Thursday December 08, 2016
Latest Updates

മാമരം കോച്ചും തണുപ്പത്തും നിറഞ്ഞു കത്തുന്ന സൂര്യന്‍ ! ഇത് അയര്‍ലണ്ടിന്റെ വിശേഷകാലം 

മാമരം കോച്ചും തണുപ്പത്തും നിറഞ്ഞു കത്തുന്ന സൂര്യന്‍ ! ഇത് അയര്‍ലണ്ടിന്റെ വിശേഷകാലം 

ഡബ്ലിന്‍: മാമരം കോച്ചും തണുപ്പാണ് അയര്‍ലണ്ടിലെങ്ങും അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ തണുപ്പ് നീണ്ടു നില്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.ഒപ്പം പകല്‍ മുഴുവന്‍ സൂര്യരശ്മികള്‍ വെള്ള പൊന്‍പട്ടു വിരിച്ച് പച്ചപ്പിനെ സുന്ദരമാക്കുന്നു.ചിണുങ്ങി പെയ്യുന്ന നേര്‍ത്ത മഴത്തുള്ളികളും മനസിനെ ആഹ്ലാദ നിറവിലാക്കുന്ന തൂ വെള്ള മഞ്ഞിന്റെ വര്‍ഷവും ഈ കൊല്ലം അയര്‍ലണ്ടിനെ കൂടുതല്‍ സുന്ദരിയാക്കുന്നുവെന്ന് ആരും പറയും.

ഡോണഗല്‍,മേയോ,കാവന്‍,സ്ലൈഗോ ,റോസ്‌കോമണ്‍ തുടങ്ങി അപൂര്‍വ്വം കൗണ്ടികളില്‍ മഞ്ഞു വീഴ്ച്ച ജനജീവിതത്തെ വല്ലപ്പോഴും തടസപ്പെടുത്തിയെന്നതൊഴിച്ചാല്‍ അയര്‍ലണ്ടില്‍ ഇത് പോലെ മനോഹരമായ കാലാവസ്ഥ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലെന്നാണ് പൊതു അഭിപ്രായം.

ആറടി ഉയരത്തില്‍ മഞ്ഞു വീഴുമെന്ന പ്രവചനക്കാരുടെ പൊടിപോലും എങ്ങും കാണാനില്ല.എങ്ങും സന്തോഷഭരിതം !

അയര്‍ലണ്ടിലെ ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തണുപ്പുകാലത്തെ ഏറ്റവും വലിയ ചൂടാണ്. 73 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രേഖപ്പെടുത്താന്‍ ആരംഭിച്ചത് മുതല്‍ ഇതാദ്യമായിട്ടാണ് തണുപ്പുകാലത്ത് സൂര്യന്‍ ഇത്രയധികം പ്രകാശിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 

ഇ വിന്ററില്‍ കാലത്ത് ഏറ്റവും വെയിലുണ്ടായിരുന്നത് ഫെബ്രുവരി 14നായിരുന്നു. അന്നേദിവസം 8.8 മണിക്കൂര്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിച്ചു. 1996ല്‍ സ്റ്റേഷന്‍ ആരംഭിച്ചത് മുതല്‍ ഇതാദ്യമാണ് ഇത് സംഭവിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

2014-15 വര്‍ഷത്തില്‍ ഏറ്റവും അധികം മഴ ലഭിച്ചത് ഡിസംബര്‍ 22നാണ്. 38.9 മില്ലീ മീറ്റര്‍ മഴയാണ് അന്നേദിവസം ലഭിച്ചത്. ഡിസംബര്‍ മാസത്തില്‍ ലഭിക്കുന്ന, കഴിഞ്ഞ 12 വര്‍ഷത്തിലെ ഏറ്റവും കൂടിയ മഴ ലഭ്യതയായിരുന്നു അത്.ഇത് തെളിയിക്കുന്നത് ഈ തണുപ്പ് കാലത്ത് മഴയും മോശക്കാരിയായില്ലെന്ന് തന്നെ!

സാധാരണ തണുപ്പുകാലത്ത് താപനില ശരാശരിക്കും താഴെയായിരിക്കും.പക്ഷേ ജനുവരി ഒന്ന് മുതല്‍ ഒമ്പത് വരെ സീസണിലെ ഏറ്റവും ഉയര്‍ന്ന 16.2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തപ്പെട്ടത്. 2007/2008ലെ വിന്റര്‍ മുതല്‍ നോക്കിയാല്‍ ഏറ്റവും കൂടിയ താപനിലയാണിത്. 
സാധാരണ നിലയെക്കാള്‍ വരണ്ടതും തണുപ്പുള്ളതുമായ ഒരു സീസണായിരുന്നു കടന്ന് പോയത്. 

ഏറ്റവും അധികം വെയില്‍ ലഭിച്ച ഫെബ്രുവരി മാസമായിരുന്നു കടന്ന് പോയത്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വെയിലായിരുന്നു ഇത്.മാര്‍ച്ചിലും കടുത്ത തണുപ്പ് തുടരുമെങ്കിലും വെയിലിന് കുറവൊന്നും ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. 

റെജി സി ജേക്കബ് 

Scroll To Top