Saturday December 10, 2016
Latest Updates

സഹിക്കാന്‍ ഇനി സമയമില്ലെന്ന് ഐ എന്‍ എം ഓ :സമരനടപടികള്‍ക്ക് പിന്തുണ നേടി രാജ്യവ്യാപകമായി വോട്ടെടുപ്പ് നടത്തും

സഹിക്കാന്‍ ഇനി സമയമില്ലെന്ന് ഐ എന്‍ എം ഓ :സമരനടപടികള്‍ക്ക് പിന്തുണ നേടി രാജ്യവ്യാപകമായി വോട്ടെടുപ്പ് നടത്തും

ഡബ്ലിന്‍:സര്‍ക്കാരിന് അന്ത്യശാസനം നല്‍കാന്‍ രാജ്യവ്യാപകമായി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്താന്‍ ഐറിഷ് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം.ആരോഗ്യമേഖലയില്‍ സമരം ചെയ്യുക എന്നത് ഏറ്റവും അവസാനത്തെ നടപടി ആയിരിക്കണം എന്ന് തങ്ങള്‍ക്ക് പൂര്‍ണ്ണബോദ്ധ്യമുണ്ടെന്നും, പക്ഷേ അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ആ അവസാന ഘട്ടം എത്തിയിരിക്കുന്നു എന്നും ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു. പരിഷ്‌ക്കാരങ്ങള്‍ക്കും, നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങള്‍ക്കും വേണ്ടി 12 വര്‍ഷങ്ങള്‍ കാത്തിരുന്നെന്നും ഇനി സമരമേയുള്ളൂ മാര്‍ഗ്ഗം എ്ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഐ എന്‍ എം ഓ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഭാരവാഹികള്‍, ആരോഗ്യമന്ത്രി ലിയോ വരേദക്കറുമായി ഇന്നലെയും അടിയന്തര കൂടികാഴ്ച നടത്തി.ഐ എന്‍ എം ഓ യുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സപ്തംബറില്‍ 7,500 ആളുകള്‍ ട്രോളിയില്‍ ഉണ്ടായിരുന്നു. മുന്‍കൊല്ലത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ദ്ധനവാണ് ട്രോളി വാസത്തില്‍ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മാത്രം 423 പേര്‍ ആശുപത്രിയില്‍ അഡ്മിഷന്‍ കാത്ത് വിവിധ ആശുപത്രികളില്‍ ട്രോളിയിലുണ്ടായിരുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്യുന്നവര്‍ സംവിധാനം തകര്‍ച്ചയുടെ ഘട്ടത്തിലാണ് എന്ന് കരുതുന്നത്. 

നവംബര്‍ ആദ്യ ആഴ്ച വോട്ടെടുപ്പ് നടക്കും എന്നാണ് കരുതപ്പെടുന്നത്. നാല് പ്രധാന ആവശ്യങ്ങളാണ് കൗണ്‍സില്‍ പ്രതിനിധികള്‍ എച്ച് എസ് ഇ യ്ക്കു മുന്നില്‍ വെച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് നില പരിഹരിക്കാന്‍ പ്രത്യേക റിക്രൂട്ട്‌മെന്റും ജീവനക്കാരെ നിലനിര്‍ത്താനുള്ള അടിയന്തര നടപടികളുമാണ് ആദ്യ ആവശ്യം. രണ്ടാമതായി എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റില്‍ എത്രയും വേഗം ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി റിവ്യൂ നടത്തണം. സീനിയര്‍ ക്ലിനിക്കല്‍ സാന്നിദ്ധ്യം ഉറപ്പാക്കണം എന്നാണ് മൂന്നാമത്തെ ആവശ്യം. ആവശ്യമെങ്കില്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഡയഗ്‌നോസ്റ്റിക്‌സില്‍ കൂടുതല്‍ പ്രവേശനം ആണ് നാലാമത്തെ ആവശ്യം. ഈ ആവശ്യങ്ങള്‍ അടിയന്തരമായി നിറവേറ്റപ്പെടുന്നില്ലെങ്കില്‍ രൂക്ഷമായ സമരത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന ഐ എന്‍ എം ഓ, ആശുപത്രികള്‍ ഇതോടെ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ബന്ധിതരാവും എന്ന വിശ്വാസത്തിലാണ്. 

Scroll To Top