Tuesday December 06, 2016
Latest Updates

ഇന്ത്യന്‍ എംബസിയുടെ ഓപ്പണ്‍ ഹൗസില്‍ പരാതികള്‍ക്ക് ക്ഷാമം ! മലയാളി സംഘടനകളെല്ലാം എവിടെ ഒളിച്ചു ? 

ഇന്ത്യന്‍ എംബസിയുടെ ഓപ്പണ്‍ ഹൗസില്‍ പരാതികള്‍ക്ക് ക്ഷാമം ! മലയാളി സംഘടനകളെല്ലാം എവിടെ ഒളിച്ചു ? 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ സേവനങ്ങളെ കുറിച്ച് കുറ്റം പറയാത്ത ഇന്ത്യാക്കാര്‍ കുറവായിരിക്കും.പ്രവര്‍ത്തനങ്ങളിലും ഇടപാടുകളിലും തികച്ചും ഉത്തരവാദിത്വ രാഹിത്യമാണ് എംബസി പുലര്‍ത്തുന്നത് എന്ന് എപ്പോഴും പറഞ്ഞു നടക്കുന്നവരാരും പക്ഷേ നേരിട്ട് പരാതി പറയാന്‍ എംബസിയില്‍ എത്തിയതുമില്ല.

അയര്‍ലണ്ടിലെ എംബസി ഇന്നലെ നടത്തിയ ഓപ്പണ്‍ ഹൗസില്‍ പരാതി പ്രളയമായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു അമ്പാസിഡര്‍ അടക്കമുള്ള എംബസി ഉദ്യോഗസ്ഥര്‍.രാവിലെ 11 മണിയ്ക്ക് ആരംഭിക്കുമെന്ന് അറിയിച്ച ഓപ്പണ്‍ ഹൗസില്‍ പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ എത്തുന്നവരെ കാത്തിരുന്ന എംബസി അധികൃതര്‍ക്ക് ആദ്യത്തെ മുക്കാല്‍ മണിക്കൂറില്‍ ഒരൊറ്റ പരാതിക്കാരനെ പോലും കാണാനായില്ല.തുടര്‍ന്ന് ഓപ്പണ്‍ ഹൗസ് വേദിയില്‍ നിന്നും മടങ്ങിയ ഉദ്യോഗസ്ഥരേ തേടി അവസാനത്തെ പതിനഞ്ചു മിനുട്ടില്‍ രണ്ടു പരാതിക്കാര്‍ എത്തി ഓപ്പണ്‍ ഹൗസിന്റെ ‘മാനം രക്ഷിച്ചു’.

ഒന്നിച്ച് അപേക്ഷിച്ച ഓ സി ഐ കാര്‍ഡുകള്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന പരാതിയുമായി എത്തിയ മലയാളി കുടുംബത്തിന് ഒരു ഓ സി ഐ കാര്‍ഡ് കൈയ്യോടെ കൊടുത്ത എംബസി അധികൃതര്‍ ലഭിക്കാനുള്ള കാര്‍ഡ് അടിയന്തരമായി നല്കുമെന്ന് അറിയിച്ചു.ഒരു കാര്‍ഡ് എംബസിയില്‍ എത്തിയിരുന്ന വിവരം ഇവരെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ വിസ ലഭിക്കാന്‍ താമസമെടുക്കുന്നു എന്ന പരാതിയാണ് അഫ്ഗാനിസ്ഥാന്‍ പൗരനായ ഇന്ത്യന്‍ വംശജന്‍ ഉയര്‍ത്തിയത്.രാജ്യങ്ങള്‍ തമ്മിലുള്ള ധാരണക്കുറവും,കര്‍ശനമായ പരിശോധനകളും കാരണമാണ് ഇവ താമസിക്കുന്നതെന്നും യഥായോഗ്യമാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അടിയന്തരമായി വിസ അനുവദിക്കുമെന്നും എംബസി ഇദ്ദേഹത്തെ അറിയിച്ചു.

പരാതികള്‍ ഇല്ലെങ്കിലും ആവശ്യമായ നിര്‍ദേശങ്ങള്‍ പോലും സമര്‍പ്പിക്കാന്‍ പൊതു ജനങ്ങള്‍ എത്താത്തത് എംബസി അധികൃതരെയും അമ്പരപ്പിച്ചു.എവിടെ ഇത്തരം ഓപ്പണ്‍ ഹൗസുകള്‍ നടത്തിയാലും വന്‍ ജനസാന്നിദ്ധ്യം ഉണ്ടാകാറുണ്ടെന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫെബ്രുവരിയിലെ മൂന്നാം ബുധനാഴ്ച്ച വീണ്ടും ഓപ്പണ്‍ ഹൗസ് നടത്തുമെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി 

മലയാളികളുടെ ക്ഷേമത്തിന് വേണ്ടി ‘അഹോരാത്രം പ്രവര്‍ത്തിക്കുന്ന’ ഒരൊറ്റ സംഘടനയും ഓപ്പണ്‍ ഹൌസിലേയ്ക്ക് തിരിഞ്ഞുപോലും നോക്കിയില്ലയെന്നതും ശ്രദ്ധേമായി.ഓപ്പണ്‍ ഹൗസില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് ഇന്ത്യന്‍ അമ്പാസിഡര്‍ അറിയിച്ചിരുന്നു.

Scroll To Top