Saturday August 19, 2017
Latest Updates

നഴ്‌സുമാരുടെ ശമ്പളവും ജോലിസമയവും 2009 ന് മുമ്പുള്ള അവസ്ഥയിലേയ്ക്ക് പുന:സ്ഥാപിക്കണമെന്ന് ഐ എന്‍ എം ഓ 

നഴ്‌സുമാരുടെ ശമ്പളവും ജോലിസമയവും 2009 ന് മുമ്പുള്ള അവസ്ഥയിലേയ്ക്ക് പുന:സ്ഥാപിക്കണമെന്ന് ഐ എന്‍ എം ഓ 

ഡബ്ലിന്‍:സാമ്പത്തിക ഞെരുക്കത്തിന്റെ കാലങ്ങളില്‍ വെട്ടിച്ചുരുക്കിയ മുഴുവന്‍ ആനുകൂല്യങ്ങളും സാമ്പത്തികാവസ്ഥ മെച്ചപ്പെട്ട സാഹച്ചര്യത്തില്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈഫറി ഓര്‍ഗനൈസേഷന്‍ രംഗത്തെത്തി.2009 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ പെന്‍ഷന്‍ ലെവി ,നേരിട്ടുള്ള ശമ്പളം വെട്ടിചുരുക്കല്‍ എന്നീ ഇനങ്ങളിലായാണ് അയര്‍ലണ്ടിലെ നഴ്‌സുമാരുടെ പ്രതിമാസ വരുമാനത്തില്‍ 15 ശതമാനത്തോളം കുറവുണ്ടായത്.ഇവ 2009 ന് മുമ്പുണ്ടായിരുന്ന ക്രമത്തിലേയ്ക്ക് തിരികെ ക്രമീകരിച്ചു നല്കണമെന്നാണ് ഐ എന്‍ എം ഓ യുടെ ആവശ്യം 

പെന്‍ഷന്‍ ലെവി ഒഴിവാക്കിയാല്‍ മാത്രം ശരാശരി 7% ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും.നാല്‍പ്പതിനായിരം യൂറോ വരുമാനം ഉള്ളയൊരാള്‍ ഇപ്പോള്‍ ഏകദേശം 230 യൂറോയാണ് പ്രതിമാസ പെന്‍ഷന്‍ ലെവി അടയ്ക്കുന്നത്.

ഇതിനു പുറമേ 37 മണിക്കൂര്‍ ആയിരുന്ന ജോലി സമയം 39 മണിക്കൂറായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.കൂടുതലായി ജോലി ചെയ്യേണ്ടി വന്നിരുന്ന രണ്ട് മണിക്കൂറിന് നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കിയിരുന്നുമില്ല.സാമ്പത്തിക പ്രതിസന്ധി അവസാനിച്ച സാഹചര്യത്തില്‍ 37 മണിക്കൂര്‍ എന്ന പഴയ സമയക്രമത്തിലേയ്ക്ക് തിരികെ പോകണമെന്നും നഴ്‌സസ് യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

അടുത്ത മാസം സര്‍ക്കാരും യൂണിയനുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലാവും ഔദ്യോഗികമായും ഈ ആവശ്യം ഉന്നയിക്കുകയെന്ന് ഐ എന്‍ എം ഓ എക്‌സിക്യൂട്ടിവ് കൌണ്‍സില്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ നിശ്ചിത കാലത്തേയ്ക്ക് മാത്രമായിരിക്കും എല്ലാ വെട്ടിച്ചുരുക്കലുകളും ഉണ്ടാവുകയെന്ന് മുന്‍ ധാരണയുണ്ടായിരുന്നതെന്ന് ഐ എന്‍ എം ഓ ഇന്ഡസ്ട്രിയല്‍ ഡയറക്റ്റര്‍ ഫില്‍ ഷീഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഹഡ്ഡിംഗ്ട്ടന്‍ റോഡ് എഗ്രിമെന്റിന്റെ കാലാവധി 2016 വരെയുള്ളതാണ്.എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ സുസ്ഥിരമായതായി സര്‍ക്കാര്‍ അവകാശപ്പെടുന്ന അവസ്ഥയില്‍ എഗ്രിമെന്റ് കാലാവധിക്ക് മുംമ്പേ തന്നെ അവസാനിപ്പിക്കാനായി സര്‍ക്കാര്‍ അനുവദിക്കണമെന്നും നഴ്‌സസ് യൂണിയന്‍ ആവശ്യപ്പെടും.

സാമ്പത്തിക ദുരിതത്തിന്റെ കാലത്ത് സമ്പദ് വ്യവസ്ഥയിലേയ്ക്ക് ഏറ്റവും അധികം സംഭാവന ചെയ്ത വിഭാഗമാണ് നഴ്‌സുമാരുടേത്.പുതിയ നിയമനങ്ങള്‍ റദ്ദ് ചെയ്തപ്പോഴും ,അധിക ജോലിയെടുക്കാനുള്ള നിര്‍ദേശം അംഗീകരിച്ചും മോശപ്പെട്ട ജോലി സാഹചര്യങ്ങളെ സഹിച്ചും പ്രതിസന്ധിയെ അതിജീവിക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന നഴ്‌സുമാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു തരുമെന്നാണ് പ്രതീക്ഷയെന്ന് ഐ എന്‍ എം ഓ ഭാരവാഹികള്‍ പറഞ്ഞു. 

സര്‍ക്കാരാവട്ടെ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ തന്നെ പൊതുമേഖലാ ജീവനക്കാരുടെ വര്‍ദ്ധിപ്പിച്ച ജോലിസമയവും ,വെട്ടിക്കുറച്ച ശമ്പളവും പുനസ്ഥാപിക്കാനുള്ള നയത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.ഇതില്‍ പെന്‍ഷന്‍ ലെവിയുടെ വെട്ടിച്ചുരുക്കല്‍ ഉള്‍പ്പെടുന്നില്ല.എങ്കിലും യൂണിയനുകളുടെ ആവശ്യപ്രകാരം ഘട്ടം ഘട്ടമായിയെങ്കിലും പെന്‍ഷന്‍ ലെവിയും പിന്‍വലിക്കുന്നത് പരിഗണിക്കുമെന്ന് പൊതു ചിലവുകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു 

Scroll To Top