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഡല്‍ഹിയിലെ ഐറിഷ് എംബസിയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.

Scroll To Top