Friday May 26, 2017
Latest Updates

സമരത്തിനുറപ്പിച്ച് അയര്‍ലണ്ടിലെ നഴ്‌സുമാര്‍,കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴി തുറക്കാതെ എച്ച് എസ് ഇ 

സമരത്തിനുറപ്പിച്ച് അയര്‍ലണ്ടിലെ നഴ്‌സുമാര്‍,കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴി തുറക്കാതെ എച്ച് എസ് ഇ 

ഡബ്ലിന്‍:രാജ്യത്തെ നഴ്‌സുമാര്‍ പ്രഖ്യാപിച്ചിരുന്ന സമരത്തില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ അടിയന്തര ചര്‍ച്ചകള്‍ നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ വൃഥാവിലാകുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അയര്‍ലണ്ടിലെ ഏഴു ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റിലെ നഴ്‌സുമാര്‍ ഡിസംബര്‍ 15ന് രണ്ടു മണിക്കൂര്‍ സമരം നടത്തും. എമര്‍ജന്‍സി വിഭാഗത്തില്‍ അമിതമായി രോഗികളെ അഡ്മിറ്റാക്കുന്നത് കുറയ്ക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചൊവ്വാഴ്ച നഴ്‌സുമാര്‍ ജോലിയില്‍ നിന്ന് രണ്ടു മണിക്കൂര്‍ വിട്ടുനില്‍ക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ രോഗികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അടിയന്തര സാഹചര്യം ഉണ്ടായാല്‍ മാത്രമേ എമര്‍ജന്‍സി യൂണിറ്റിലേക്ക് രോഗികളെ കൊണ്ടുവരാവൂ എന്നും എച്ച്എസ്ഇ ഹ്യൂമന്‍ റിസോഴ്‌സ് നാഷണല്‍ ഡയറക്ടര്‍ റോസരി മാനിയന്‍ പറഞ്ഞു.സമരം രോഗികളെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും അവര്‍ വ്യക്തമാക്കി. 

ഏഴു ആശുപത്രികളിലേയും ചില സര്‍വീസുകള്‍ സമരത്തെ തുടര്‍ന്ന മാറ്റിവച്ചിട്ടുണ്ട്.ഡബ്ലിനിലെ ബ്യൂമോണ്ട് ,ടാല,കോര്‍ക്കിലെ മേഴ്‌സി ഹോസ്പിറ്റല്‍, ടുള്ളമോറിലെ എംആര്‍എച്ച് ,കാവന്‍ ജനറല്‍ ഹോസ്പിറ്റല്‍, ഗാള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രി,വാട്ടര്‍ഫോര്‍ഡ് ആശുപത്രി എന്നീ ഏഴിടങ്ങളിലെ നഴ്‌സുമാരാണ് സമരം ചെയ്യുന്നത്.രാവിടെ എട്ടു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയുള്ള സമയത്ത് രണ്ടു മണിക്കൂര്‍ നേരം ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കും. അടിയന്തര സേവനം ആവശ്യമായാല്‍ ആവശ്യമായ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.

നഴ്‌സുമാരുടെ വേതനത്തെ സംബന്ധിച്ചുള്ള തര്‍ക്കമല്ല സമരത്തിനു കാരണമെന്നും ലാന്‍സ്‌ഡൌണ്‍ റോഡ് കരാര്‍ ലംഘിക്കാതെയുള്ള പരിഹാരമാണ് വേണ്ടതെന്നും ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

നഴ്‌സുമാര്‍ ഉന്നയിച്ച എട്ട് ആവശ്യങ്ങളില്‍ ഏഴിനും പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എച്ച്എസ്ഇ ഹ്യൂമന്‍ റിസോഴ്‌സ് നാഷണല്‍ ഡയറക്ടര്‍ റോസരി മാനിയന്‍ പറഞ്ഞു. ഇന്‍ക്രിമെന്റ് ക്രെഡിറ്റ്, സ്റ്റുഡന്റ് പേ സംബന്ധിച്ച കാര്യം മാത്രമാണ് തീരുമാനമാകാത്തത്. സമരം ഒഴിവാക്കുന്നതിനായി ഐഎന്‍എംഒ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് മാനിയന്‍ നിര്‍ദേശിച്ചു. 

അവശ്യം വേണ്ട ജീവനക്കാരില്‍ 60 ശതമാനം പേര്‍ മാത്രമാണ് ടാല ആശുപത്രിയില്‍ ഉള്ളതെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു. കുടുതല്‍ നഴ്‌സുമാരെ നിയമിക്കുന്നതും നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നാലു ദിവസമായി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. അയര്‍ലണ്ടിലെ സ്വകാര്യ ആശുപത്രികളിലും വിദേശത്തും 6,000 യൂറോയാണ് സര്‍വീസില്‍ പുതിയതായി ചേരാനെത്തുന്നവര്‍ക്ക് ഇന്‍സെന്റീവ് നല്കുന്നത്. എന്നാല്‍ എച്ച്എസ്ഇ ഇതിനു തയാറായില്ലെന്ന് ഡോറന്‍ അറിയിച്ചു.റിക്രൂട്ട് ചെയ്യപ്പെടുന്ന നഴ്‌സുമാര്‍ക്ക് ആദ്യ ഘട്ടത്തില്‍ നല്കുന്ന ഇന്‍സന്റ്റീവ് ഉയര്‍ത്തുകയാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള മാര്‍ഗം’.അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ മാസത്തിലെ ആദ്യ 11 ദിവസങ്ങളില്‍ 3,045 പേരാണ് ബെഡ് ഇല്ലാതിരുന്നിട്ടും എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.ഡബ്ലിന്‍ മിഡ്‌ലാന്‍ഡ്‌സ് ഹോസ്പിറ്റല്‍ ഗ്രൂപ്പ്,ടാല,ടുള്ളമോര്‍ ഹോസ്പിറ്റല്‍ എന്നിവ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടകള്‍ സ്വീകരിച്ചതായി അറിയിച്ചു.നിശ്ചയിച്ചിരുന്ന സര്‍ജറികള്‍ വരെ മാറ്റിവെച്ചു കഴിഞ്ഞു. Scroll To Top