Saturday March 24, 2018
Latest Updates

ബാലിന്റെ മരണം: അന്വേഷണം ഇഴയുന്നു,ഒരു ഇന്ത്യാക്കാരന്റെ മരണത്തിന് പുല്ലുവിലയോ ?

ബാലിന്റെ മരണം: അന്വേഷണം ഇഴയുന്നു,ഒരു ഇന്ത്യാക്കാരന്റെ മരണത്തിന് പുല്ലുവിലയോ ?

ഡബ്ലിന്‍:ഡബ്ലിനില്‍ കഴിഞ്ഞ മാസം നിര്യാതനായ മലയാളിയുടെ മരണം സംബന്ധിച്ച അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി ഉയരുന്നു.വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തിന്റെ മരണകാരണവും,മരണാനന്തര ശുശ്രൂഷകളുടെ ക്രമീകരണവും സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി അറിയിക്കണം എന്നാവശ്യപ്പെട്ട് ഐറിഷ് ജസ്റ്റീസ് മന്ത്രിയ്ക്കും ഗാര്‍ഡ കമ്മീഷണര്‍ക്കും നിവേദനം അയച്ചിട്ടുണ്ട്.

വിവിധ സംഘടനാ പ്രതിനിധികളായ ജോര്‍ജ് വര്‍ഗീസ്(വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍)സൈലോ സാം(ഡബ്ല്യൂ എം സി)ഹാരി തോമസ്(കോര്‍ക്ക് ഡബ്ല്യൂ എം സി)ജോര്‍ജ് പുറപ്പന്താനം(സ്വോര്ട്‌സ് ക്രിക്കറ്റ് ക്ലബ്)മനോജ് തോമസ്(ഓട്ട്‌ലാണ്ട്‌സ് ഇന്ത്യന്‍ അസോസിയേഷന്‍,ബ്ലാക്ക് റോക്ക്)ബേബി പെരേപ്പാടന്‍(മലയാളം)ജോജി അബ്രാഹം(ക്രംലിന്‍ മലയാളി അസോസിയേഷന്‍)രാജു കുന്നക്കാട്ട്(കേരളാ പ്രവാസി കോണ്‍ഗ്രസ്(എം)അയര്‍ലണ്ട്)എം എം ലിങ്ക്വിന്‍സ്റ്റാര്‍(ഓ ഐ സി സി)വി ഡി രാജന്‍ വയലുങ്കല്‍(മലയാളം സാംസ്‌കാരിക സംഘടന)റോയി കുഞ്ചിലക്കാട്ട്(കേരളാ ഹൗസ്)ജോമിറ്റ് സെബാസ്റ്റ്യന്‍(ജി ഐ സി സി,ഗോള്‍വേ)ജെയ്‌മോന്‍ പാലാട്ടി (മൈന്‍ഡ്, അയര്‍ലണ്ട്)ഡൊമിനിക്ക് സാവിയോ(ലൂക്കന്‍ ക്ലബ് )ബിജു ഇടക്കുന്നത്ത്(ഡബ്ല്യൂ എം സി)ബെബില്‍ ബേബി(സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍)സാജന്‍ ചെറിയാന്‍(കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍)ബേസില്‍ അബ്രാഹം(ബ്ലാഞ്ചസ് ടൌണ്‍ ഇന്ത്യാ ഫാമിലി ക്ലബ്ബ് )രൂപേഷ് പണിക്കര്‍(സദ്ഗമയ സദ്‌സംഗ്),ജോബി ജോസ്(ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ബൂമോണ്ട്)എമി സെബാസ്റ്റ്യന്‍(ഡ്രോഗഡ മലയാളി അസോസിയേഷന്‍)പ്രദീപ് രാംനാഥ്(മണ്‍സ്റ്റര്‍ ഇന്ത്യന്‍ അസോസിയേഷന്‍,ലിംറിക്ക്)എന്നിവരും മറ്റു സംഘടനാ പ്രതിനിധികളും ചേര്‍ന്നാണ് നിവേദനം അയച്ചിരിക്കുന്നത്.

ഇന്ത്യന്‍ എംബസിയും പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്.ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്തി മൃതദേഹം ഔദ്യോഗികമായി തിരിച്ചറിയാനും നാട്ടിലോ ഡബ്ലിനില്‍ തന്നെയോ സംസ്‌കരിക്കാനുമുള്ള ക്രമീകരണങ്ങള്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

അയര്‍ലണ്ടിന്റെ തലസ്ഥാനനഗരമായ ഡബ്ലിന്‍ സിറ്റി സെന്ററില്‍ എല്ലാ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളുടെയും തൊട്ടു മുമ്പിലുള്ള റോഡിലാണ് ബാല്‍ എന്ന് വിളിക്കപ്പെടുന്ന ബാലേന്ദ്രന്‍ വേലായുധനെന്ന 57 വയസുകാരനെ കാറിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയതെന്നാണ് ഗാര്‍ഡ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.മാര്‍ച്ച് 12 ന് ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു എന്നാണ് ഗാര്‍ഡ പറയുന്നത്.

