Sunday December 04, 2016
Latest Updates

ബാര്‍കോഴക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളിലെന്ന് വിജിലന്‍സ്

ബാര്‍കോഴക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളിലെന്ന് വിജിലന്‍സ്

ബാര്‍കോഴക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. വിജിലന്‍സിനായി അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് എജി കെപി ദണ്ഡപാണി ഇക്കാര്യം കോടതിയെ അറിയിച്ചത്.

ധനമന്ത്രി കെ.എം മാണിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനും എതിരെയുള്ള കേസുകളുടെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണ സമിതിയില്‍ ഇനിയൊരു മാറ്റം ആവശ്യമില്ലെന്നും എ.ജി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ അവസരത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ട സാഹചര്യമില്ല. ഇത്തരമൊരു ഹര്‍ജിക്ക് നിലവില്‍ പ്രസക്തിയില്ലെന്നും എജി കോടതിയില്‍ പറഞ്ഞു.

അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം 31 ന് സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും തെളിവായ സിഡിയുടെ പരിശോധന, നുണപരിശോധന എന്നിവ നടത്തേണ്ടതുണ്ടെന്നും വിജിലന്‍സ് പറഞ്ഞിരുന്നു.

വിജിലന്‍സിനെ സിബിഐ മാത്യകയില്‍ സ്വതന്ത്ര സംവിധാനമാക്കണമെന്ന് കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പല അന്വേഷണങ്ങളും ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സംസ്ഥാനത്ത് നിലവിലുള്ള അന്വേഷണ സംവിധാനങ്ങളില്‍ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

 

Scroll To Top