Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ പ്രതിസന്ധിയില്‍,ന്യൂ ഡല്‍ഹിയില്‍ ഇന്റ്റേണ്‍ഷിപ്പിനുള്ള പ്രവേശന പരീക്ഷാകേന്ദ്രം ആരംഭിച്ചേക്കും

അയര്‍ലണ്ടില്‍ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ പ്രതിസന്ധിയില്‍,ന്യൂ ഡല്‍ഹിയില്‍ ഇന്റ്റേണ്‍ഷിപ്പിനുള്ള പ്രവേശന പരീക്ഷാകേന്ദ്രം ആരംഭിച്ചേക്കും

ഓവര്‍സീസ് മെഡിക്‌സ് ഓഫ് അയര്‍ലണ്ട് ജനറല്‍ സെക്രട്ടറി ഡോ. സഖ്യ ഭട്ടാചാര്‍ജി( ഇന്ത്യ)

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു. പ്രാക്ടീസിന് അപേക്ഷിക്കുന്ന നിരവധി ഡോക്ടര്‍മാര്‍ക്ക് അനുമതി നിരസിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്.അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നതില്‍ 34 ശതമാനം ഡോക്റ്റര്‍മാരും വിദേശത്തു നിന്നും ട്രെയിനിംഗ് ലഭിച്ചിട്ടുള്ളവരാണ്.


വിദേശ ഡോക്ടര്‍മാരുടെ അനുഭവജ്ഞാനം സംബന്ധിച്ച നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് അവസരം നിഷേധിക്കപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഉന്നത യോഗ്യതയുള്ള നിരവധി ഏഷ്യന്‍ ഡോക്റ്റര്‍മാരുടെ അവസരങ്ങളാണ് ഉയര്‍ന്ന പോസ്റ്റുകളിലേയ്ക്ക് അപേക്ഷിക്കാന്‍ പോലും ആവാത്ത വിധം നിയമം മൂലം അയര്‍ലണ്ടില്‍ തടഞ്ഞിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഡോക്റ്റര്‍മാര്‍ക്ക് മെഡിക്കല്‍ കൌണ്‍സില്‍ നല്‍കുന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റ് ഐറിഷ് മെഡിക്കല്‍ കൌണ്‍സില്‍ ഇതേ വരെ അംഗീകരിച്ചിട്ടു പോലുമില്ല.അതെ സമയം പാക്കിസ്ഥാന്‍,സുഡാന്‍,മലേഷ്യ,സൌത്ത് ആഫ്രിക്ക,ന്യൂസിലാണ്ട്,ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉയര്‍ന്ന പോസ്റ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് തടസമില്ലതാനും.

വിദേശ ഡോക്ടര്‍മാര്‍ക്ക് അവസരം നിഷേധിച്ചാല്‍ അവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് ഓവര്‍സീസ് മെഡിക്‌സ് ഓഫ് അയര്‍ലണ്ട് ജനറല്‍ സെക്രട്ടറിയും ഇന്ത്യയില്‍ നിന്നുള്ള ഡോക്ടറുമായ ഡോ. സഖ്യ ഭട്ടാചാര്‍ജി പറഞ്ഞു. വിദേശ ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്നതിനു എതിരായ നിലവിലെ നിയമ ഭേദഗതി പിന്‍വലിക്കുന്നില്ലെങ്കില്‍ തങ്ങള്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുമെന്ന് ഡോ.ഭട്ടാചാര്യ പറഞ്ഞു. 

രോഗികളുടെ സുരക്ഷയ്ക്ക് എന്ന പേരിലാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ഇത് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.മെഡിക്കല്‍ കൌണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐറിഷ്‌കാരായ ഒട്ടേറെ ഡോക്ടര്‍മാറും രാജ്യം വിടുന്നതായാണ് കണക്ക്. അയര്‍ലണ്ടില്‍ പരിശീലനം നേടിയ 23 ശതമാനം ഡോക്ടര്‍മാര്‍ രാജ്യം വിട്ടു.പഠിച്ചിറങ്ങുന്ന പത്തില്‍ ഒരു ഡോക്ടര്‍ വീതം രാജ്യം വിടുന്നതായാണ് റിപ്പോര്‍ട്ട്. 

ഈ സാഹചര്യത്തില്‍ അയര്‍ലണ്ടിലേയ്ക്ക് എത്തുന്ന ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്കായി ന്യൂ ഡല്‍ഹിയില്‍ വെച്ച് തന്നെ ഇന്റ്റേണ്‍ഷിപ്പിനുള്ള ഒരു പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള നടപടികള്‍ ഐറിഷ് മെഡിക്കല്‍ കൌണ്‍സിലുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ വ്യക്തമാക്കി.അടുത്ത വര്‍ഷമെങ്കിലും ഇത് ആരംഭിച്ചാല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയും അനുഭവ ജ്ഞാനവുമുള്ള ഒട്ടേറെ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. 

Scroll To Top