Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ സസ്യാഹാരം അന്യമാവുന്നോ?ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ വിളമ്പുന്നതും നോണ്‍ വേജ് മാത്രം !

ഡബ്ലിനില്‍ സസ്യാഹാരം അന്യമാവുന്നോ?ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ വിളമ്പുന്നതും നോണ്‍ വേജ് മാത്രം !

ഡബ്ലിന്‍: അയര്‍ലണ്ടിലെ റെസ്റ്റോറന്റുകളുടെ ചരിത്രം ഇന്ത്യന്‍ റെസ്റ്റോറന്റുകളുടേത് കൂടിയാണ്.നൂറ്റിയേഴ് വര്‍ഷം മുന്‍പേ ഡബ്ലിനില്‍ ആദ്യ ഇന്ത്യന്‍ റെസ്റ്റോറന്റ്‌റ് ഉണ്ടായിരുന്നു എന്നത് ചരിത്രകുതുകികളെ അമ്പരപ്പിക്കുന്ന സത്യമാണ്. 

irish-ii1908 ല്‍ ഡബ്ലിനിലാണ് ആദ്യമായി ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ് തുടങ്ങിയത്.കരീം ഖാന്‍ എന്നയാളാണ് ഇതിന്റെ ശില്പ്പി ആയിരുന്നത്.ഇന്ത്യയുടെ പരമ്പരാഗത വേഷമിട്ട് നിര്‍ത്തിയ ജീവനക്കാരുമൊക്കെയായി ഐറിഷ് ടൈംസ് പത്രത്തില്‍ പരസ്യമൊക്കെ ചെയ്തു ഗംഭീരമായി ആയിരുന്നു തുടക്കം.എന്നാല്‍ ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു ഇതിന്റെ ആയുസ്.ഇന്നത്തെ ഓ കോണല്‍ സ്ട്രീറ്റിന് അടുത്ത് ഗ്രീഷാം ഹോട്ടല്‍ പരിസരത്തായിരുന്നു ആദ്യത്തെ ഇന്ത്യന്‍ റെസ്റ്റോറന്റ്.വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഡബ്ലിനിലെ ആദ്യത്തെ റെസ്റ്റോറന്റ് എന്ന നിലയിലും ഇതിന്റെ പ്രശസ്തി അയര്‍ലണ്ടില്‍ എങ്ങും വ്യാപിച്ചിരുന്നു.ആദ്യമായി ഡബ്ലിനില്‍ തുടങ്ങിയ ഒരു ഏഷ്യന്‍ സംരംഭം കാണാനും രുചിച്ചറിയാനും ദൂരങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ ഇവിടെയെത്തിയിരുന്നു.
റെസ്റ്റോറന്റ് പ്രവര്‍ത്തനം നിര്‍ത്താനുള്ള കാരണം പറയപ്പെടുന്നത് മറ്റൊരു ചരിത്രമാണ്.ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം തയാറാക്കാന്‍ നിയുക്തനായിരുന്ന പാചകക്കാരന്‍, മുഖ്യ ചെഫ് കൂടിയായ ഉടമയോട് പിണങ്ങിപോയത്രേ.മാത്രമല്ല ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യന്‍ പാചകത്തിനുള്ള അനുസാരികള്‍ കൃത്യമായി എത്തി ചേരാതിരിക്കുകയും ചെയ്തു 

പിന്നീട് 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയര്‍ലണ്ടില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ് ആരംഭിച്ചത്.ലോവര്‍ ബാഗോട്ട് സ്ട്രീറ്റില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന പേരില്‍ തന്നെയാണ് റെസ്റ്റോറന്റ് ആരംഭിച്ചത്. ബാഗോട്ട് സ്ട്രീറ്റിലെ ഈ ഇന്ത്യന്‍ റെസ്റ്റോറന്റ് 1943 ല്‍ അടച്ചു പൂട്ടി. 1939 ല്‍ എഴുതപ്പെട്ട ഐറിഷ്  ഡയറിക്കുറിപ്പുകളില്‍ ഈ ഇന്ത്യന്‍ റെസ്റ്റോറന്റിനെക്കുറിച്ച് പരാമര്‍ശമുണ്ട്. indian ii

