Wednesday September 26, 2018
Latest Updates

അയര്‍ലണ്ടിലെ സമഗ്ര പെന്‍ഷന്‍ സ്‌കീം : 5 ശതമാനം ശമ്പളം പിടിയ്ക്കും, പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകും 

അയര്‍ലണ്ടിലെ സമഗ്ര പെന്‍ഷന്‍ സ്‌കീം : 5 ശതമാനം ശമ്പളം പിടിയ്ക്കും, പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകും 

ഡബ്ലിന്‍: സര്‍ക്കാര്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കുമായി പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നു.2021 ആകുമ്പോഴേക്കും സാമൂഹ്യ സംരക്ഷണ മന്ത്രാലയത്തില്‍ ഒരു ഓട്ടോമാറ്റിക്ക് എന്റോള്‍മെന്റ് സ്‌കീം നടപ്പിലാക്കുമെന്ന് സാമൂഹ്യ സുരക്ഷാ മന്ത്രിയായിരിക്കെ പ്രധാനമന്ത്രി ലിയോ വരദ്കര്‍ വാഗ്ദാനം ചെയ്തിരുന്നു.

2012ല്‍ യുകെയില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുകയുമുണ്ടായി. ഈ സ്‌കീമിന്റെ ചുവട് പിടിച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതെന്നാണ് സൂചന.ഒഇസിഡി പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് പുതിയൊരു പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.

പുതിയ സ്‌കീമില്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി ശമ്പളത്തിന്റെ അഞ്ച് ശതമാനം തൊഴിലാളികള്‍ നല്‍കണമെന്നാണ് വ്യവസ്ഥ വരുന്നത്. തൊഴില്‍ദാതാക്കളും ഇത്രയും തുക നല്‍കേണ്ടതായി വരും.തൊഴിലാളികള്‍ 20 വയസ്സുമുതല്‍ ഈ തുക നല്‍കേണ്ടിവരും.രാജ്യത്തെ പെന്‍ഷന് പൂരകമായി സ്വകാര്യ മേഖലയിലെ മൂന്നില്‍ രണ്ട് ഭാഗത്തിനും ഒക്യുപ്പേഷണല്‍ പെന്‍ഷനില്ല.

ഇത് ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും വാര്‍ധക്യ ജീവിതത്തെ ദുരിതത്തിലാക്കാറുണ്ട്.അതിനാലാണ് തൊഴിലാളികള്‍ സ്വയം രേഖപ്പെടുത്തപ്പെടുന്ന ഒരു പുതിയ സ്‌കീം ഗവണ്‍മെന്റ് ആസൂത്രണം ചെയ്യുന്നത്.എല്ലാ തൊഴിലാളികളും യാന്ത്രികമായി ഈ പദ്ധതിയുടെ ഭാഗമാകുന്ന വിധമാണ് പുതിയ പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നാണ് കരുതുന്നത്.ഇതിലൂടെ പെന്‍ഷന്‍ ഇരട്ടിയിലധികമാകുമെന്നും ഒ.ഇ.സി.ഡി. പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

ശമ്പളത്തിന്റെ 10 ശതമാനം സംഭാവന നല്‍കി 20 വയസ്സുള്ള ഒരാള്‍ ഇപ്പോള്‍ ലേബര്‍ മാര്‍ക്കറ്റില്‍ എത്തിയാല്‍ ്അയാള്‍ക്കതിന്റെ ഗുണഫലം ലഭിക്കുമെന്ന് ഒഇസിഡി സാമ്പത്തിക വിദഗ്ധന്‍ ബോലെ ബോണ്‍തുയിസ് പറഞ്ഞു. ഈ തുകയാണ് തൊഴിലാളികളും തൊഴിലുടമകളും വീതംവെക്കുന്നത്.പ്രതിവര്‍ഷം ശരാശരി 35,592 യൂറോയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷനായി അവരുടെ വരുമാനത്തിന്റെ 34 ശതമാനം മാത്രമാണ് ലഭിക്കുന്നതെന്നു ഒഇസിഡി റിപ്പോര്‍ട്ട് പറയുന്നു.പുതിയ സ്‌കീമില്‍ താരതമ്യേന ശരാശരി തൊഴിലാളിക്ക് വേതനത്തിന്റെ 53% പെന്‍ഷനായി ലഭിക്കും.യൂറോപ്യന്‍ യൂണിയനില്‍ 58 ശതമാനം വരെയും ലഭിക്കുന്നുണ്ട്..

തൊഴിലാളിക്ക് തൊഴില്‍ പെന്‍ഷന്‍ കൂടി ഉണ്ടെങ്കില്‍, അവരുടെ സമ്പാദ്യത്തിന്റെ 72% ല്‍ കൂടുതല്‍ പെന്‍ഷനായി ലഭിക്കും.വര്‍ഷം 25,661യൂറോയ്ക്ക് തുല്യമായിരിക്കും ഇത്.53,388 യൂറോ വരെ വാര്‍ഷിക ശമ്പളമുള്ള ഇടത്തരക്കാരായ തൊഴിലാളിക്ക് അവരുടെ വരുമാനത്തിന്റെ 23 ശതമാനം മാത്രമാണ് പെന്‍ഷന്‍ ഇപ്പോള്‍ കിട്ടുന്നത്.ഈ ഗ്രൂപ്പിനാണ് ഏറ്റവും കൂടുതല്‍ വരുമാനക്കുറവുണ്ടാകുന്നതെന്നു റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.

പുതിയ സ്‌കീമില്‍ ഇവര്‍ക്ക് അവരുടെ വരുമാനത്തിന്റെ 61%മോ 32,406 യൂറോയോ പെന്‍ഷനായി ലഭിക്കും.അതേസമയം, കുറഞ്ഞ വേതനക്കാര്‍ക്ക് അവരുടെ വരുമാനത്തിന്റെ 106% പെന്‍ഷന്‍ വര്‍ധനയോ വര്‍ഷം 18,899 യൂറോ പെന്‍ഷന്‍ വര്‍ധനവ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് എന്നിവ മാത്രമാണ് നിര്‍ബന്ധിത-ദ്വിതല പെന്‍ഷന്‍ നിലവിലില്ലാത്ത ഒഇസിഡി രാജ്യങ്ങളെന്ന് 2017 പെന്‍ഷന്‍ ഒറ്റനോട്ടത്തില്‍ എന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.മറ്റ് 33 രാജ്യങ്ങളില്‍ വ്യത്യസ്തമായ നാല് സ്‌കീമുകള്‍ നിലനില്‍ക്കുന്നുണ്ട്.
പദ്ധതി നടപ്പാക്കിയ യുകെയില്‍ വേതന വര്‍ദ്ധനവുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും എന്റോള്‍ ചെയ്തവരില്‍ 90 ശതമാനവും പദ്ധതി ഒഴിവാക്കരുതെന്ന് തന്നെയാണ് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Scroll To Top