Saturday September 23, 2017
Latest Updates

ഇന്ത്യന്‍ ഐ ടി കമ്പനികള്‍ അയര്‍ലണ്ടിനെ കീഴടക്കുന്നു,എ ഐ ബി യുടെ സാങ്കേതിക വിഭാഗം ഇന്ത്യക്കാരുടെ നിയന്ത്രണത്തിലേയ്ക്ക്,ഇന്‍ഫോസിസും,വിപ്രോയും വരുന്നത് കോടികളുടെ നിക്ഷേപവുമായി !

ഇന്ത്യന്‍ ഐ ടി കമ്പനികള്‍  അയര്‍ലണ്ടിനെ കീഴടക്കുന്നു,എ ഐ ബി യുടെ സാങ്കേതിക വിഭാഗം ഇന്ത്യക്കാരുടെ നിയന്ത്രണത്തിലേയ്ക്ക്,ഇന്‍ഫോസിസും,വിപ്രോയും വരുന്നത് കോടികളുടെ നിക്ഷേപവുമായി !

ഡബ്ലിന്‍;അയര്‍ലണ്ടിലെ പ്രമുഖ ബാങ്കായ ഐ ഐ ബി യുടെ ഐ ടി അനുബന്ധമേഖലയിലെ 80 % ജോലികളും അടുത്ത ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ കമ്പനികള്‍ ഏറ്റെടുക്കും.ഇന്‍ഫോസിസ്,വിപ്രോ,എച്ച് സി എല്‍ എന്നി മൂന്നു കമ്പനികള്‍ ചേര്‍ന്ന് അയര്‍ലണ്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ബാങ്കിന്റെ ‘ടെക്‌നിക്കല്‍ ഓപ്പറേഷന്‍’ ഏറ്റെടുക്കുമ്പോള്‍ അതൊരു ചരിത്രമാകും.

സാങ്കേതിക ചുമതലകള്‍ ഏറ്റെടുക്കുമ്പോള്‍ ബാങ്കിന് ഉപരിയായി ഇന്ത്യക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കും വന്‍നേട്ടം പ്രതീക്ഷിക്കപ്പെടുന്നു.കാരണം ഐ ടി രംഗത്ത് നൂറുകണക്കിന് ഇന്ത്യക്കാര്‍ അയര്‍ലണ്ടില്‍ എത്താനും ഈ നീക്കം കാരണമാവും.
ഇന്‍ഫോസീസ്
അയര്‍ലണ്ടില്‍ 10 മില്യന്‍ ഡോളറിന്റെ സ്റ്റാര്‍ട്ട് അപ് പദ്ധതികളില്‍ നിക്ഷേപം നടത്തുവാനാണ് ഇന്ത്യന്‍ ഐ ടി മേഖലയിലെ പ്രമുഖരായ ഇന്‍ഫോസീസ് തീരുമാനിച്ചിരിക്കുന്നത്.ഇന്‍ഫോസിസിന്റെ ഗ്ലോബല്‍ ഇന്നവേഷന്‍ ഫണ്ടില്‍ നിന്നാണ് അയര്‍ലണ്ടിലേയ്ക്കുള്ള നിക്ഷേപം മാറ്റി വെച്ചിരിക്കുന്നത്.

എ ഐ ബിയെ അയര്‍ലണ്ടിലെ ബിസിനസ് പങ്കാളിയായി സ്വീകരിക്കാന്‍ ഇന്‍ഫോസിസ് തീരുമാനിച്ചു കഴിഞ്ഞു. എ ഐ ബിയില്‍ വിവര സാങ്കേതിക വിഭാഗത്തില്‍ നിലവിലുള്ളതില്‍ ഗണ്യമായ ഒരു വിഭാഗം ജീവനക്കാര്‍ ഇന്‍ഫോസിസിന്റെ പദ്ധതികളിലേയ്ക്ക് മാറും.കൂടുതല്‍ ആവശ്യമുള്ളവരെ ഐറിഷ് മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തുകയും ചെയ്യും.ഇവര്‍ക്കായി 200 പേര്‍ക്കെങ്കിലുമുള്ള സേവനം നിര്‍വഹിക്കാനാവും വിധം ബൃഹത്തായ ഓഫിസ് സമുച്ചയവും ഡബ്ലിനില്‍ ഇന്‍ഫോസീസ് ആരംഭിക്കും.
ഇവരുടെ സഹായത്തോടെയാവും ഇന്‍ഫോസിസ് അയര്‍ലണ്ടില്‍ പുതിയ ബിസിനസ് സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ ആരംഭിക്കുക.

