Monday May 29, 2017
Latest Updates

അന്താരാഷ്ട്ര യോഗാ ദിനാചരണം ഞായറാഴ്ച്ച :ഡബ്ലിനില്‍ രണ്ടായിരം പേര്‍ യോഗ ചെയ്യാനെത്തും,ഇന്ത്യ നേതൃത്വം നല്‍കുന്ന അയര്‍ലണ്ടിലെ ആദ്യ പരിപാടി ചരിത്രത്തിലേയ്ക്ക് 

അന്താരാഷ്ട്ര യോഗാ ദിനാചരണം ഞായറാഴ്ച്ച :ഡബ്ലിനില്‍ രണ്ടായിരം പേര്‍ യോഗ ചെയ്യാനെത്തും,ഇന്ത്യ നേതൃത്വം നല്‍കുന്ന അയര്‍ലണ്ടിലെ ആദ്യ പരിപാടി ചരിത്രത്തിലേയ്ക്ക് 

ഡബ്ലിന്‍:അന്താരാഷ്ട്ര യോഗാ ദിനാചരണപരിപാടികളില്‍ നാളെ അയര്‍ലണ്ടും പങ്കുചേരും.ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ക്ലോണ്‍ ടാഫിലെ സെന്റ് ആന്‍സ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് എംബസി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.ന്യൂ ഡല്‍ഹിയില്‍ പോലും 37.000 പേരെ പങ്കെടുക്കുന്നുള്ളൂ എന്നത് പരിഗണിക്കുമ്പോള്‍ ഡബ്ലിനിലെ അന്താരാഷ്ട്ര യോഗാ ദിനാചരണം യൂറോപ്പിലെ തന്നെ ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പരിപാടിയായിരിക്കും.ഇന്ത്യന്‍ എംബസി നേരിട്ട് നേതൃത്വം വഹിക്കുന്ന ഡബ്ലിനിലെ ഏറ്റവും വലിയ ചടങ്ങായും ഇത് മാറിയേക്കും. 

നാളെ (ഞായര്‍)ഉച്ചകഴിഞ്ഞ് 2 മണിയ്ക്കാണ് അന്തര്‍ദേശീയ യോഗാദിനാചരണം ഡബ്ലിനില്‍ ആരംഭിക്കുക. യോഗതെറാപ്പി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അസോസിയേഷനുകള്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, ബ്രഹ്മകുമാരീസ്, അമ്മ അയര്‍ലണ്ട് ,യൂറോപ്യന്‍ യൂണിയന്‍ ഓഫ് യോഗ,ഗായത്രി പരിവാര്‍ ,അയര്‍ലണ്ടിലെ മറ്റു യോഗ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാലാല്‍ ലോകേഷ് ഉള്‍പ്പെടെ നിരവധി സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തും.
പ്രവേശനം സൌജന്യമായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യോഗ മാറ്റ് കൊണ്ടു വരേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.

ലോകത്തെമ്പാടും അന്താരാഷ്ട്ര യോഗാ ദിനാചരണചടങ്ങുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.ന്യൂഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിന ചടങ്ങുകള്‍ക്ക് പ്രശസ്തമായ ഡല്‍ഹിയിലെ രാജ്പഥ് നാളെ ചരിത്ര സംഭവത്തിന് സാക്ഷ്യംവഹിച്ചു..അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഉദ്ഘാടനത്തിന് 40000ത്തില്‍ പരം ആളുകള്‍ രാവിലെ ഏഴുമണിക്ക് രാജ്പഥില്‍ ഒരേസമയം യോഗ ചെയ്തുകൊണ്ട് ചരിത്രം കുറിച്ചു.
യോഗയുടെ ചരിത്രത്തിലെ ലോക റെക്കാര്‍ഡ് ലക്ഷ്യമിട്ടുള്ള പ്രകടനം വീക്ഷിക്കാന്‍ ഗിന്നസ് ബുക്ക് അധികൃതര്‍ ഡല്‍ഹിയിലുണ്ടായിരുന്നു. പരിപാടി വിജയിപ്പിക്കാന്‍ ഡല്‍ഹിയിലെ എല്ലാ മന്ത്രാലയങ്ങളിലും ജീവനക്കാര്‍ നിരവധി ദിവസങ്ങളായി യോഗ പരിശീലനത്തിലായിരുന്നു.ഇവര്‍ക്കൊപ്പം സന്നദ്ധ സംഘടനകളും വിദ്യാലയങ്ങളും പരിപാടിയില്‍ ഭാഗഭാക്കായി. ഡല്‍ഹിയിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിനായിരുന്നു ഇവര്‍ക്ക് യോഗ പരിശീലനം നല്‍കാനുള്ള ചുമതല. യോഗാഭ്യാസികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും രാജ്പഥില്‍ യോഗ ചെയ്തു.

യോഗ ചടങ്ങുകള്‍ നടക്കുന്ന രാജ്പഥില്‍ റിപ്പബ്‌ളിക് ദിനാഘോഷത്തിന് സമാനമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ആഴ്ചകളായി ഇവിടെ ഗതാഗത നിയന്ത്രണമുണ്ട്. വേദിയും പരിസരവും സി.സി.ടിവി കാമറകളുടെ നിരീക്ഷണത്തിലായിരുന്നു.ഇതിനു പുറമെ യുദ്ധ വിമാനങ്ങള്‍ ആകാശ സുരക്ഷയും ഒരുക്കി .
ഡല്‍ഹിയില്‍ മുഖ്യ പരിപാടി നടക്കുന്ന സമയത്ത് രാജ്യത്ത് 250 നഗരങ്ങളിലും വിദേശങ്ങളിലും യോഗാദിനാചരണം സംഘടിപ്പിരുന്നു. സായുധ സേനകളുടെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ നടത്തി. ലോകത്തെ ഏറ്റവും ഉയരം കൂടിയ അതിര്‍ത്തി പോസ്റ്റ് ആയ സിയാച്ചിനില്‍ കാവല്‍ നില്‍ക്കുന്ന കരസേനാംഗങ്ങളും യോഗ ചെയ്യും. യു.എസിലെ പ്രശസ്തമായ ടൈം സ്‌ക്വയറില്‍ 30,000 പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തും.
യോഗാ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം ചില മതസംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി.

Scroll To Top