Sunday December 04, 2016
Latest Updates

പരാതി പറയാതെ എങ്ങനെ നന്നാകും?അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് ഡബ്ലിന്‍ എംബസിയുടെ സേവനങ്ങളെ കുറിച്ചു പരാതിയേ ഇല്ല!

പരാതി പറയാതെ എങ്ങനെ നന്നാകും?അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് ഡബ്ലിന്‍ എംബസിയുടെ സേവനങ്ങളെ കുറിച്ചു പരാതിയേ ഇല്ല!

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ ആവലാതികള്‍ പരിഹരിക്കാനും ഇന്ത്യക്കാരുടെ ഇന്ത്യന്‍ എംബസിയിലെ സേവനങ്ങളെക്കുറിച്ച് പരാതിയുള്ളവര്‍ക്കും അത് നേരിട്ട് എംബസി ഉദ്യോഗസ്ഥന്മാരെ അറിയിക്കാനുള്ള വേദിയായ ‘ഓപ്പണ്‍ ഹൗസില്‍’ പരാതി പറയാന്‍ ആളെത്തുന്നില്ലെന്ന് എംബസിയുടെ പരാതി .കഴിഞ്ഞ മിക്ക മാസങ്ങളിലും വിരലിലെണ്ണാന്‍ മാത്രം പരാതികളാണ് എംബസിയുടെ ഓപ്പണ്‍ ഹൌസില്‍ എത്തിയത്.

എംബസിയുടെ ചെറിയ കുറ്റങ്ങളെ പര്‍വതീകരിച്ചു കാണുന്നവര്‍ പോലും പരാതി പരിഹാര വേദിയായ ഓപ്പണ്‍ ഹൌസില്‍ പങ്കെടുക്കുകയോ പരിഹാരം നിര്‍ദേശിക്കുകയോ ചെയ്യുന്നില്ല.സോഷ്യല്‍ മീഡിയയീല്‍ പ്രതീകരിക്കുന്നതല്ലാതെ ഓപ്പണ്‍ ഹൗസ് പോലെയുള്ള സുതാര്യമായ വേദിയില്‍ എത്താന്‍ സംഘടനാ പ്രതിനിധികള്‍ പോലും തയാറാവുന്നില്ല.

ഓ സി ഐ കാര്‍ഡ് അപ്ലോഡ് ചെയ്യുന്നതടക്കമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് മുതല്‍ പുതിയതായി ഏര്‍പ്പെടുത്തിയ 2 യൂറോ സര്‍വീസ് ചാര്‍ജ് അടയ്ക്കുന്നതിലെ വൈഷമ്യം വരെ നിരവധി പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും പരാതിയായി അതൊന്നും സമര്‍പ്പിക്കാന്‍ ആരും തയാറാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

2 യൂറോ സര്‍വീസ് ചാര്‍ജ് നല്‍കുന്നതില്‍ എതിര്‍പ്പ് വരാന്‍ സാധ്യതയില്ലെങ്കിലും അത് പോസ്റ്റല്‍ ഓര്‍ഡറോ ബാങ്ക് ഡ്രാഫ്‌റ്റോ ആയി നല്‍കുമ്പോള്‍ 80 സെന്റ് അധിക ചാര്‍ജായി നല്‌കേണ്ടി വരുന്നതിനോട് ആര്‍ക്കും യോജിപ്പുണ്ടാവുകയില്ല.ബഹു ഭൂരിപക്ഷം അപേക്ഷകളും എംബസിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കേണ്ടതിനാല്‍ 2 യൂറോയുടെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനായി ഒരു കാര്‍ഡ് പെയ്‌മെന്റ് മിഷന്‍ ഏര്‍പ്പെടുത്താവുന്നതെയുള്ളൂ.നേരത്തെ എംബസി നേരിട്ട് ചെയ്തിരുന്ന ഓ സി ഐ കാര്‍ഡിന്റെ അപ്ലോഡിംഗ് ഇപ്പോള്‍ അപേക്ഷകര്‍ തന്നെയാണു ചെയ്യേണ്ടത്.അത്യാവശ്യ സാങ്കേതികജ്ഞാനമുള്ളവര്‍ക്കു പോലും സങ്കീര്‍ണമായ ഈ അപേക്ഷ അപ്ലോഡിംഗ് തലവേദനയുണ്ടാക്കുന്നുണ്ടെങ്കിലും പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ആരും ഇതേ വരെ എംബസിയോട് ആവശ്യപ്പെടുകയോ നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തണമെന്നോ ആവശ്യം ഉന്നയീച്ചിട്ടില്ല എന്നാണു വിവരം.

അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഏറ്റവും ഉചിതമായ വേദിയാണ് ഓപ്പണ്‍ ഹൗസെന്നും അത്തരം ഒരു വേദിയില്‍ പരാതിയെത്തുന്നില്ല എന്നത് തന്നെ എംബസിയുടെ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ വംശജര്‍ക്ക് തൃപ്തിയാണ് എന്നുള്ളതിന്റെ തെളിവാണ് എന്നുമാണ് എംബസി ഉദ്യോഗസ്ഥര്‍ കരുതുന്നത്.

അമ്പാസിഡര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എല്ലാവരും പങ്കെടുക്കുന്ന ഈ മാസത്തെ ഓപ്പണ്‍ ഹൗസ് മാര്‍ച്ച് 16 ന് (ബുധനാഴ്ച്ച)നടത്തപ്പെടും.എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച്ചകളില്‍ രാവിലെ 11 മണി മുതല്‍ 12 വരെ ഓപ്പണ്‍ ഹൗസ് നടത്തപ്പെടുന്നത്.

എംബസിയിലെ ഇടപാടുകാര്‍ക്കുണ്ടാകുന്ന പ്രശ്‌നപരിഹാരത്തിനുള്ള വേദിയായിരിക്കും ഈ ഓപ്പണ്‍ ഹൗസ്.ഏതെങ്കിലും വിധത്തിലുള്ള പരാതിയുള്ളവര്‍ മൂന്നാം ബുധനാഴ്ച്ചകളില്‍ രാവിലെ 11 മണിയ്ക്ക് തന്നെ ഇന്ത്യന്‍ എംബസി ഓഫിസില്‍ ചേരുന്ന ഓപ്പണ്‍ ഹൗസില്‍ എത്തണമെന്നു ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് അഭ്യര്‍ഥിച്ചു.പരാതിയില്ലാതെ എല്ലാവര്‍ക്കും മികച്ച സേവനം ലഭ്യമാക്കുകയാണ് എംബസിയുടെ ലക്ഷ്യമെന്നു അമ്പാസിഡര്‍ അറിയിച്ചു.

Scroll To Top