Saturday December 10, 2016
Latest Updates

ഐ ടി മേഖലയില്‍ അയര്‍ലണ്ടില്‍ നൂറുകണക്കിന് ഒഴിവുകള്‍:മലയാളികള്‍ മടിച്ചു നില്‍ക്കുന്നിടത്ത് ഇടിച്ചു കയറുന്നത് ഇന്ത്യയിലെ അന്യസംസ്ഥാനക്കാര്‍ 

ഐ ടി മേഖലയില്‍ അയര്‍ലണ്ടില്‍ നൂറുകണക്കിന് ഒഴിവുകള്‍:മലയാളികള്‍ മടിച്ചു നില്‍ക്കുന്നിടത്ത് ഇടിച്ചു കയറുന്നത് ഇന്ത്യയിലെ അന്യസംസ്ഥാനക്കാര്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വിവര സാങ്കേതിക രംഗത്ത് വിദഗ്ദ തൊഴിലാളികളുടെ ലഭ്യതയില്‍ രൂക്ഷമായ ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ രംഗത്ത് പഠനം നടത്തുകയും പരിശീലന പദ്ധതികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഫാസ്റ്റ്ട്രാക്ക് ടു ഐടി അടക്കമുള്ള ഏതാനം സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച കണക്കുകള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ പുറത്തുവിട്ടിരുന്നു.

നിലവില്‍ വിവര സാങ്കേതിക രംഗത്തു മാത്രം രാജ്യത്ത് 3 000 ഒഴിവുകള്‍ ഉണ്ടെന്നാണ് എഫ് ഐ റ്റി പറയുന്നത് . ആറു മുതല്‍ 24 മാസം വരെ നീണ്ട പരിശീലനം അവശ്യമുള്ളവയാണ് ഈ ജോലികളില്‍ അധികവും. 38 ബഹുരാഷ്ട്ര കമ്പനികളെ പഠനവിധേയമാക്കിയാണ് സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.,ഗൂഗിള്‍ ,ഫേസ് ബുക്ക് ,ആമസോണ്‍ എന്നിവയടക്കമുള്ള വന്‍ കമ്പനികളും രാജ്യത്തൊട്ടാകെ വ്യാപിച്ചു കിടക്കുന്ന ചെറുകിട ഐ ടി കമ്പനികളും ഇപ്പോള്‍ വിദഗ്ദ തൊഴിലാളികളെ കിട്ടാതെ വലയുകയാണ് എന്നാണ് കണ്ടെത്തല്‍.

ഗവണ്‍മെന്റ് വകുപ്പുകള്‍, വിവിധ വിദ്യഭ്യാസ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എഫ് ഐ റ്റി യില്‍ സീ മണ്‍സ്, മൈക്രോസോഫ്റ്റ്, ഇ ബേ, സ്‌കില്‍ സോഫ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികളുടെ പ്രധിനിധികള്‍ അംഗങ്ങളാണ്.ഇവിടങ്ങളിലും നിരവധി ഒഴിവുകളുണ്ട്.

തൊഴിലാളി ക്ഷാമം രാജ്യത്തെ വിദേശ നിക്ഷേപ നിരക്ക് കുറച്ചേക്കാമെന്ന് പഠനം പറയുമ്പോഴും അയര്‍ലണ്ടിലെ അനുകൂല സാഹചര്യങ്ങള്‍ ലക്ഷ്യമിട്ട് നിരവധി ഐ ടി കമ്പനികള്‍ ഇപ്പോഴും ഇങ്ങോട്ടേയ്ക്ക് കുടിയേറ്റം തുടരുന്നുണ്ട്. മേഖലയില്‍ രാജ്യത്തിനകത്തു നിന്നു തന്നെ ആവശ്യത്തിനു തൊഴിലാളികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ നഷ്ട്ടമായതിനെ തുടര്‍ന്ന് ഇപ്പോള്‍ നൂറുകണക്കിന് ഐ ടി വിദഗ്ദരെ വിദേശത്തു നിന്നും കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്.

പ്രധാനമായും ഇന്ത്യയില്‍ നിന്നാണ് ഐ ടി മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ തൊഴിലാളികള്‍ എത്തുന്നത്.കഴിഞ്ഞ വര്‍ഷം പ്രധാന ഐ ടി കമ്പനികള്‍ മാത്രം രണ്ടായിരത്തോളം ഇന്ത്യാക്കാരെ അയര്‍ലണ്ടില്‍ എത്തിച്ചു.ഇതില്‍ കൂടുതലും തെലുങ്കാനആന്ധ്രാ പ്രദേശ് മേഖലയില്‍ നിന്നുള്ളവരാണ്.മലയാളികള്‍ പത്തിലൊന്ന് പേര്‍ പോലുമില്ലെന്നാണ് ലഭ്യമായ വിവരം.

ഐ ടി മേഖലയില്‍ സജീവമായി രംഗത്തുള്ള മലയാളികള്‍ അയര്‍ലണ്ടിലേയ്ക്കുള്ള സാധ്യതകള്‍ കാണാതെ പോവുകയാണെന്ന് ഒരു പ്രമുഖ ഐ ടി കമ്പനിയിലെ മലയാളിയായ ജീവനക്കാരന്‍ ഐറിഷ് മലയാളിയോട് പറഞ്ഞു.ഓണ്‍ ലൈന്‍ വഴി ജോലിയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നിരവധി കമ്പനികള്‍ തുറന്നിട്ടുണ്ട്.റിക്രൂട്ട്‌മെന്റ് എജന്‍സികളും ഉദ്യോഗാര്‍ഥികളെ തേടുന്നുണ്ട്.’

നിരവധി ഘട്ടങ്ങളിലായി ഓണ്‍ ലൈന്‍ വഴി തന്നെയാണ് ഇന്റര്‍വ്യൂ വും എന്നതിനാല്‍ അവസരം കണ്ടെത്തി പ്രയോജനപ്പെടുത്തിയാല്‍ മികച്ച ശമ്പളഘടനയാണ് അയര്‍ലണ്ടില്‍ മലയാളികളെ കാത്തിരിക്കുന്നത്.ഐ ടി മേഖലയില്‍ വിദേശത്തു നിന്നുള്ള വിദഗ്ദ തൊഴിലാളികള്‍ക്ക് ഏറ്റവും ചുരുങ്ങിയ വാര്‍ഷിക ശമ്പളം 60.000 യൂറോയാണ്.

Scroll To Top