Thursday September 21, 2017
Latest Updates

ഇന്ത്യയെ നാണം കെടുത്താന്‍ നാഗാലാന്‍ഡും:ബലാത്സംഗം ചെയ്തയാളെ ജനക്കൂട്ടം സെന്‍ട്രല്‍ ജയിലില്‍നിന്ന് പിടിച്ചുകൊണ്ടു പോയി പ്രാകൃതരീതിയില്‍ കൊലപ്പെടുത്തി

ഇന്ത്യയെ നാണം കെടുത്താന്‍ നാഗാലാന്‍ഡും:ബലാത്സംഗം ചെയ്തയാളെ ജനക്കൂട്ടം സെന്‍ട്രല്‍ ജയിലില്‍നിന്ന് പിടിച്ചുകൊണ്ടു പോയി പ്രാകൃതരീതിയില്‍ കൊലപ്പെടുത്തി

നാഗാലാന്‍ഡ് : ബലാത്സംഗക്കുറ്റത്തിന് പിടിയിലായ പ്രതിയെ ജയിലിന്റെ പൂട്ട് പൊളിച്ചു തട്ടിക്കൊണ്ടു പോയി നഗ്‌നനായി വലിച്ചിഴച്ചശേഷം തല്ലിക്കൊന്നു. ഇന്ത്യന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ദിമാപൂരിലാണ് സംഭവം നടന്നത്. നാഗാലാന്‍ഡിലെ ഏറ്റവും വലിയ നഗരമാണ് ദിമാപൂര്‍. ഇവിടുത്തെ സെന്‍ട്രല്‍ ജയിലില്‍ അതിക്രമിച്ചു കടന്നാണ് അക്രമാസക്തരായ ജനക്കൂട്ടം നിയമം കൈയിലെടുത്തത്.lynch

ജയില്‍സുരക്ഷയെ മറികടന്ന് പ്രതിയെ നഗ്‌നനാക്കി തെരുവിലൂടെ നാല് മണിക്കൂര്‍ വലിച്ചിഴച്ചു. ജനക്കൂട്ടത്തിന്റെ നാല് മണിക്കൂര്‍ നേരത്തെ ഭേദ്യം ചെയ്യലിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടത്. വലിയ കമ്പുകള്‍ ഉപയോഗിച്ച് അടിച്ചും കല്ലെറിഞ്ഞുമാണ് ചെറുപ്പക്കാരായ ആളുകള്‍ നിയമത്തിന്റെ വഴിക്ക് കാത്ത് നില്‍ക്കാതെ സ്വയം വിധികര്‍ത്താക്കളായത്.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന 35 വയസ്സുള്ള ആളാണ് നാട്ടുകാരുടെ ക്രൂരവിനോദത്തിന് ഇരയായതെന്ന് ദ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം 24ന് ഈ പ്രദേശത്തെ ഒരു വുമണ്‍സ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

ബലാത്സംഗങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും ഇന്നലെ ദിമാപൂര്‍ നഗരത്തില്‍ കൂറ്റന്‍ റാലി നടന്നിരുന്നു. ഈ റാലിയില്‍ പങ്കെടുക്കാനെത്തിയവരാണ് ജയിലില്‍ അതിക്രമിച്ച് കയറി പ്രതിയെ വലിച്ചിഴച്ച് പുറത്തെത്തിച്ചത്. ജയിലില്‍നിന്ന് നഗരത്തിലെ ക്ലോക്ക് ടവറിന് സമീപത്തേരക്കാണ് ഇയാളെ വലിച്ചിഴച്ച് കൊണ്ടുപോയത്. അക്രമാസക്തരായ ജനക്കൂട്ടം ജയിലിന്റെ രണ്ട് ഗെയ്റ്റുകള്‍ തകര്‍ത്തിട്ടുണ്ട്.lynch

