Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് രണ്ടു ദിവസം കൂടുതല്‍ അവധിക്ക് ധാരണയായി:മറ്റു ഹോസ്പിറ്റല്‍ ജീവനക്കാരും തത്തുല്യ ആവശ്യവുമായി രംഗത്തെത്തി

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് രണ്ടു ദിവസം കൂടുതല്‍ അവധിക്ക് ധാരണയായി:മറ്റു ഹോസ്പിറ്റല്‍ ജീവനക്കാരും തത്തുല്യ ആവശ്യവുമായി രംഗത്തെത്തി

ഡബ്ലിന്‍ :അയര്‍ലണ്ടിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ നഴ്‌സുമാര്‍ക്ക് വര്‍ഷത്തില്‍ രണ്ടു ദിവസം കൂടുതലായി അവധി അനുവദിക്കാന്‍ ധാരണയായതോടെ സാധാരണ നഴ്‌സുമാര്‍ അടക്കമുള്ള മറ്റു ഹോസ്പിറ്റല്‍ ജീവനക്കാരും അതേ ആവശ്യവുമായി രംഗത്തെത്തി.

നഴ്‌സുമാര്‍ ഇന്ന് മുതല്‍ നടത്താനിരുന്ന സമരം ഒഴിവാക്കാനായി ഇന്നലെ രാത്രി ഐ എന്‍ എം ഓ യും തമ്മില്‍ നടത്തിയ അവസാനവട്ട ചര്‍ച്ചകളെ തുടര്‍ന്നാണ് അടുത്ത രണ്ടു വര്‍ഷങ്ങളിലും രണ്ടു ദിവസം വീതം അവധി അനുവദിക്കുവാന്‍ ധാരണയായത്.മീല്‍ ബ്രേക്ക് ലഭിക്കാതിരുന്നതിന് പകരമായാണ് രണ്ടു ദിവസം നഴ്‌സുമാര്‍ക്ക് അവധി അനുവദിക്കുന്നത്.

തീരുമാനം പുറത്തു വന്നയുടന്‍ ഹോസ്പിറ്റല്‍ മേഖലയില്‍ ജോലി ചെയ്യുന്ന റേഡിയോഗ്രാഫര്‍മാര്‍,പോര്‍ട്ടര്‍മാര്‍,ആംബുലന്‍സ് ജീവനക്കാര്‍ എന്നിവരുടെ സംഘടനകളും രണ്ടു ദിവസത്തെ അവധി ആവശ്യപ്പെട്ട് രംഗത്തിറങ്ങുകയായിരുന്നു.തൊഴിലാളി സംഘടനയായ സിപ്ടു ജീവനക്കാരുടെ ആവശ്യം അധികൃതരുടെ മുമ്പില്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് വെളിപ്പെടുത്തി.

റേഡിയോഗ്രാഫര്‍മാര്‍,ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ ,പോര്‍ട്ടര്‍മാര്‍,ആംബുലന്‍സ് ജീവനക്കാര്‍,കാറ്ററിംഗ് ജീവനക്കാര്‍ എന്നിവരും സാധാരണ നഴ്‌സുമാരും പുതിയ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നു സിപ്ടു ഹെല്‍ത്ത് ഡിവിഷന്‍ ഓര്‍ഗനൈസര്‍ പോള്‍ ബെല്‍ വെളിപ്പെടുത്തി.

എമര്‍ജന്‍സി നഴ്‌സുമാര്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായ സമീപനം എച്ച് എസ് ഇ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവ അംഗീകരിക്കേണ്ടതുണ്ടോ എന്ന് ബാലറ്റ് മുഖേനെ സംഘടനയുടെ അംഗങ്ങള്‍ തീരുമാനിക്കും.കാര്യമായ ഓഫറുകളാണ് നഴ്‌സുമാര്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളത്.ആയതിനാല്‍ നിര്‍ണ്ണായകമായ തീരുമാനം എടുക്കുന്നത് വരെ സമരം ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.’ഐ എന്‍ എം ഓ നേതാക്കള്‍ വ്യക്തമാക്കി.

Scroll To Top