Thursday December 08, 2016
Latest Updates

ഐഎന്‍ എം ഓ ബാലറ്റ് നടപടികള്‍ ആരംഭിച്ചു,ജോലിഭാരവും ശമ്പളക്കുറവും പരിഹരിക്കും വരെ സമരം

ഐഎന്‍ എം ഓ ബാലറ്റ് നടപടികള്‍ ആരംഭിച്ചു,ജോലിഭാരവും ശമ്പളക്കുറവും പരിഹരിക്കും വരെ സമരം

ഡബ്ലിന്‍:ജോലിഭാരവും,ശമ്പളക്കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ നഴ്സുമാര്‍ ആരംഭിക്കാനിരിക്കുന്ന സമരനടപടികള്‍ക്ക് ഐഎന്‍എംഓ നേതൃത്വം പ്രാരംഭചര്‍ച്ചകള്‍ തുടങ്ങി.ഇന്ന് ചേര്‍ന്ന ഐഎന്‍എംഓ എക്‌സിക്യൂട്ടിവ് കമ്മിറ്റി സമരത്തിന് അംഗീകാരം തേടി നഴ്‌സുമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചു.

രാജ്യത്തെ ബഹുഭൂരിപക്ഷം നഴ്സുമാരും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് കൊണ്ടാണ് സമരം എന്നതിനാല്‍ ബാലറ്റ് നടപടികള്‍ സമരത്തിലേക്ക് വഴി തുറക്കുമെന്ന് ഉറപ്പാണ്.അങ്ങനെയെങ്കില്‍ ജനുവരി മാസത്തോടെ നഴ്സുമാര്‍ സമരമാരംഭിക്കും.

അമിത ജോലിഭാരം ഉള്ള മേഖലകളില്‍ ബെഡ്ഡുകളുടെ എണ്ണം വെട്ടിച്ചുരുക്കിയും കൂടുതല്‍ നഴ്സുമാരെ നിയോഗിച്ചും ആരോഗ്യകരമായ സാഹചര്യം ഒരുക്കണമെന്നാണ് നഴ്സുമാരുടെ പ്രഥമ ആവശ്യം.വെട്ടിച്ചുരുക്കിയ ശമ്പളം ഭാഗീകമായി മാത്രമാണ് ഇതേ വരെ പുനഃസ്ഥാപിച്ചിട്ടുള്ളത്.2009 ന് മുമ്പുണ്ടായിരുന്ന ശമ്പളവ്യവസ്ഥകളും ആനുകൂല്യങ്ങളും പൂര്‍ണ്ണമായി തിരികെ ലഭിക്കണമെന്നുള്ള ആവശ്യം ഇത്തവണയും സമരാവശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിശ്ചിത സമയം മാത്രം ജോലി ചെയ്തുകൊണ്ടും,നിര്‍ബന്ധിത ഓവര്‍ ടൈം ജോലികള്‍ ഒഴിവാക്കി കൊണ്ടും ആരംഭിക്കുന്ന നടപടികള്‍ ഫലം കണ്ടില്ലെങ്കില്‍ ജോലി ബഹിഷ്‌കരിച്ച് സമരരംഗത്തിറങ്ങാനാണ് യൂണിയന്റെ തീരുമാനം.

സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് മുമ്പോട്ടു വന്ന് യൂണിയന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്ന് ഐഎന്‍എംഓ
പ്രസിഡണ്ട് മാര്‍ട്ടീന കെല്ലി പ്രത്യാശ പ്രകടിപ്പിച്ചു.ഇപ്പോഴത്തെ അനാരോഗ്യകരമായ അവസ്ഥയുമായി മുന്നോട്ടു പോകാന്‍ അയര്‍ലണ്ടിലെ നഴ്സിംഗ് സമൂഹത്തിന് ആവില്ലെന്ന് അവര്‍ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top