വിവര സാങ്കേതികവിദ്യാരംഗത്തെ നൂതന സംരംഭങ്ങള്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ അവയ്ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നതിന് ഇന്‍ഫോസിസ് ശ്രമങ്ങള്‍ തുടരുമെന്ന് കമ്പനി മാനേജ് മെന്റ് വ്യക്തമാക്കി.500 മില്യന്‍ ഡോളറിന്റെ ഒരു ഫണ്ട് ഇതിനായി ഇന്‍ഫോസിസ് രൂപീകരിച്ചിട്ടുണ്ട്.

ഇന്‍ഫോസിസ് നല്‍കുന്ന സഹകരണത്തെ അയര്‍ലണ്ട് ക്രിയാത്മകമായി ഉപയോഗിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.നിക്ഷേപ സൌഹൃദ സ്വഭാവവും,ആര്‍ജവത്വമുള്ള ബിസിനസ് രീതികളും അയര്‍ലണ്ടില്‍ നിക്ഷേപിക്കുന്നതിന് കമ്പനിയെ കൂടുതല്‍ പ്രേരകമാക്കിയെന്ന് ഇന്‍ഫോസിസ് ധനകാര്യ വിഭാഗം തലവന്‍ മോഹിത് ജോഷി പറഞ്ഞു.

എ ഐ ബിയാവട്ടെ തങ്ങളുടെ ഐ ടി വിഭാഗത്തെ ഔട്ട് സോഴ്‌സ് ചെയ്യിക്കാനുള്ള ദൗത്യം ഘട്ടം ഘട്ടമായി ഇന്ത്യന്‍ കമ്പനികളെ ഏല്‍പ്പിക്കുകയാണ്. 

ബിസിനസ് നടത്താന്‍ മികച്ച സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥലമാണ് അയര്‍ലണ്ട് എന്നും വളരെ കുറഞ്ഞ തോതിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നവര്‍ക്കും ബിസിനസില്‍ വിജയം കണ്ടെത്താന്‍ സാധിക്കുമെന്നും മോഹിത് ജോഷി  പറഞ്ഞു. 
വിപ്രോയും എച്ച് സി എല്ലും 
ഡബ്ലിനിലെ മെറിയോണ്‍ ഗേറ്റിലുള്ള ഏലം പാര്‍ക്കിലാണ് വിപ്രോ അയര്‍ലണ്ടിലെ ആസ്ഥാനം കണ്ടെത്തിയിരിക്കുന്നത്.ഐടി കമ്പനികളില്‍ ഏറ്റവും പ്രമുഖ കമ്പനിയായ വിപ്രോയും ഐറിഷ് യൂണിറ്റിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ തയ്യാറെടുക്കുന്നു. ഷാനന്‍ എയര്‍പോര്‍ട്ടിന് സമീപമാണ് വിപ്രോയുടെ അയര്‍ലണ്ടിലെ നിലവിലുള്ള ആസ്ഥാനം. അടുത്ത ഒരു വര്‍ഷത്തിനകം കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കും.ഐറിഷ് ബാങ്കുകളില്‍ നിന്നുള്ള ഓര്‍ഡര്‍ വര്‍ദ്ധിച്ചതിനാലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതെന്ന് വിപ്രോ അധികൃതര്‍ അറിയിച്ചു.നൂറു ജീവനക്കാരെ റിക്രൂട്ട് ചെയ്തു കഴിഞ്ഞ കമ്പനി കൂടുതല്‍ പേരെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എച്ച് സി എല്‍ ഇപ്പോള്‍ തന്നെ എ ഐ ബിയുടെ പ്രധാന പങ്കാളികളില്‍ ഒന്നാണ്.എ ബി ആദ്യമായി ഔട്ട് സോര്‍ഴ്‌സിങ്ങ് നല്കിയത് എച്ച് സി എല്ലിനാണ്.
ഇന്ത്യ അയര്‍ലണ്ടിനെ കീഴടക്കുന്നു 
എ ഐ ബിയുടെ നിലവിലുണ്ടായിരുന്ന ഐ ടി സ്റ്റാഫില്‍ ബഹു ഭൂരിപക്ഷവും ഇന്ത്യന്‍ കമ്പനികളുടെ കീഴില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നതും പരസ്യമായ രഹസ്യമാണ്.ആരെയും അമ്പരപ്പിക്കുന്ന ശമ്പള വ്യവസ്ഥകള്‍ നല്‍കിയിട്ടും ഇന്ത്യന്‍ കമ്പനികള്‍ ഭാവിയില്‍, നിലവില്‍ ലഭ്യമാകുന്നതില്‍ കൂടുതല്‍ കഠിനമായ ജോലി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയേക്കും എന്ന ധാരണയാണ്‌ഐറിഷ് ജീവനക്കാരെ മറ്റു കമ്പനികളിലേയ്ക്ക് ജോലി മാറാന്‍ പ്രേരിപ്പിക്കുന്നത്.ഇതിന്റെ ഫലമായി കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അയര്‍ലണ്ട് താവളമാകുന്നു. 

