Tuesday July 25, 2017
Latest Updates

കാറ്റും മഴയും അയര്‍ലണ്ടിനെ ദുരിതവൃത്തത്തിലാഴ്ത്തി,സമ്മറിന്റെ ആദ്യ ആഴ്ച്ചകളിലും തണുപ്പ് തുടരുമെന്ന് കാലാവസ്ഥാപ്രവചനം

കാറ്റും മഴയും അയര്‍ലണ്ടിനെ ദുരിതവൃത്തത്തിലാഴ്ത്തി,സമ്മറിന്റെ ആദ്യ ആഴ്ച്ചകളിലും തണുപ്പ് തുടരുമെന്ന് കാലാവസ്ഥാപ്രവചനം

ഡബ്ലിന്‍:സമ്മറിന്റെ ആദ്യ ദിവസം തന്നെ കനത്ത മഴയും കാറ്റും രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍.അടുത്ത കാലത്തെങ്ങും ഉണ്ടാകാത്തത്ര തീവ്രമായ മഴയും കാറ്റുമാണ് അയര്‍ലണ്ടില്‍ ഉടനീളം ഇന്നലെ വീശിയടിച്ചത്.

കഴിഞ്ഞ 30 വര്‍ഷക്കാലത്തിനിടയില്‍ ഉണ്ടായ ഏറ്റവും തണുപ്പ് കൂടിയ മെയ് മാസമാണ് കടന്നു പോയതെന്നാണ് മെറ്റ് എറാന്‍ സൂചിപ്പിക്കുന്നത്.അതിന്റെ തുടര്‍ച്ചയായി ജൂണിലെ ആദ്യ ദിവസവും.നോര്‍ത്ത് അത് ലാന്ഡിക്കില്‍ നിന്നും ഉത്ഭവിച്ച ശീതകാറ്റാണ് അയര്‍ലണ്ടിനെ കഠിനതണുപ്പില്‍ പൊതിഞ്ഞത്.നോര്‍ത്ത് ഈസ്റ്റ് ദിശയിലേയ്ക്ക് അടുത്ത ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ശീതകാറ്റ് ദിശ മാറുന്നിടത്തോളം സമയം തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ താപനില 9.6 ഡിഗ്രീ സെല്ഷ്യസ് ആയിരുന്നു,കനത്ത കാറ്റു മൂലം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലിറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ ഷാനോണിലേക്കും, ബെല്‍ഫാസ്റ്റിലേക്കും വഴി തിരിച്ചു വിട്ടു. മറ്റു നിരവധി വിമാനങ്ങള്‍ വൈകുക കൂടി ചെയ്തതോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തില്‍ യാത്രക്കാര്‍ ദുരിതത്തിലായി.ബാങ്ക് ഹോളി ഡേ വീക്കെന്‍ഡില്‍ മൂന്നു ലക്ഷത്തില്‍ അധികം യാത്രക്കാരാണ് ഡബ്ലിന്‍ എയര്‍ പോര്‍ട്ട് വഴി കടന്നു പോകാന്‍ എത്തിയിരുന്നത്.

ഡബ്‌ളിനില്‍ ലാന്‍ഡ് ചെയ്യാന്‍ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ലുഫ്താന്‍സ വിമാനം വഴിതിരിച്ചു വിട്ടത്. തുടര്‍ന്ന് മറ്റു രണ്ടു വിമാനങ്ങള്‍ കൂടി വഴിതിരിച്ചു വിടുകയായിരുന്നുവെന്ന് ഡബ്‌ളിന്‍ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.

ബാങ്ക് ഹോളി ഡേ ആസ്വദിക്കാന്‍ ഉള്‍കൌണ്ടികളിലേയ്ക്ക് യാത്രപോയ മലയാളികള്‍ അടക്കമുള്ള നിരവധി യാത്രികര്‍ കാലാവസ്ഥ വ്യതിയാനം മൂലം യാത്ര ഇടയ്ക്ക് വെച്ചു നിര്‍ത്തി വീടുകളിലേയ്ക്ക് തിരിച്ചു പോന്നു.കനത്ത കാറ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരത്തി അഞ്ഞൂറോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി 

മെയ് മാസത്തെ മോശം കാലാവസ്ഥക്ക് ശേഷം ജൂണ്‍ ആദ്യത്തില്‍ താപനില ഉയര്‍ന്ന് പ്രസന്നമായ ആകാശം ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. എന്നാല്‍ ഇതിനു വിരുദ്ധമായി ജൂണ്‍ ആദ്യ ദിനം മഴയിലും കാറ്റിലും മുങ്ങുകയാണുണ്ടായത്. കനത്ത
കാറ്റിനെ തുടര്‍ന്ന് ലീന്‍സ്റ്ററില്‍ ഓറഞ്ച് അലേര്‍ട്ടും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കു ഭാഗങ്ങളില്‍ കാറ്റ് കിലോമീറ്ററില്‍ 115 മൈല്‍ വേഗതയിലാണ് വീശിയടിക്കുന്നത്. നാളെയും മഴയും കാറ്റും തുടരുമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പുണ്ട്.


Scroll To Top