Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി നഴ്‌സിന് റദ്ദാക്കിയ മെറ്റെണിറ്റി ബെനഫിറ്റുകള്‍ തിരികെ നല്‍കാന്‍ തീരുമാനം:നഴ്‌സസ് യൂണിയന് ചരിത്രനേട്ടം

അയര്‍ലണ്ടിലെ മലയാളി നഴ്‌സിന് റദ്ദാക്കിയ മെറ്റെണിറ്റി ബെനഫിറ്റുകള്‍ തിരികെ നല്‍കാന്‍ തീരുമാനം:നഴ്‌സസ് യൂണിയന് ചരിത്രനേട്ടം

ഡബ്ലിന്‍ :പ്രസവാവധി സംബന്ധിച്ച തര്‍ക്കത്തില്‍ മലയാളി നഴ്‌സിന് അനുകൂലമായ തീരുമാനം.ഐറിഷ് നഴ്‌സസ് അന്‍ഡ് മിഡ് വൈഫ് ഓര്‍ഗനൈസേഷന്റെ ഇടപെടലിനെ തുടര്‍ന്ന് നഴ്‌സിന് പ്രസവാവധിയുടെ മുഴുവന്‍ ആനുകൂല്യവും നല്‍കാന്‍ തൊഴിലുടമയായ ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രി തയ്യാറായി.

താന്‍ പ്രസവാവധിക്ക് നാട്ടില്‍ പോകുകയാണെന്ന് മലയാളിയായ നഴ്‌സ് സോഷ്യല്‍ പ്രൊട്ടെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ തനിക്ക് പ്രസവാവധി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ഡിപ്പാര്‍ട്ടമെന്റ് മറുപടിയും നല്‍കി. തുടര്‍ന്ന് ഇവര്‍ സെന്റ്. ജെയിംസ് ഹോസ്പിറ്റല്‍ പേറോളിനെ സമീപിക്കുകയായിരുന്നു. അവധി നിഷേധിച്ചുള്ള ഡിപ്പാര്‍ട്ട്‌മെന്റിന്റെ കത്ത് കൈമാറുകും ചെയ്തു. തുടര്‍ന്ന് ആശുപത്രി ഇവരുടെ പ്രസവാവധി അംഗീകരിക്കുകയും എല്ലാ ആനുകൂല്യങ്ങളും ആശുപത്രി നല്‍കുകയും ചെയ്തു.

എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അധികം പണം കൈപറ്റിയതായി കാണിച്ച് സെന്റ് ജെയിംസ് ആശുപത്രിയില്‍ നിന്നും നഴ്‌സിന് നോട്ടീസ് ലഭിക്കുകയായിരുന്നു. പണം ഉടന്‍ തിരിച്ചടക്കണമെന്നും ആശുപത്രി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന് നഴ്‌സ് ഐഎന്‍എംഒയെ സമീപിക്കുകയായിരുന്നു.

നഴ്‌സുമാരുടെ സംഘടന ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നഴ്‌സിന് അനുകൂലമായ തീരുമാനമുണ്ടായത്. പ്രസവാവധിയുടെ ആനുകൂല്യം നല്‍കാമെന്ന് തൊഴില്‍ കരാരില്‍ ആശുപത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നഴ്‌സ് പണം തിരിച്ചടക്കേണ്ടെന്ന് ആശുപത്രി സമ്മതിക്കുകയായിരുന്നു. 6000 യൂറോയാണ് പ്രസവാനുകൂല്യമായി മലയാളിയായ നഴ്‌സിന് ലഭിച്ചത്.

ഐ എന്‍ എം ഓ യുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു നേട്ടമാണ് ഇപ്പോള്‍ നേടിയെടുത്തിരിക്കുന്നത് എന്ന് ഐ എന്‍ എം ഓ ഇന്‍ഡസ്റ്റ്രിയല്‍ ഓഫിസര്‍ ജോ ഹൂളന്‍സ് ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.നിരവധി നഴ്‌സുമാര്‍ക്ക് സമാനമായ കേസ് ഉണ്ടായിട്ടുള്ളതായി പിന്നീട് അറിയാന്‍ കഴിഞ്ഞു.എന്നാല്‍ ഇത്തരത്തിലുള്ള ആദ്യത്തെ പരാതിയ്ക്ക് തന്നെ അനുകൂല തീരുമാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രസവാവധിയ്ക്ക് രാജ്യം വിട്ടു പോകുമ്പോള്‍ നഴ്‌സുമാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് പതിവാക്കിയിരുന്ന ചില ആശുപത്രികളുടെ നടപടികള്‍ക്കും ഇതോടെ അവസാനമാവും.തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്.എന്നാല്‍ കരാര്‍ വ്യവസ്ഥകളില്‍ ഈ ആനുകൂല്യങ്ങള്‍ വ്യക്തമാക്കാതെ നഴ്‌സുമാരെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കോടതിയെ സമീപിച്ചാല്‍ വിധി തൊഴിലാളിയ്ക്ക് അനുകൂലമാവും.

വ്യക്തതയില്ലാത്ത തൊഴില്‍ കരാറിന്റെ പേരിലും,പരാതി കൃത്യസമയത്ത് സമര്‍പ്പിക്കാത്തതിന്റെ പേരിലുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നൂറുകണക്കിന് മലയാളി നഴ്‌സുമാര്‍ക്കാണ് മെറ്റെണിറ്റി ബെനഫിറ്റ് തിരിച്ചടയ്‌ക്കേണ്ടി വന്നത്.എന്നാല്‍ നഴ്‌സസ് യൂണിയന്റെ ഇടപെടലോടെ ഇത്തരം നടപടികള്‍ അവസാനിക്കുന്നു എന്നതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ അയര്‍ലണ്ടിലെ മലയാളി നഴ്‌സുമാര്‍.

Scroll To Top