Wednesday December 07, 2016
Latest Updates

ഇന്റര്‍നെറ്റ് സ്പീഡ് കുറവ് :നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്കായി നിയമഭേദഗതി ഉണ്ടായേക്കും

ഇന്റര്‍നെറ്റ് സ്പീഡ് കുറവ് :നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്കായി നിയമഭേദഗതി ഉണ്ടായേക്കും

ഡബ്ലിന്‍:മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്കായി പുതിയ നിയമനിര്‍മ്മാണം ഉണ്ടായേക്കും
അയര്‍ലണ്ടിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നില്‍ ഒരു ഭാഗം ആളുകളും തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ് കൗണ്ടര്‍ പോലെയുള്ള സ്ഥപനങ്ങളുടെ പുതിയ കണ്ടെത്തല്‍. ആളുകള്‍ ഫോണ്‍ കോള്‍ ചെയ്യുന്നതിനേക്കാളേറെ പണം ചെലവാക്കുന്നത് ഇന്റര്‍നെറ്റ് ഡാറ്റയ്ക്കായാണെന്നും ഇവര്‍ കണ്ടത്തിയിരിക്കുന്നു. ഈ അവസരത്തിലാണ് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്കായി നിലവിലുള്ള നിയമം മാറ്റി പുതിയ നിയമം പാസാക്കേണ്ടതുണ്ടോ എന്ന ചോദ്യം അയര്‍ലണ്ടില്‍ ഉയരുന്നത്.

മറ്റേതു രാജ്യത്തേക്കാളും ഇന്റര്‍നെറ്റില്‍ വീഡിയോ കാണുന്നതും ഡൗണ്‍ലോഡ്, അപ്ലോഡ് എന്നിവ ചെയ്യുന്നതും അയര്‍ലണ്ടിലാണ്. അതില്‍ത്തന്നെ വീഡിയോ കാണാന്‍ 60% പേര്‍ ആശ്രയിക്കുന്നതാകട്ടെ ഫോണിനെയും. എന്നാല്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ഇത്രയും ആളുകള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമെത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നാണ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. നഗരങ്ങള്‍ക്കു പുറത്തുള്ള പലയിടങ്ങളിലും നെറ്റ് വര്‍ക്ക് കട്ടാകുന്നത് പതിവാണ് എന്നാണ് അധികൃതരുടെ അനുമാനം. എന്നാല്‍ തങ്ങളുടെ 2ജി നെറ്റ് വര്‍ക്കിന് രാജ്യത്തിന്റെ 99% പ്രദേശങ്ങളിലും 3ജി, 4ജി എന്നിവയ്ക്ക് 90% പ്രദേശങ്ങളിലും കവറേജ് ഉണ്ട് എന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. പക്ഷേ കവറേജ് കാണിച്ചുകൊണ്ട് കമ്പനികള്‍ നല്‍കിയ മാപ്പ് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വിര്‍ജിന്‍ മീഡിയ അടക്കമുള്ള സേവനദാതാക്കള്‍ കൂടിയ വേഗതയുണ്ടെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും കുറഞ്ഞ സ്പീഡിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

70 മുതല്‍ 90% വരെ ജനങ്ങള്‍ക്ക് കവറേജ് നല്‍കണം എന്നാണ് നിലവിലുള്ള ടെലികോം നിയമം.യൂറോപ്യന്‍ യൂണിയന്‍ ഏകീകരിച്ച നിയമമാണ് ഇത്. 90% താഴെ മാത്രം കവര്‍ ചെയ്താല്‍ മതി എന്നുള്ളത് കൂടുതല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരെ വിപണിയിലേയ്ക്ക് ക്ഷണിക്കും എന്ന അനുമാനത്തിലാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ ഈ നിയമം കാരണം അര മില്ല്യണ്‍ ജനങ്ങള്‍ക്ക് ശരിയായ രീതിയില്‍ നെറ്റ് വര്‍ക്ക് ലഭ്യമാകുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് പ്രധാനമായും 8 നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരാണ് ഉള്ളത്. ഇവയില്‍ ഏറ്റവും വലിയവയായ വോഡഫോണ്‍, ത്രീ എന്നിവ കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടിക്കണക്കിന് യൂറോയാണ് മികച്ചസേവനം നല്‍കാനായി വിപണിയിലിറക്കിയത്. ഇത് യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രീപെയ്ഡ് കണക്ഷനെടുക്കാന്‍ കഴിയുന്ന രാജ്യമായി അയര്‍ലണ്ടിനെ മാറ്റി. കുറഞ്ഞ ചെലവില്‍ പോസ്റ്റ് പെയ്ഡ് അക്കൗണ്ട് എടുക്കാന്‍ കഴിയുന്ന മൂന്നാമത്തെ രാജ്യവുമാണ് അയര്‍ലണ്ട്.

എന്നിരുന്നാലും ഇപ്പോഴത്തെ നിയമം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തൃപ്തികരമായ നെറ്റ് വര്‍ക്ക് കവറേജ് നല്‍കാന്‍ അപര്യാപ്തമാണെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ത്തന്നെ ജനങ്ങളുടെ സൗകര്യത്തിനായി ടെലികോം നിയമം മാറ്റപ്പെടേണ്ടതുണ്ടെന്നും. ഇതിന്റെ ഭാഗമായി നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ കവറേജുകളുടെ കാര്യക്ഷമത അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മൊബൈല്‍ സേവന ദാതാക്കള്‍ക്കായി പുതിയ നിയമം വരാന്‍ സാധ്യത ഏറെയാണെന്നും കരുതേണ്ടിയിരിക്കുന്നു.

Scroll To Top