ഈ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ അയര്‍ലണ്ടുകാരായ നിരവധി പേരും എത്തി ഇന്ത്യന്‍ ഭക്ഷണം രുചിച്ചിരുന്നതായി അക്കാലത്ത് എഴുതപ്പെട്ട കുറിപ്പുകള്‍ വെളിപ്പെടുത്തുന്നു.ii

ബാഗോട്ട് സ്ട്രീറ്റിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് അടച്ചു പൂട്ടിയതിനു ശേഷം 1956 ലാണ് മറ്റൊരു ഇന്ത്യന്‍ റെസ്റ്റോറന്റ് ഡബ്ലിനില്‍ ആരംഭിച്ചത്.ഗോള്‍ഡിയന്‍ ഒറിയന്റ് എന്നായിരുന്നു ഈ റെസ്റ്റോറന്റിന്റെ പേര്.കെനിയയില്‍ നിന്ന് അയര്‍ലണ്ടില്‍ കുടിയേറിയ കാശ്മീരി വംശജനനായ മുഹമ്മദും ഭാര്യ അയര്‍ലണ്ടുകാരിയായ ടെറിയും ചേര്‍ന്നാണ് ഈ ഗോള്‍ഡിയന്‍ ഒറിയന്റ് ആരംഭിച്ചത്.1984 വരെ ഗോള്‍ഡിയന്‍ ഒറിയന്റ് പ്രവര്‍ത്തിച്ചു. 

1966 ല്‍ ക്ലെയര്‍ സ്ട്രീറ്റില്‍ താജ് മഹല്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറന്റ് ആരംഭിച്ചു. മോഹിന്ദര്‍ സിംഗ് ഗില്‍ ആയിരുന്നു ഇതിന്റെ ഉടമ.1990 കളുടെ അവസാനം വരെ ഈ റെസ്റ്റോറന്റ് ഇവിടെ പ്രവര്‍ത്തിച്ചു.അയര്‍ലണ്ടില്‍ ഏറ്റവുമധികം കാലം പ്രവര്‍ത്തിച്ച ഇന്ത്യന്‍ റെസ്റ്റോറന്റാണ് താജ് മഹല്‍. 

അയര്‍ലണ്ടിലെ ഹിന്ദു, സിഖ് കമ്മ്യൂണിറ്റിയിലെ ആദ്യകാല കുടിയേറ്റക്കാര്‍ താജ് മഹല്‍ ഹോട്ടലിലെ ജീവനക്കാരായാണ് അയര്‍ലണ്ടില്‍ എത്തിയത്.താജ് മഹലിലെ ജീവനക്കാരില്‍ ഭൂരിപക്ഷം പേരും ജലന്തരില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു.1972 ല്‍ കോര്‍ക്കില്‍ താജ് മഹലിന്റെ ഒരു ശാഖ കൂടി ആരംഭിക്കുകയുണ്ടായി.1987 ല്‍ പാക്കിസ്ഥാന്‍ ആര്‍മിയില്‍ മേജറായിരുന്ന സിഖന്ദര്‍ ഖാന്‍ താജ് മഹല്‍ റെസ്റ്റോറന്റ് ഏറ്റെടുക്കുകയും 90 കളുടെ പകുതിയോടെ റെസ്റ്റോറന്റ് അടച്ചു പൂട്ടുകയും ചെയ്തു.ഡബ്ലിനില്‍ ഇന്ത്യന്‍ രുചിക്കൂട്ടുകളുടെ മുഖ്യ പ്രചാരകര്‍ താജ് മഹല്‍ എന്ന ഈ ഹോട്ടല്‍ തന്നെയായിരുന്നു. taj-mahal-1979-2.j

സിഖന്ദര്‍ ഖാന്റെ മകന്‍ നസീര്‍ 1991 ല്‍ സൌത്ത് കിങ്ങ്‌സ് സ്ട്രീറ്റില്‍ റോയല്‍ തന്തൂരി എന്നൊരു റെസ്റ്റോറന്റ് ആരംഭിക്കുകയും 1997 ല്‍ ഖാന്‍സ് ബാള്‍ട്ടി ഹൌസ് എന്ന് പേര് മാറ്റി ഡോണിബ്രൂക്കിലേക്ക് റെസ്റ്റോറന്റ് മാറ്റുകയും ചെയ്തു. ഇത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.തനി ഇന്ത്യന്‍ അല്ലെങ്കിലും ഇന്ന് അയര്‍ലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള റെസ്റ്റോറന്റുകളില്‍ ഒന്നാണ് ഖാന്‍സ് ബാള്‍ട്ടി ഹൌസ്.

