Thursday December 08, 2016
Latest Updates

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചും അയര്‍ലണ്ടില്‍ വാഹനമോടിയ്ക്കാമെന്ന് ആര്‍ എസ് എ,നിബന്ധനകളോടെ 

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചും അയര്‍ലണ്ടില്‍ വാഹനമോടിയ്ക്കാമെന്ന് ആര്‍ എസ് എ,നിബന്ധനകളോടെ 

ബല്ലിന(കൗണ്ടി മേയോ):ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് അയര്‍ലണ്ടില്‍ വാഹനമോടിയ്ക്കാമോ?ഓരോ ദിവസവും അയര്‍ലണ്ടിലേയ്ക്ക് പുതിയതായി പ്രവാസത്തിനെത്തുന്ന മലയാളികള്‍ ഉയര്‍ത്തുന്ന സംശയമാണിത്.അയര്‍ലണ്ടില്‍ എത്തി ആദ്യനാളുകളില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിയ്ക്കാം എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും അത്തരം ഒരു നയം നിലവിലില്ലെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നത്.അതേ സമയം ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചു തന്നെ ഇവിടെയും വാഹനം ഓടിയ്ക്കാമെന്ന ആനുകൂല്യം പലരും പ്രയോജനപ്പെടുത്തുന്നുമില്ല.

എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിയ്ക്കുവാന്‍ അയര്‍ലണ്ടില്‍ യാതൊരു തടസവും ഇല്ലെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി.അയര്‍ലണ്ടില്‍ ആദ്യമായി എത്തി ഒരു വര്‍ഷകാലത്തേയ്ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.ഇതിനായി അയര്‍ലണ്ടില്‍ എത്തുന്നതിന് ചുരുങ്ങിയത് രണ്ടു വര്‍ഷം മുമ്പെങ്കിലും ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചിരിക്കണം.കൂടാതെ ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ച ഓഫിസില്‍(ആര്‍ ടി എ) നിന്നുള്ള എന്റ്റയില്‍മെന്റ് സര്‍ട്ടിഫിക്കേറ്റും ആവശ്യമാണ്.

ഒറിജിനല്‍ ഇന്‍ഡ്യന്‍ ഡ്രൈവിംഗ് ലൈസന്‍സും എന്റ്റയില്‍മെന്റ് സര്‍ട്ടിഫിക്കേറ്റും ബന്ധപ്പെട്ട കൌണ്ടികളിലെ ആര്‍ എസ് എ കസ്റ്റമര്‍ സര്‍വീസ് മാനേജര്‍മാര്‍ക്ക് രജിസ്‌ട്രേഡായി അയച്ചു കൊടുത്താല്‍ ഒരാഴ്ച്ചക്കുള്ളില്‍ അയര്‍ലണ്ടില്‍ വാഹനമോടിയ്ക്കാനുള്ള അനുമതി ലഭ്യമാകും.

എന്റ്റയില്‍മെന്റ് സര്‍ട്ടിഫിക്കേറ്റിനായി ഇന്ത്യയിലെ ബന്ധപ്പെട്ട ഓഫിസില്‍ അപേക്ഷ നല്കണം.പേര്,വിലാസം,ജനനതിയതി,ഡ്രൈവര്‍ നമ്പര്‍,എക്‌സ്പയറി തിയതി,ലൈസന്‌സിന്റെ തരം(CLASS),ആ ലൈസന്‍സ് ക്ലാസിന്റെ വിശദവിവരങ്ങള്‍ എന്നിവയാണ് എന്റ്റയില്‍മെന്റ് സര്‍ട്ടിഫിക്കേറ്റില്‍ ഉണ്ടായിരിക്കേണ്ടത്.

ആദ്യമായി ലേണിംഗ് ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ ചുരുങ്ങിയത് ആറുമാസത്തിനു ശേഷമേ ഡ്രൈവര്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയും ഈ സംവിധാനത്തിലൂടെ പരിഹരിച്ചു കിട്ടും.ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിയ്ക്കാന്‍ അനുമതി ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഫുള്‍ ലൈസന്‍സിനായി അപേക്ഷിക്കാം.എന്നാല്‍ അതിനു മുമ്പേ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എസന്‍ഷ്യല്‍ ഡ്രൈവര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിരിക്കണം.

ഐറിഷ് മലയാളി ന്യൂസ് സര്‍വീസ് 









Scroll To Top