Sunday December 11, 2016
Latest Updates

നഴ്‌സുമാര്‍ക്കെതിരെ തെളിവില്ലാത്ത പരാതികള്‍:നഴ്‌സിംഗ് ബോര്‍ഡിനെതിരെ ഐ എന്‍ എം ഓ

നഴ്‌സുമാര്‍ക്കെതിരെ തെളിവില്ലാത്ത പരാതികള്‍:നഴ്‌സിംഗ് ബോര്‍ഡിനെതിരെ ഐ എന്‍ എം ഓ

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പല നഴ്‌സുമാര്‍ക്കുമെതിരെ തെളിവുകള്‍ ഇല്ലാത്തതോ, വളരെ കുറവ് തെളിവുകള്‍ മാത്രമോ ഉള്ള കേസുകള്‍ നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ബോര്‍ഡ് ഓഫ് അയര്‍ലണ്ട് (എന്‍.എം.ബി.ഐ) ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളതായി ദി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ.എന്‍.എം.ഒ). കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തങ്ങളുടെ അംഗങ്ങള്‍ക്ക് കേസ് നടത്തിപ്പിനായി 500,000 യൂറോയാണ് ചെലവാക്കിയതെന്ന് ഐ.എന്‍.എം.ഒ റെഗുലേഷന്‍ ആന്‍ഡ് സോഷ്യല്‍ പോളിസി ഡയറക്ടര്‍ എഡ്വേഡ് മാത്യൂസ് പറഞ്ഞു.

എന്നാല്‍ ഈ കേസുകളില്‍ ചിലവ ഐ.എന്‍.എം.ഒയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കേസുകള്‍ക്ക് മതിയായ തെളിവുകളോ, തെളിവുകള്‍ തന്നെയോ ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായ നീതിനിര്‍വ്വഹണമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് മാത്യൂസ് വ്യക്തമാക്കി.ആരെങ്കിലും എന്തെങ്കിലും പരാതികള്‍ ഉയര്‍ത്തുമ്പോള്‍ അതപ്പാടെ മുഖവിലയ്ക്ക് എടുക്കുന്നതിന് പകരം ആദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ നടപടിക്രമങ്ങള്‍ ആരംഭിക്കാവു എന്ന നയം മിക്കപ്പോഴും നടപ്പാക്കാറില്ലെന്ന് അദ്ദേഹം ആരോപിച്ചു.

‘തെളിവില്ലാത്ത കേസുകള്‍ക്കായി ധാരാളം യൂറോ മുടക്കേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. തെളിവില്ലാത്ത കേസുകള്‍ക്ക് വിചാരണ നേരിടേണ്ടിവരുന്നത് ശരിയല്ല’ മാത്യൂസ് പറഞ്ഞു. ജനങ്ങള്‍ക്ക് നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കുമെതിരെ പരാതി നല്‍കാന്‍ അവകാശമുണ്ടെങ്കിലും മതിയായ തെളിവുകളില്ലാതെ ഫയല്‍ ചെയ്യുന്ന കേസുകള്‍ക്കായി ജനങ്ങളുടെ പണം തന്നെയാണ് ചെലവാക്കേണ്ടിവരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഓരോ കേസിനും ഇത്തരത്തില്‍ ഏകദേശം 6,765 യൂറോ വരെ ഒരു ദിവസം ശരാശരി ചെലവാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top