Sunday December 11, 2016
Latest Updates

നിങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ സംവദിക്കുന്നത് അപരിചിതരുമായിമായാണോ? എങ്കില്‍ സൂക്ഷിക്കുക …

നിങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ സംവദിക്കുന്നത് അപരിചിതരുമായിമായാണോ? എങ്കില്‍ സൂക്ഷിക്കുക …

ഡബ്ലിന്‍:നിങ്ങളുടെ മക്കള്‍ ഒരു ദിവസം എത്ര നേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്?അയര്‍ലണ്ടിലെ അഞ്ചില്‍ ഒന്ന് കുട്ടികളും സ്‌കൂള്‍ ദിനങ്ങളിലടക്കം ദിവസേന നാലു മണിക്കൂറിലേറെ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതായും പുതിയ കണ്ടെത്തല്‍.

പക്ഷേ പുതിയ പഠനത്തില്‍ ഏറ്റവും വലിയ പ്രശ്നമായി കണ്ടിരിക്കുന്നത് അയര്‍ലണ്ടില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 25% കുട്ടികളും ഓണ്‍ലൈനില്‍ സംവദിക്കുന്നത് അപരിചിതരോടാണെന്നുള്ളതാണ്.സോഷ്യല്‍ മീഡിയ, ഗെയിമിങ് തുടങ്ങിയവയിലൂടെയാണ് കുട്ടികള്‍ അപരിചിതരുമായി പരിചയം ബന്ധപ്പെടുന്നത് എന്നും സൈബര്‍ സേഫ് അയര്‍ലണ്ട് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

223 കുട്ടികളെയും 161 രക്ഷിതാക്കളെയുമാണ് സര്‍വേ ആധാരമാക്കിയത്.ഇതില്‍ 5% പേരും ദിവസവും അപരിചിതരുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടുന്നുണ്ടത്രേ.

കുട്ടികളുടെ ചിന്താധാരയെ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ചതിക്കുഴി തീര്‍ക്കുന്ന ഉപഭോക്തൃ ഉത്പന്ന കമ്പനികള്‍ മുതല്‍ ഭീകരപ്രവര്‍ത്തനവും മതപരിവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുടെ സംഘം വരെയും ഇത്തരം ഓണ്‍ലൈന്‍ ചാറ്റിങ് ലൈനുകളില്‍ പതിവാണ്.

രാജ്യത്തെ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെ പല ചതിക്കുഴികളിലും എത്തപ്പെടുന്ന വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നുകൊണ്ടിരിക്കേ, സുരക്ഷിതമായി എങ്ങനെ ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യാമെന്ന് പഠിപ്പിക്കാന്‍ തങ്ങള്‍ക്കുമാകുന്നില്ലെന്നാണ് മൂന്നിലൊന്ന് ടീച്ചര്‍മാരും പറയുന്നത്. ഇന്റര്‍നെറ്റ് സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് സൈബര്‍ സേഫ് അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം പ്രൈമറി സ്‌കൂളുകളിലെ 84% ടീച്ചര്‍മാരും ക്ലാസില്‍ ഇന്റര്‍നെറ്റ് സുരക്ഷയെപ്പറ്റി പഠിപ്പിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്.രക്ഷിതാക്കള്‍ക്കു തന്നെ കുട്ടികളുമായി ഇടപെട്ട് ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ച് അവരെ ബോധമുള്ളവരാക്കാം എന്നാണ് സൈബര്‍ സേഫ് അയര്‍ലണ്ട് പറയുന്നത്. സ്‌കൂളുകള്‍, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ ഇന്റര്‍നെറ്റ് സുരക്ഷ സംബന്ധിച്ച് അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ വര്‍ഷമാണ് സൈബര്‍ സേഫ് അയര്‍ലണ്ട് നിലവില്‍ വന്നത്.

Scroll To Top