റിച്ച്‌മോണ്ട് സ്ട്രീറ്റിലെ ബോംബെ ഗ്രില്‍, കാംഡെന്‍ സ്ട്രീറ്റിലെ കല്‍ക്കട്ട, ലോവര്‍ കാംഡെന്‍ സ്ട്രീറ്റിലെ ന്യൂഡല്‍ഹി, അപ്പര്‍ കാംഡെന്‍ സ്ട്രീറ്റിലെ പഞ്ചാബ് വണ്‍ തുടങ്ങിയവയായിരുന്നു അയര്‍ലണ്ടിലെ പ്രതാപം നേടിയിരുന്ന മറ്റ് ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍. ഇന്ന് ഡബ്ലിന്‍ നഗരത്തില്‍ മാത്രം മുപ്പതോളം റെസ്റ്റോറന്റ്കള്‍ അടക്കം എണ്‍പതോളം ഇന്ത്യന്‍ റെസ്റ്റോറന്റ്കളാണ് അയര്‍ലണ്ടിലുള്ളത് 
പക്ഷെ പൂര്‍ണ്ണമായും സൗത്ത് ഇന്ത്യന്‍ രുചികളുടെ തനിമയില്‍ ഡബ്ലിനില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ് ഇതേ വരെ ആരംഭിക്കാനായില്ലയെന്നതും കൗതുകകരമായ യാഥാര്‍ഥ്യം തന്നെ.ഉത്തരേന്ത്യന്‍ അടുക്കള ശൈലിയില്‍ ദോശയും ഇഡ്ഡലിയും ചിലയിടങ്ങളില്‍ ഒക്കെ ലഭ്യമാണെങ്കിലും അതിലൊന്നും തനത് പാരമ്പര്യത്തിന്റെ ഗുണവും,മണവും രുചിയുമില്ല!.

അയര്‍ലണ്ടില്‍ എത്തിയിരിക്കുന്ന ഇന്ത്യാക്കാരില്‍ 70 ശതമാനം പേരും സൌത്ത് ഇന്ത്യാക്കാര്‍ ആണെന്നിരിക്കെ ഒരു സൗത്ത് ഇന്ത്യന്‍ റെസ്റ്റോറന്റിനുള്ള സാധ്യത തള്ളികളയാനാവില്ല.ഇന്ത്യന്‍ ഭക്ഷണം സസ്യാഹാരം ആണെന്ന ധാരണയില്‍ ഇപ്പോഴും ഇന്ത്യന്‍ റെസ്റ്റോറന്റ്കള്‍ തേടിയെത്തുന്നവരും ഏറെയാണ്.ഇസ്‌കോണിന്റെ ‘ഗോവിന്ദയും മൂര്‍ സ്ട്രീറ്റിലെ ഡെല്‍ഹി ഓ ഡെലിയുമൊക്കെ പേരിനുണ്ടെങ്കിലും അവയെയൊന്നും ഇന്ത്യാക്കാരുടെ ഇടയില്‍ പോലും പ്രശസ്തമാവാത്തതിന്റെ കാരണം അവയുടെ ഗുണനിലവാരം തന്നെ!
ചിക്കന്‍ ടിക്ക മസാലയും,തന്തൂരി ചിക്കനും മാത്രമാണ് ഇന്ത്യന്‍ വിഭവങ്ങളില്‍ മികച്ചതെന്ന ധാരണ തദ്ദേശിയര്‍ക്ക് ഉണ്ടാവുന്നെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.മികച്ച സസ്യാഹാരം വിളമ്പുന്ന ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ് അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്കും അവകാശപ്പെട്ടത് തന്നെ.അതിനായുള്ള കാത്തിരിപ്പ് തുടരുകയാണവര്‍ 

റെജി സി ജേക്കബ് 

Scroll To Top