Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സിംഗ് യൂണിയന്‍ നേതാക്കള്‍ വാങ്ങുന്ന ശമ്പളക്കണക്ക് കേട്ട് നഴ്‌സുമാര്‍ ഞെട്ടരുത് !

അയര്‍ലണ്ടിലെ നഴ്‌സിംഗ് യൂണിയന്‍ നേതാക്കള്‍ വാങ്ങുന്ന ശമ്പളക്കണക്ക് കേട്ട് നഴ്‌സുമാര്‍ ഞെട്ടരുത് !

ഡബ്ലിന്‍ :യൂണിയന്‍ നേതാക്കള്‍ക്ക് ലോകത്തെവിടെയും പൊതുവായ ഒരു സ്വഭാവമുണ്ട് .സംഘടനാ മെംബര്‍മാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ലഭിക്കുന്ന വരുമാനത്തിന് ഒരു കണക്കും ഉണ്ടാവില്ല.അയര്‍ലണ്ടിലെ ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള നഴ്‌സിംഗ് മേഖലയിലെ സംഘടനാ നേതാക്കളെ നോക്കുക.അവരും ശമ്പളകാര്യത്തില്‍ മാത്രം വ്യത്യസ്ഥരല്ല.

.നേതാക്കന്‍മാര്‍ വാങ്ങുന്ന ശമ്പളത്തിന്റെ കണക്കു കേട്ട് നഴ്‌സുമാര്‍ ഞെട്ടേണ്ട!നഴ്‌സിംഗ് യൂണിയന്‍ നേതാക്കള്‍ വാങ്ങുന്നത് നഴ്‌സുമാരുടെ ശമ്പളത്തിന്റെ മൂന്നര മടങ്ങ് കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍. എച്ച്എസ്ഇയിലെ ഹ്യുമന്‍ റിസോഴ്‌സ് ഡയറക്ടറുടെ ശമ്പളത്തിനു തുല്യമായ തുകയാണ് നഴ്‌സിംഗ് യുണിയന്‍ ചീഫായ ലിയാം ഡൊറന്റെ ശമ്പളം. അതായത് 1,47,000 യൂറോ.

ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ഓര്‍ഗനൈസേഷന്റെ (ഐഎന്‍എംഒ) ഡയറക്ടറും സെക്രട്ടറിയുമായ ഡോറന്‍ യഥാര്‍ഥ ശമ്പളത്തെ പറ്റിയോ പെന്‍ഷനെക്കുറിച്ചോ ഒന്നും വെളിപ്പെടുത്താന്‍ തയാറായില്ല. എന്നാല്‍ സംഭവം ഏറെ വിവാദമായതോടെ തന്റെ പേ ഗ്രേഡ് എച്ച്എസ്ഇ എച്ച്ആര്‍ ഡയറക്ടറിടേതിനു തുല്യമെന്ന് അറിയിച്ചു. യൂണിയനിലെ ജീവനക്കാരുടെ ശമ്പളം എച്ച്എസ്ഇയിലേതുപോലെ പബ്ലിക് സര്‍വീസ് ഗ്രേഡിനെ അടിസ്ഥാനമാക്കിയാണ്. ജൂലൈയില്‍ പുറത്തിറക്കിയ യുണിയന്റെ ഏറ്റവും പുതിയ വാര്‍ഷിക കണക്കനുസരിച്ച് 5.3 മില്യന്‍ യൂറോയുടെ പേ ആന്‍ഡ് പെന്‍ഷന്‍ ബില്ലാണ് ഉള്ളത്. ഇതില്‍ 4.2 മില്യന്‍ യൂറോ ശമ്പളത്തിനായാണ് വിനിയോഗിക്കുന്നത്. 

68 ജീവനക്കാരുണ്ട്. ഇതില്‍ പത്തുപേര്‍ പാര്‍ട്ട്‌ടൈം ജീവനക്കാരും. ശരാശരി വേതനം 61,560 യൂറോ. 
എച്ച്എസ്ഇ ഗ്രേഡിനനുസരിച്ചാണ് യൂണിയനിലെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇവരുടെ ശമ്പളം ഏകദേശം 80,000 യൂറോ മുതല്‍ 90,000 യൂറോ വരെയാണ്. ഓരോരുത്തരുടെയും ശമ്പളം പരസ്യപ്പെടുത്തരുത് എന്നത് യുണിയന്റെ നയത്തിന്റെ ഭാഗമാണെന്ന് ഡോറന്‍ വ്യക്തമാക്കി.അല്ല പിന്നെ…ഇതൊക്കെ നഴ്‌സുമാരും പൊതുജനവും അറിഞ്ഞാല്‍ സംഗതി മോശമല്ലേ ?



Scroll To Top