Monday December 05, 2016
Latest Updates

അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് ഐഎന്‍എംഒ

അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് ഐഎന്‍എംഒ

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് അസോസിയേഷന്‍. ജനത്തിരക്ക് മൂലം ബ്യൂമോണ്ട് ആശുപത്രിയിലേക്ക് രോഗികള്‍ വരരുതെന്ന് പ്രഖ്യാപിച്ചത് ഉള്‍പ്പെടെയുള്ള നടപടികളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത്.

ലിമെറിക്ക് ആശുപത്രിയിലെയും ദ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ആശുപത്രിയിലെയും ഡബ്ലിനിലെ മറ്റ് ആശുപത്രികളിലെയും രോഗീ ബാഹുല്യം പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതായി സംഘടന പറയുന്നു. തുള്ളാമൂര്‍ റീജണല്‍ ആശുപത്രി, സ്ലൈഗോ ജനറല്‍ ആശുപത്രി, വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രി എന്നിവടങ്ങളിലും രോഗികളുടെ തിരക്ക് നിയന്ത്രണാതീതമാവുകയാണ്. കെയര്‍ ഹോമുകളില്‍ ആവശ്യത്തിന് ബെഡുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ 800 ഓളം രോഗികളാണ് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജിനു ശേഷവും വാര്‍ഡുകളില്‍ തുടരുന്നത്. ഇത് ആശുപത്രികളില്‍ പ്രവേശനം കാത്തിരിക്കുന്ന രോഗികളെ പ്രതിസന്ധിയിലാക്കുന്നു.

നഴ്‌സിംഗ് ജീവനക്കാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവും ആശുപത്രികളിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുകയും കെയര്‍ ഹോമുകളിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് ഐഎന്‍എംഒ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഐറിഷ് ആശുപത്രികളില്‍ ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നഴ്‌സുമാരുടെ ജോലി ഭാരം കുറയ്ക്കണമെന്നും ലിയാം ഡോറന്‍ ആവശ്യപ്പെട്ടു.ഇതിന് സര്‍ക്കാര്‍ പിന്തുണ ആവശ്യമാണ്. ഹെല്‍ത്ത് സര്‍വീസ് മേഖലയ്ക്ക് 2015 ലേക്ക് അനുവദിച്ചിരിക്കുന്ന 25 മില്യന്‍ യൂറോ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top