Friday March 23, 2018
Latest Updates

ഭവനവിലയില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ 43,000 യൂറോയോളം ശരാശരി വര്‍ദ്ധനവ്,എവിടെ വീട് വാങ്ങണമെന്ന ആശങ്കയില്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍

ഭവനവിലയില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ 43,000 യൂറോയോളം ശരാശരി വര്‍ദ്ധനവ്,എവിടെ വീട് വാങ്ങണമെന്ന ആശങ്കയില്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍

ഡബ്ലിന്‍:പുതുതായി നിര്‍മ്മിക്കപ്പെട്ട വീടുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 43,000 യൂറോയുടെ വര്‍ദ്ധനയെന്ന് കണക്കുകള്‍.ഏകദേശം 20% വര്‍ദ്ധനയാണ് ഇത് എന്ന് പ്രോപ്പര്‍ട്ടി പ്രൈസ് രജിസ്റ്റര്‍ പറയുന്നു.2017 ജനുവരി 1 മുതല്‍ വീടു വാങ്ങുന്നവര്‍ വീടിന്റെ 10% മാത്രം ഡെപ്പോസിറ്റ് നല്കിയാല്‍ മതി എന്ന സെന്‍ട്രല്‍ ബാങ്ക് നയം ആശ്വാസമാകുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം വീടുകള്‍ വാങ്ങിച്ചവര്‍ക്ക് ആകെ തുകയില്‍ റ്റാക്‌സ് റീഫണ്ട് ക്രഡിറ്റ് കഴിഞ്ഞുള്ള തുക കണക്കിലെടുക്കുമ്പോള്‍ കടന്നുപോകുന്ന വര്‍ഷത്തെക്കാള്‍ ലാഭം ലഭിക്കുമെന്നാണ് ഭവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ കണ്ടെത്തല്‍.

നിലവില്‍ ബില്‍ഡര്‍മാര്‍ എല്ലാ സൗകര്യമങ്ങളുമടങ്ങുന്ന വലിയ വീടുകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത് എന്നത് ആദ്യമായി വീടു വാങ്ങുന്നവരെ വലയ്ക്കുന്നതായാണ് വിദഗ്ദ്ധര്‍ പറയുന്നത്. തങ്ങള്‍ക്ക് മുടക്കാവുന്നതിലും വലുതാണ് വീടുകളുടെ വില എന്നറിയുന്നതോടെ ഇവര്‍ പുതിയ വീടുകള്‍ക്കുള്ള മോഹം ഉപേക്ഷിക്കുന്നു.ആര്‍ക്കും വാങ്ങാന്‍ കഴിയാത്ത വീടുകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ് എന്നാണ് ചോദ്യമുയരുന്നത്.

വീടുകള്‍ നിര്‍മ്മിക്കുന്നതിലെ വേഗമില്ലായ്മയും ഭവനപ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിലവില്‍ രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ വര്‍ഷം 25,000 വീടുകളെങ്കിലും നിര്‍മ്മിക്കണം. എന്നാല്‍ ഈ വര്‍ഷം തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ വെറും 10,500 വീടുകളുടെ പണി പൂര്‍ത്തിയാക്കാനേ കഴിഞ്ഞിട്ടുള്ളു.

അതേസമയം ഡബ്ലിന്‍ വിട്ടു മറ്റു മേഖലകളിലേക്ക് സ്ഥലം മാറുന്നവരുടെ എണ്ണത്തിലും ഏറെ വര്‍ദ്ധനവ് അനുഭവപ്പെടുന്നുണ്ട്.ദ്രോഗഡ,കില്‍കോക്ക്,ബ്രേ,നേസ് അടക്കമുള്ള സ്ഥലങ്ങളില്‍ മലയാളികള്‍ അടക്കം നൂറുകണക്കിന് കുടിയേറ്റക്കാര്‍ വീട് വാങ്ങുവാന്‍ തയാറെടുക്കുന്നുണ്ട്.നഗരത്തില്‍ നിന്നോ ജോലിസ്ഥലത്തുനിന്നോ പരമാവധി ഒരു മണിക്കൂര്‍ വരെ ദൂരത്തില്‍ വീടുകള്‍ വാങ്ങാനാണ് ഏറെപ്പേരും മാനസികമായി തയാറെടുക്കുന്നത്.ഡബ്ലിന്‍ നഗരത്തിന്റെ മള്‍ട്ടിക്കള്‍കച്ചറല്‍ സ്വഭാവം തങ്ങളുടെ അടുത്ത തലമുറയുടെ തനത് ജീവിത പോലും പോലും മാറ്റി മാറിക്കിച്ചേക്കാവുന്ന ആശങ്കയുള്ളവരും ഇക്കൂട്ടത്തില്‍ പെടുന്നു.

കോര്‍ക്ക്,ഗോള്‍വേ,ലീമറിക്ക് അടക്കമുള്ള മേഖലകളിലും നഗരമേഖലകളോട് തൊട്ടടുത്തു കിടക്കുന്ന സ്ഥലങ്ങള്‍ക്ക് ഇപ്പോള്‍ ഡിമാന്‍ഡ് കൂടുതലുണ്ട്.

എന്നാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായേക്കാമെന്ന് പറയപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തെ തക്കം നോക്കിയിരിക്കുന്നവരും കുറവല്ല.ഒന്നോ രണ്ടോ വര്‍ഷം കൂടിയ വാടക കൊടുത്താലും,ജോലിസ്ഥലങ്ങള്‍ക്കും,നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൊട്ടടുത്ത് വീടുകള്‍ വാങ്ങാനാണ് ഇക്കൂട്ടരുടെ ശ്രമം.

സ്വന്തമായി ഒരു വീട് എന്ന രാജ്യത്തെ ആയിരക്കണക്കിനാളുകളുടെ കാത്തിരിപ്പ് തുടരുന്നുണ്ടെങ്കിലും വീട് വാങ്ങുന്നവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കാനുള്ള സംവിധാനങ്ങളുടെ അഭാവവും,റിയല്‍ എസ്റ്റേറ്റ് മാഫിയ പടച്ചു വിടുന്ന തെറ്റായ മാര്‍ക്കറ്റിങ് വാര്‍ത്തകളും ജനങ്ങളുടെ ആശങ്കയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top