മാര്‍ച്ച് 12 ന് തന്നെ പരേതന്റെ ഡ്രൈവിംഗ് ലൈസന്‌സും ഫോണും അടക്കമുള്ളവ ഗാര്‍ഡയ്ക്ക് ലഭിച്ചിരുന്നു.അതുപയോഗിച്ചു ബന്ധുക്കളെയോ പരിചയക്കാരെയോ കണ്ടു പിടിയ്ക്കമെന്നിരിക്കെ യാതൊരു അന്വേഷണവും നടത്താതെ പരേതന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് ഗാര്‍ഡ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മാറി നിന്നത് ആരെയും അമ്പരപ്പിക്കും വിധമായിരുന്നു.

രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഗാര്‍ഡ പ്രാഥമിക അന്വേഷണവുമായി ഇന്ത്യന്‍ എംബസിയില്‍ എത്തിയത്.ഇതിനകം മരണം സ്വാഭാവിക ഹൃദയസ്തംഭനം മൂലമാണ് എന്ന റിപ്പോര്‍ട്ട് ഗാര്‍ഡയ്ക്ക് ലഭിച്ചിരുന്നു.അപ്പോഴും ഇദ്ദേഹം ഇന്ത്യാക്കാരനാണോ അല്ലയോ എന്നൊന്നും ഗാര്‍ഡ വെളിപ്പെടുത്തിയില്ല. ജന്മരാജ്യം ഇന്ത്യയാണ് എന്ന ബാലെന്ദ്രന്റെ ഡ്രൈവിംഗ് ലൈസന്‌സിലുള്ള പരാമര്‍ശം മാത്രമാണ് ഇന്ത്യന്‍ എംബസിയുമായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് എങ്കിലും ബന്ധപ്പെടാന്‍ ഗാര്‍ഡയെ നിര്‍ബന്ധിതരാക്കിയത്.ശവശരീരം മറവ് ചെയ്യുന്നതിനുള്ള അനുമതി കോടതി അടക്കമുള്ള അധികാര കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു ഗാര്‍ഡയുടെ സന്ദര്‍ശനം എന്നും കരുതപ്പെടുന്നു.

എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കാവട്ടെ ഇദ്ദേഹം ഇന്ത്യാക്കാരനാണ് എന്ന് ഉറപ്പ് വരുത്താതെ യാതൊരു നടപടി ക്രമങ്ങളിലേയ്ക്കും കടക്കാന്‍ ആവില്ലായിരുന്നു.മാത്രമല്ല ഇന്ത്യന്‍ എംബസിയില്‍ സൂക്ഷിച്ചിരുന്ന ഓ സി ഐ രേഖകള്‍ പ്രകാരം ഇദ്ദേഹം ഡബ്ലിനില്‍ നിന്നും ഓ സി ഐ കാര്‍ഡ് കരസ്ഥമാക്കിയിട്ടില്ലെന്നു മാത്രമാണ് എംബസി അധികൃതര്‍ക്ക് തിരച്ചിലിനൊടുവില്‍ മനസിലാക്കാന്‍ കഴിഞ്ഞത്.അതേ സമയം മരണപ്പെട്ടയാള്‍ ,പേരുകൊണ്ട് ശ്രീലങ്കക്കാരനോ മൌറെഷ്യസ്‌കാരനോ ആവാമെന്ന ധാരണയും ഗാര്‍ഡയ്ക്കും എംബസി ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരുന്നു.

എങ്കിലും പരേതന്റെ പി പി എസ് നബറും ഇമിഗ്രേഷന്‍ രേഖകളും പരിശോധിച്ച് മരണപ്പെട്ടയാളുടെ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കണം എന്ന് ആവശ്യപ്പെട്ട് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി, അദ്ധേഹത്തിന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ ഗാര്‍ഡയ്ക്ക് കൊടുത്തിരുന്നു.എന്നാല്‍ സംഭവങ്ങള്‍ പുറത്തു വിടരുത് എന്ന് ഗാര്‍ഡ എംബസി അധികൃതരോട് നിഷ്‌കര്‍ഷിച്ചിരുന്നു.ഏതാനം ദിവസങ്ങള്‍ക്ക് ശേഷവും ഗാര്‍ഡയില്‍ നിന്നും യാതൊരു പ്രതീകരണവും ലഭിക്കാതെ വന്നപ്പോള്‍ എംബസി തന്നെയാണ് സാമൂഹ്യപ്രവര്‍ത്തകനായ സുധീര്‍ ശ്രീനിവാസന്‍ മുഖേനെ ഇന്ത്യന്‍ സമൂഹത്തിലേയ്ക്ക് സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ പത്രങ്ങളും മുഖേനെ ബാലേന്ദ്രന്റെ മരണത്തെക്കുറിച്ചുള്ള വിവരം കൈമാറിയത്.ഈ അന്വേഷണത്തിന് ഒടുവിലാണ് ‘ഐറിഷ് മലയാളി’യിലൂടെ വാര്‍ത്ത വായിച്ച നിഷാദ് കാസിം എന്ന നേസിലെ മലയാളി യുവാവ്, മരിച്ച ബാലേന്ദ്രന്‍ തിരുവനന്തപുരം സ്വദേശിയാണ് എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