2,500 മുതല്‍ 3000 വരെയുള്ള ഐ ടി ജോലിക്കാര്‍ ഇന്ത്യന്‍ കമ്പനികള്‍ക്കായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്.ഇവരില്‍ കൂടുതലും 2011 ന് ശേഷം വന്നവരാണ്.ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യന്‍ കമ്പനികളുടെ ഹോം കണ്ട്രിയായി അയര്‍ലണ്ട് മാറിയെന്ന് ചുരുക്കം.ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും അയര്‍ലണ്ടിലെ ജീവിത ശൈലിയും വ്യവസായിക സൗഹൃദ അന്തരീക്ഷവും അത്രമേല്‍ സൗകര്യപ്രദമാണ്.

അടുത്ത വര്‍ഷത്തോടെ ഐടി മേഖലയിലേക്ക് അയര്‍ലണ്ടില്‍ അനുവദിക്കാന്‍ പോകുന്ന തൊഴില്‍ പെര്‍മിറ്റുകളുടെ എണ്ണം രണ്ടായിരത്തില്‍ അധികമാവും. നോണ്‍യൂറോപ്യന്‍ സ്വദേശികളെയാണ് അയര്‍ലണ്ട് ഉന്നമിടുന്നത്. മാത്രമല്ല, തൊഴില്‍ മേഖലകളിലേക്കായി തിരഞ്ഞെടുക്കുന്നവരില്‍ 50 ശതമാനത്തോളം പേരും ഇന്ത്യക്കാരായിരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കപ്പെട്ടത് ഇന്ത്യക്കാര്‍ക്കാണ്. ഈ വര്‍ഷം ഇതുവരെ അനുവദിക്കപ്പെട്ടത്തില്‍ 34 ശതമാനം വര്‍ക്ക് പെര്‍മിറ്റുകള്‍ ഇന്ത്യക്കാര്‍ക്ക് ലഭിച്ചു കഴിഞ്ഞു.ചുരുക്കത്തില്‍ നേരിട്ടുള്ള ജോലിക്കാരുടെ എണ്ണം കുറച്ച് ഐ ടി മേഖലയാല്‍ നിയന്ത്രിക്കപ്പടാന്‍ പോകുന്ന അയര്‍ലണ്ടിലെ പ്രധാന ബാങ്കിന്റെ ചുമതല ഇന്ത്യക്കാരുടെ കൈവശമാവും!.ഒട്ടേറെ ബാങ്കുകളും,പ്രധാന കമ്പനികളും ഇതേ മാതൃക പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

ഇന്ത്യാക്കാര്‍ക്ക് അഭിമാനിക്കാനുള്ള വകയാണിത്.ബ്രിട്ടിഷ് അധിനിവേശത്തില്‍ ഈസ്റ്റ് ഇന്ത്യാകമ്പനി ഇന്ത്യയുടെ ഭൂമികയില്‍ ഉയര്‍ത്തിയ അതേ പോലൊരു ദൌത്യമാണ് ഇന്ത്യന്‍ ഐ ടി കമ്പനികള്‍ യൂറോപ്പിന്റെ ഐ ടി ഹബ്ബായ അയര്‍ലണ്ടില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.അയര്‍ലണ്ടിന്റെ മാതൃക യൂറോപ്പിലെ പല രാജ്യങ്ങളും ഏറ്റെടുത്തേക്കും എന്നതും ഇന്ത്യന്‍ ഐ ടി മേഖലയെ സംബന്ധിച്ചിടത്തോളം പ്രത്യാശ നല്‍കുന്ന വസ്തുതയാണ്.

റെജി സി ജേക്കബ് 

Scroll To Top