Sunday December 04, 2016
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ എല്ലാ അപേക്ഷകള്‍ക്കും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി,ഇന്ത്യന്‍ കമ്മ്യൂണിറ്റിയ്ക്ക് ക്ഷേമ പദ്ധതി ആരംഭിച്ചു 

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ എല്ലാ അപേക്ഷകള്‍ക്കും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി,ഇന്ത്യന്‍ കമ്മ്യൂണിറ്റിയ്ക്ക് ക്ഷേമ പദ്ധതി ആരംഭിച്ചു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിക്കുന്ന എല്ലാ സര്‍വീസുകള്‍ക്കും രണ്ടു യൂറോ സര്‍വീസ് ചാര്‍ജ് ഈടാക്കും.ഓരോ അപേക്ഷയ്ക്കും ഇന്ത്യന്‍ എംബസിയുടെ പേരിലുള്ള രണ്ടു യൂറോയുടെ അഡീഷണല്‍ ബാങ്ക് ഡ്രാഫ്റ്റ് അഥവാ പോസ്റ്റല്‍ ഓര്‍ഡറായി വേണം സര്‍വീസ് ചാര്‍ജ് അടയ്‌ക്കേണ്ടത്.വിസ, പാസ്‌പോര്‍ട്ട്, ഒസിഐ, മറ്റു കോണ്‍ലാര്‍ സര്‍വീസുകള്‍ എന്നിവയ്‌ക്കെല്ലാം ഫീസ് ബാധകമാണ്.

നേരത്തെയുള്ളതില്‍ നിന്നും വ്യത്യസ്ഥമായി അപേക്ഷകര്‍ രണ്ട് ബാങ്ക് ഡ്രാഫ്റ്റ്/പോസ്റ്റല്‍ ഓര്‍ഡര്‍ സമര്‍പ്പിക്കണം. ഒരെണ്ണം വിസ/ പാസ്‌പോര്‍ട്ട് /ഒസിഐ/ മറ്റു സേവനങ്ങള്‍ക്കുള്ള ചാര്‍ജായും രണ്ടാമത്തേത് സര്‍വീസ് ചാര്‍ജ് അടയ്ക്കുന്നതിനും. രണ്ടു ബാങ്ക് ഡ്രാഫ്റ്റ്/ പോസ്റ്റല്‍ ഓര്‍ഡറും ഇന്ത്യന്‍ എംബസിയിലേക്ക് എടുത്തതായിരിക്കണം. 

2015 ഡിസംബര്‍ ഒന്നു മുതല്‍ അയര്‍ലണ്ടില്‍ ആരംഭിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേയ്ക്കാവും (ഐസിഡബ്ല്യുഎഫ്) ഈ തുക വകയിരുത്തുക.ഇതിനായി പ്രത്യേക അക്കൗണ്ട് തുറന്നു. 

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് ഈ ഫണ്ട് ഉപയോഗിക്കുക.നിലവില്‍ യാതൊരു വിധ സ്വയാര്‍ജിത ഫണ്ടും അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയ്ക്ക് ഉണ്ടായിരുന്നില്ല.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പാക്കുന്ന ഈ ഫണ്ട് അയര്‍ലണ്ടില്‍ നിയമാനുസൃതം എത്തിയ ശേഷം ജോലി നഷ്ടപ്പെടുകയോ ജോലി ലഭിക്കാതെയിരിക്കുകയോ ചെയ്യുന്ന ചെയ്യുന്നവരുടെ താമസമടക്കമുള്ള താത്കാലിക പുനരധിവാസം,അടിയന്തര മെഡിക്കല്‍ ചിലവുകള്‍,ആവശ്യമെങ്കില്‍ ഇന്ത്യയിലേയ്ക്കുള്ള വിമാനയാത്ര ചിലവുകള്‍,സാമ്പത്തിക പരാധീനതയുള്ള ഇന്ത്യാക്കാര്‍ക്ക് അയര്‍ലണ്ടില്‍ നിയമപരമായ സഹായം തേടേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനുള്ള സഹായം എന്നിവ നല്‍കാനാണ് പ്രധാനമായും വിനിയോഗിക്കുക.

അയര്‍ലണ്ടില്‍ വെച്ച് മരണമടയുന്ന ഇന്ത്യാക്കാരുടെ മൃതശരീരം ഇന്ത്യയിലേയ്ക്ക് കൊണ്ട് പോകാന്‍ സ്‌പോണ്‍സറില്‍ നിന്നോ മറ്റ് സങ്കേതങ്ങളില്‍ നിന്നോ ധനസഹായം കണ്ടെത്താന്‍ കഴിയാതെ വരുന്ന സാഹചര്യം ഉണ്ടായാല്‍ അതിനും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കാന്‍ വ്യവസ്ഥയുണ്ട്.

മതിയായ യാത്രാരേഖകള്‍ ഇല്ലാതെ രാജ്യത്ത് കുടുങ്ങിപോയവര്‍,പങ്കാളികളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍,അപകടങ്ങളില്‍ പെട്ട് ഒറ്റപ്പെട്ടു പോയവര്‍,അകാരണമായി കേസുകളില്‍ പെട്ട് പോയവര്‍ എന്നിവരെ അടിയന്തരമായി സഹായിക്കുക എന്ന ഉദ്ദേശവും വെല്‍ഫയര്‍ ഫണ്ടിനുണ്ട്.

മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും നിലവിലുണ്ടെങ്കിലും അയര്‍ലണ്ടില്‍ ഇതാദ്യമായാണ് വെല്‍ഫയര്‍ ഫണ്ട് ഏര്‍പ്പെടുത്തിയത്.സന്നിഗ്ധ ഘട്ടങ്ങളില്‍ ആവശ്യക്കാര്‍ മതിയായ തെളിവുകള്‍ സഹിതം അപേക്ഷിച്ചാല്‍ വെല്‍ഫയര്‍ ഫണ്ടില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.അപേക്ഷയുടെ യോഗ്യത വിശദമായി പരിശോധിച്ച ശേഷമാകും ഫണ്ട് അനുവദിക്കുക.


Scroll To Top