Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം,ഇപ്പോള്‍ കൂടുതല്‍ പ്രതിഫലം നല്‍കുന്നുവെന്ന് വെളിപ്പെടുത്തല്‍

അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം,ഇപ്പോള്‍ കൂടുതല്‍ പ്രതിഫലം നല്‍കുന്നുവെന്ന് വെളിപ്പെടുത്തല്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത.മുമ്പെന്നതിനേക്കാള്‍ ഇന്റേണ്‍ഷിപ്പ് സാധ്യതകളൂം,പഠനകാലത്തു തന്നെ ശമ്പളം ലഭ്യമാകാനുള്ള സാധ്യതകളും അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുന്നതായി കമ്പനികള്‍.

അയര്‍ലണ്ടിലെ വിവിധ കമ്പനികളാണ് രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പ് അവസരം ഒരുക്കുന്നത്.പഠനം തീരുന്നതിനു മുമ്പുതന്നെ ജോലിയുമായി പരിചയത്തിലാകാന്‍ ഇന്ഡറേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. തങ്ങളുടെ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ അതേ കമ്പനികളില്‍ത്തന്നെ പഠനശേഷം ജോലിക്കെടുക്കുന്ന പ്രവണതയും ഇന്ന് കൂടുതലായി കാണപ്പെടുന്നു.

പ്രമുഖ മാധ്യമം നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ 80% കമ്പനികളും വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ത്തന്നെ 40% കമ്പനികളും തങ്ങള്‍ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തി. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍തന്നെ ജോലി നേടാന്‍ ഇത് സഹായിക്കും.

ഡിഗ്രി നേടിക്കഴിഞ്ഞവരെക്കാള്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇന്റേണ്‍ഷിപ്പിന് തെരഞ്ഞെടുക്കാനാണ് സര്‍വേയില്‍ പങ്കെടുത്ത 66% കമ്പനികളും ഉത്സാഹം കാട്ടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വലിയൊരു അവസരമാണ് ഇത്.

ശമ്പളം നല്‍കാതെ ജോലി ചെയ്യിക്കാനുള്ള കുറുക്കുവഴിയായാണ് ഇന്റേണ്‍ഷിപ്പുകളെ കമ്പനികള്‍ കാണുന്നത് എന്ന് പൊതുവെ ഒരു ധാരണ സമൂഹത്തില്‍ പടര്‍ന്നിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ധാരണയില്‍ വലിയ മാറ്റം വന്നിട്ടുണ്ട് എന്നാണ് കമ്പനികളുടെ തന്നെ വിലയിരുത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 92% കമ്പനികളും ഇന്റേണ്‍സിന് ശമ്പളം നല്‍കാന്‍ തയ്യാറാണ്. 38% കമ്പനികളും മാസത്തില്‍ 1,600 മുതല്‍ 1,799 യൂറോ വരെ ഇന്റേണ്‍സിന് ശമ്പളമായി നല്‍കും. 18% കമ്പനികള്‍ 1,400 യൂറോയ്ക്ക് താഴെയും, 11% കമ്പനികള്‍ 1,000 യൂറോയ്ക്ക് താഴെയും ശമ്പളമായി നല്‍കാന്‍ തയ്യാറാണ്. അതേസമയം ചില കമ്പനികള്‍ മാസം 2,000 യൂറോയിലധികം ഇന്റേണ്‍സിന് നല്‍കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല 68% കമ്പനികളും മുമ്പ് തങ്ങളുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായവരെ തന്നെയാണ് ജോലിക്ക് എടുക്കുന്നത്.

ഇന്റേണ്‍ഷിപ്പിനിടെ ജോലിയെപ്പറ്റി കൃത്യമായി മനസ്സിലാക്കുന്നതും, കമ്പനിക്ക് ആകര്‍ഷണീയമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതും പഠനം കഴിഞ്ഞിറങ്ങിയ ഉടന്‍ തന്നെ അതേ കമ്പനിയില്‍ ജോലി നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും.

Scroll To Top