Thursday July 27, 2017
Latest Updates

അയര്‍ലണ്ടിലെ സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് നല്‍കിയ വാക്ക് മാറ്റുന്നു: പ്രക്ഷോഭവുമായി തെരുവിലിറങ്ങേണ്ടി വരുമെന്ന് ഐഎന്‍എം ഓ

അയര്‍ലണ്ടിലെ സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് നല്‍കിയ വാക്ക് മാറ്റുന്നു: പ്രക്ഷോഭവുമായി തെരുവിലിറങ്ങേണ്ടി വരുമെന്ന് ഐഎന്‍എം ഓ

ഡബ്ലിന്‍ :പുതിയ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി സ്പഷെല്‍ ‘ഡീല്‍’ ഒന്നുമുണ്ടാകില്ലെന്ന പബ്ലിക് എക്സപെന്‍ഡിച്ചര്‍ പാസ്ചല്‍ ഡോണോഗോയുടെ പ്രസ്താവനയ്‌ക്കെതിരെ നഴ്സുമാരുടെ സംഘടനയായ ഐഎന്‍എം ഓ രംഗത്തെത്തി.മുമ്പ് സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് നല്‍കിയ വാഗ്ദാനത്തിന് വിരുദ്ധമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് സംഘടനാ നേതാക്കള്‍ ആരോപിച്ചു.

ഇങ്ങനെയാണെങ്കില്‍ തൊഴില്‍ സുരക്ഷയും വിവിധ പ്രശ്നങ്ങളുമുന്നയിച്ച് നഴ്സുമാര്‍ പ്രക്ഷോഭവുമായി വീണ്ടും തെരുവിലിറങ്ങിവരും..ജോലി സ്ഥിരത,റിക്രൂട്മെന്റിന്റെ പ്രശ്നങ്ങള്‍,റീ-ടെന്‍ഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ പലപ്രാവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ഇവ പേ കമ്മീഷന്‍ പരിഗണിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നല്‍കിയിരുന്നത്.

സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയം ആതുരസേവന രംഗത്തെ സ്തംഭിപ്പിക്കുമെന്ന് നഴ്സുമാര്‍ മുന്നറിയിപ്പ് നല്‍കി.വേതനം കൂട്ടിയില്ല,റിക്രൂട്ട് മെന്റിലും റീ-ടെന്‍ഷനിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല-നഴ്സുമാര്‍ ചൂണ്ടിക്കാട്ടി.

ശമ്പളപരിഷ്‌കരണം വരാന്‍പോകുന്ന ഈ വേളയില്‍ മന്ത്രിയുടെ പ്രസ്താവന ദുരുപദിഷ്ടമാണെന്ന് ഐറീഷ് നഴ്സ് ആന്റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു.പബ്ലിക് എക്സപെന്‍ഡിച്ചര്‍ മന്ത്രിയുടെ നിലപാട് വ്യവസായ സുരക്ഷയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തെ അപകടത്തിലാക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.ഇവര്‍ക്കു പുറമേ വിവിധ സംഘടകളും ട്രേഡ് യൂണിയനുകളും മന്ത്രി പാസ്ചല്‍ ഡോണോഹോയെയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ഈ രംഗത്തെ പ്രശ്നങ്ങള്‍ ഒത്തൊരുമിച്ചു കണ്ട് പരിഹരിക്കുമെന്നും അതല്ലാതെ ഓരോരോ പ്രശ്നങ്ങള്‍ പ്രത്യേകമായല്ല പരിഗണിക്കുകയെന്നുമാണ് ഉദ്ദേശിച്ചതെന്നും വിശദീകരിച്ച് മന്ത്രി ഡോണോഗും രംഗത്തുവന്നു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ അജണ്ടയും കര്‍മപരിപാടിയും തയ്യാറാക്കണമെന്ന് നഴ്സസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ലിയാം ഡോറാന്‍ പറഞ്ഞു.മുന്‍വര്‍ഷങ്ങളില്‍ പിടിച്ചെടുത്തതും റദ്ദ് ചെയ്തതുമായ വേതനം തിരികെ നല്‍കണമെന്നാണ് നഴ്സുമാരുടെ പ്രധാന ആവശ്യം.

മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം തിരികെത്തരണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെടുന്നത്.കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളാണ് ആരോഗ്യരംഗത്തേത്.അത് പരിഹരിച്ച് നഴ്സുമാരയെും മറ്റ് ആരോഗ്യ സേവകരേയും ആകര്‍ഷിക്കാന്‍ കഴിയുന്ന മേഖലയായി അയര്‍ലണ്ടിന്റെ ആരോഗ്യരംഗത്തെ മാറ്റണം-ലിയാം ഡോറണ്‍ ആവശ്യപ്പെട്ടു.

Scroll To Top