Wednesday May 23, 2018
Latest Updates

കടം വാങ്ങി കൂട്ടുന്ന അയര്‍ലണ്ട് …ഓരോരുത്തരും 43,500 യൂറോയുടെ കടക്കാര്‍! ആശങ്കയോടെ ധനകാര്യ വിദഗ്ധര്‍

കടം വാങ്ങി കൂട്ടുന്ന അയര്‍ലണ്ട് …ഓരോരുത്തരും 43,500 യൂറോയുടെ കടക്കാര്‍! ആശങ്കയോടെ ധനകാര്യ വിദഗ്ധര്‍

ഡബ്ലിന്‍:പുറമെ കാണുന്ന മുഖകാന്തി അയര്‍ലണ്ടിന് സ്വന്തമായുള്ളതാണോ? റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി സ്വയം സൃഷ്ട്ടിച്ച 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും വലിയൊരളവില്‍ അയര്‍ലണ്ട് കരകയറിയിരിക്കുന്നു. ബ്രെക്സിറ്റിന്റെ അനന്തരഫലങ്ങള്‍ എന്താകുമെന്ന് ആശങ്ക ഒഴിച്ചു നിര്‍ത്തിയാല്‍ ഐറിഷ് സമ്പദ് വ്യവസ്ഥ ശക്തമാണ്. തൊഴിലില്ലായ്മ കഴിഞ്ഞ മാസത്തോടെ 7.7% ആയി താഴ്ന്നതും, രാജ്യത്ത് പുതിയ ജോലികള്‍ ആവിര്‍ഭവിക്കുന്നതും ശുഭസൂചനയാണ്. പണപ്പെരുപ്പം നിയന്ത്രിതമായ അവസ്ഥയിലും, പലിശ താങ്ങാവുന്ന നിലയിലും, ടാക്സ് റവന്യൂ നന്നായി ലഭിക്കുന്ന നിലയിലുമാണ്.

എന്നാല്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നമ്മള്‍ ഇന്നും കടം വാങ്ങുകയാണ് എന്നതാണ് സത്യം. നിലവില്‍ അയര്‍ലണ്ടിനുള്ള കടം 200 ബില്ല്യണ്‍ യൂറോ ആണ്!

4.6 മില്ല്യണ്‍ ജനങ്ങളാണ് അയര്‍ലണ്ടില്‍ അധിവസിക്കുന്നത്. കടത്തിന്റെ കണക്കെടുത്തു പരിശോധിച്ചാല്‍ ഇതില്‍ ഓരോരുത്തരും 43,500 യൂറോയ്ക്ക് കടക്കാരാണ് എന്നര്‍ത്ഥം. ചില അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കുകള്‍ അനുസരിച്ച് ഇത് 53863 യൂറോയാണ്.പ്രതിശീര്‍ഷ കടത്തിന്റെ കണക്കെടുത്താല്‍ ലോകരാജ്യങ്ങളില്‍ ജപ്പാന്‍ മാത്രമേ ഇക്കാര്യത്തില്‍ അയര്‍ലണ്ടിനെ തോല്‍പ്പിച്ചിട്ടുള്ളു!വര്‍ഷാവര്‍ഷം 6.3 ബില്ല്യണ്‍ യൂറോയാണ് പലിശയായി രാജ്യം നല്‍കിക്കൊണ്ടിരിക്കുന്നത്.juy

അതേസമയം പൊതുമേഖലയിലെ വിവിധ വകുപ്പിലുള്ള ഉദ്യോഗസ്ഥര്‍ ശമ്പള വര്‍ദ്ധനവടക്കമുള്ള പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്നതാണ് മറുവശത്ത് ആശങ്കയുണര്‍ത്തുന്നത്. ഗാര്‍ഡ, അദ്ധ്യാപകര്‍, ലുവാസ് -ബസ് ഡ്രൈവര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിങ്ങനെയുള്ളവരുമായി ശമ്പളക്കാര്യത്തില്‍ നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കി ഈ തര്‍ക്കങ്ങളെല്ലാം പരിഹരിക്കാനുള്ളത്ര പണം സര്‍ക്കാരിന്റെ കയ്യിലില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം വിചാരിച്ചതിലും 850 മില്ല്യണ്‍ യൂറോയുടെ അധികച്ചെലവാണ് സര്‍ക്കാരിനുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ്, ക്രിസ്മസ് ബോണസ്, വെള്ളപ്പൊക്ക ദുരിതാശ്വാസം, സ്‌കൂളുകള്‍ എന്നിവയ്ക്കായി 500 മില്ല്യണ്‍ യൂറോ അധികം നല്‍കിയിട്ടുണ്ട്. ഈ അധികച്ചെലവിനെ പിടിക്കുന്നതിനായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൃത്യമായ ടാക്സ് ഈടാക്കല്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ബ്രെക്സിറ്റിനു ശേഷം പൗണ്ടിന് മൂല്യമിടിഞ്ഞത് അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ഗുണമായിട്ടുണ്ടെങ്കിലും, മറ്റൊരര്‍ത്ഥത്തില്‍ അത് ഐറിഷ് എക്കണോമിക്ക് ദോഷകരമാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് ജനങ്ങള്‍ ഷോപ്പ് ചെയ്യാന്‍ തുടങ്ങിയതോടെ അതിര്‍ത്തി കൗണ്ടികളിലെ കടകളിലെ വരുമാനത്തില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. യുകെയിലെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്ന പ്രവണതയും ഇതിന് ആക്കം കൂട്ടും.

ചെലവ് കൂടുന്നത് മറികടക്കാനായി ടാക്സ് വര്‍ദ്ധിപ്പിക്കുക എന്നാണ് മാര്‍ഗം. ടാക്സ് വര്‍ദ്ധിപ്പിക്കുന്നതോടെ അവശ്യ സാധങ്ങള്‍ക്കടക്കം വിലയേറുകയും ചെയ്യും. അപ്പോഴും അയര്‍ലണ്ട് കടം വാങ്ങിത്തന്നെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടിവരുമോ എന്നതാണ് ചോദ്യം!

ആശങ്കാജനകമാണ് ഈ അവസ്ഥയെന്ന് ധനകാര്യ വിദഗ്ദര്‍ പറയുമ്പോള്‍ അയര്‍ലണ്ടിലെ സാധാരണക്കാര്‍ കരുതിയിരിക്കേണ്ട ഒരു കാര്യമുണ്ട്.പാളിച്ചകള്‍ ഒളിച്ചു വെയ്ക്കാനും ലാഭം കൊയ്‌തെടുക്കാനും വന്‍കിടക്കാര്‍ പടച്ചു വിടുന്ന പ്രചാരണങ്ങളെ പലതവണ മനനം ചെയ്തു വേണം സ്വന്തം കാര്യത്തിലെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ എന്നത് തന്നെ.

Scroll To Top