എന്നാല്‍ ബാലേന്ദ്രന്‍ ഡബ്ലിനില്‍ താമസിച്ചിരുന്ന വീട്ടുടമയായ സ്ത്രീയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നിട്ടും,മൃതദേഹം തിരിച്ചറിയാനെത്താത്തതും സംസ്‌കാരത്തിനായി ഏറ്റെടുക്കാത്തതും ദുരുഹതകള്‍ ഉണര്‍ത്തുന്നുണ്ട്.ബാലേന്ദ്രന്റെ വീട് പരിശോധിക്കാനോ രേഖകള്‍ കണ്ടെത്താനോ ഇവര്‍ അനുവദിക്കുന്നില്ല എന്ന കാരണമാണ് ഗാര്‍ഡ ഒരു മാസത്തോളമായി ഉയര്‍ത്തുന്നത്.

ഇന്നലെയും കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.കേരളത്തിലെ മാധ്യമങ്ങളും പൊതുജനനേതാക്കളുമായി നിരവധി മലയാളി സംഘടനാ പ്രതിനിധികള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബാലേന്ദ്രന്റെ തിരുവനന്തപുരത്തെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അജ്ഞാതമായ രഹസ്യങ്ങള്‍ ബാലേന്ദ്രന്റെ മരണത്തിന് പിന്നിലുണ്ടെന്ന സംശയം വ്യാപകമായി ഉയരുന്നുണ്ട്.ബന്ധുക്കളെ കണ്ടു പിടിയ്ക്കതെയോ കൃത്യമായ വിശദീകരണം നല്കാതെയോ അധികൃതരും നീങ്ങിയെന്നത് ഇത്തരം സംശയങ്ങളെ ബലപ്പെടുത്തുന്നു.അയര്‍ലണ്ടില്‍ ജീവിക്കുന്ന ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല.സീത തോമസ് എന്ന അമേരിക്കന്‍ മലയാളി വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ ഡബ്ലിനില്‍ വെച്ച് രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടപ്പോഴും ഇന്ത്യന്‍ എംബസിയോടോ പൊതു ജനങ്ങളോടോ കാരണം വെളിപ്പെടുത്തതെയാണ് ഗാര്‍ഡ നടപടികള്‍ സ്വീകരിച്ചത്.ഗ്ലാസ്‌നേവിലെ സിമിത്തേരിയില്‍ മൃതദേഹം ദഹിപ്പിച്ച ശേഷം പോലും ഇതേ കുറിച്ചുള്ള വിശദവിവരങ്ങള്‍ ആര്‍ക്കും ലഭ്യമായില്ല.പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും പക്ഷേ അന്ന് ഡബ്ലിനില്‍ എത്തിയിരുന്നു.അമേരിക്കന്‍ പൗരത്വമുള്ളവരായിരുന്നു മാതാപിതാക്കള്‍ എന്ന ആനുകൂല്യമാണ് അന്ന് അവര്‍ക്ക് ലഭിച്ചത്.

പക്ഷേ ബാലേന്ദ്രന്റെ നിലവിലുണ്ടായിരുന്ന പൗരത്വം ഇന്ത്യയുടെതാണോ അയര്‍ലണ്ടിന്റെതാണോ എന്ന് കണ്ടു പിടിയ്ക്കാന്‍ കഴിഞ്ഞ ദിവസം വരെയും അയര്‍ലണ്ടിലെ ഗാര്‍ഡയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന വാദം വാസ്തവരഹിതവും മറ്റേതെങ്കിലും സംഭവങ്ങള്‍ മൂടിവെയ്ക്കാനും വേണ്ടിയുള്ളതാണ് എന്നാണ് അയര്‍ലണ്ടിലെ മലയാളികള്‍ അഭിപ്രായപ്പെടുന്നത്.അത് കൊണ്ട് തന്നെ സംഭവത്തില്‍ അടിയന്തര അന്വേഷണവും വേണമെന്നാണ് അവരുടെ ആവശ്യം.

RELATED NEWS

‘ബാലി’ന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ഡബ്ലിനിലെ പരിചയക്കാര്‍,തിരുവനന്തപുരത്തെ ബന്ധുക്കളെ തേടുന്നു:http://irishmalayali.com/balachandran-malayali-died-in-dublin-news/

Scroll To Top