റേപ്പിസ്റ്റ് വ്യാപാരം നടത്തിയിരുന്ന പ്രദേശത്തെ വീടുകളും കടകളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അക്രമികള്‍ പ്രതിയെ കൊണ്ടു പോകാതിരിക്കാനായി പൊലീസ് വെടിവെപ്പ് ഉള്‍പ്പെടെ നടത്തിയെങ്കിലും ജനങ്ങളുടെ രോഷത്തിന് മുന്‍പില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പൊലീസ് വെടിവെയ്പ്പില്‍ ജനങ്ങള്‍ക്കും കല്ലേറില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ മൃതദേഹം പിന്നീട് പൊലീസ് വഴിയില്‍നിന്ന് നീക്കം ചെയ്തു.

ഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തെക്കുറിച്ച് ബ്രിട്ടീഷ് ഫിലിം മേക്കറായ ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ് ബലാത്സംഗത്തിന് എതിരെ ജനകീയ പ്രക്ഷോഭവും അതെത്തുടര്‍ന്ന് ദാരുണമായ സംഭവവും അരങ്ങേറിയിരിക്കുന്നത്. ഇന്ത്യയുടെ വിലക്ക് മറികടന്ന് ബിബിസി ഫോര്‍ സ്‌റ്റോറിവില്ല സീരിസില്‍ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു. അതിന് പിന്നാലെ അത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

സംവിധായികയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാരോപിച്ചാണ് യാഥാസ്ഥിതികരായ ഇന്ത്യന്‍ ഭരണകൂടം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞത്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഈ ഡോക്യുമെന്ററി ഇടിക്കുമെന്ന് ബിജെപി നേതൃത്വവും യാഥാസ്ഥിതിക സമൂഹവും വിലയിരുത്തുന്നു.

യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്ന വീഡിയോ ബിബിസി നീക്കം ചെയ്‌തെങ്കിലും പിന്നീട് പല യൂട്യൂബ് ചാനലുകളിലായി അത് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ടോറന്റിലും വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കാണാനുള്ള ലിങ്ക് ലഭ്യമാണ്. തങ്ങളുടെ അന്ത്യശാസനം തള്ളിക്കളഞ്ഞ ബിബിസി ന്യൂസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മോഡി സര്‍ക്കാര്‍. ബിബിസി ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അത് സംപ്രേഷണം ചെയ്യരുതെന്നും ചെയ്താല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും കാണിച്ച് നോട്ടീസ് അയച്ചു. എന്നാല്‍ ബിബിസി ഒരു സ്വതന്ത്ര ബോഡിയാണെന്നും ഇന്ത്യന്‍ സര്‍ക്കാരിന് ഞങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ബിബിസിയുടെ മറുപടി.lynch

ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി ചര്‍ച്ചകള്‍ നടന്നു. സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലും ചര്‍ച്ചകള്‍ കൊഴുത്തു. കവിതാ കൃഷ്ണന്‍, സുനിതാ കൃഷ്ണന്‍ തുടങ്ങി നിരവധി ആക്ടിവിസ്റ്റുകള്‍ ചിത്രത്തിന് അനുകൂലമായി നിലപാടെടുക്കുകയും സര്‍ക്കാരിന്റെ ഫാസിസ്റ്റ് രീതികളെ വിമര്‍ശിക്കുകയും ചെയ്തു. അതേസമയം ഇത് സംപ്രേഷണം ചെയ്തത് തെറ്റാണെന്നും അത് നിര്‍ഭയയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും യാഥാസ്ഥിതിക സമൂഹം വാദിച്ചുകൊണ്ടേയിരുന്നു. അവര്‍ക്കൊപ്പം ടൈംസ് നൗ ചാനലും അര്‍ണാബ് ഗോസ്വാമിയും ചേര്‍ന്നു. ചിര വൈരികളായ എന്‍ഡിടിവിയുടെ ഇമേജ് ഇടിക്കാന്‍ ടൈംസ് നൗവിന് കിട്ടിയ അവസരം അവര്‍ മുതലെടുത്തു.

Scroll To Top