Sunday December 04, 2016
Latest Updates

യെമെനിലെ ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനം ഇന്നവസാനിക്കുന്നു

യെമെനിലെ ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനം ഇന്നവസാനിക്കുന്നു

ഒപറേഷന്‍ റാഹത് എന്ന പേരില്‍ യമനില്‍ നടത്തി വന്നിരുന്ന ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനം ഇന്നു രാത്രിയോടെ അവസാനിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രി വരെ 4000 ഇന്ത്യക്കാരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ യെമന്റെ പുറത്ത് എത്തിച്ചിരുന്നു.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സും നേവിയും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. യെമനില്‍ കുടങ്ങി കിടക്കുന്നവരില്‍ അവസാന ഇന്ത്യക്കാരനെയും ഇന്നു രാത്രിയോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് വക്താവ് അവകാശപ്പെട്ടു.

ഇന്ത്യന്‍ പൗരന്മാരെ കൂടാതെ മറ്റ് 26 രാജ്യങ്ങളില്‍നിന്നായി 230 അഭയാര്‍ത്ഥികളെയും ദൗത്യം രക്ഷപ്പെടുത്തിയിരുന്നു. അതിനിടെ പാക്കിസ്ഥാന്‍ രക്ഷപ്പെടുത്തിയ 11 ഇന്ത്യക്കാര്‍ ഇന്നലെ കറാച്ചിയിലെത്തി. ഇവരെ പ്രത്യേക വിമാനത്തില്‍ ഇന്ന് ഡല്‍ഹയിലെത്തിക്കും. പാകിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷരീഫ് ഒരു പ്രത്യേക വിമാനം ഇതിനായി വാഗ്ദാനം ചെയ്തതായി ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈ കമ്മീഷണര്‍ അബ്ദുല്‍ ബാസിത് അറിയിച്ചു.

യുക്രൈന്‍, ലിബിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നായി നിരവധി രക്ഷാ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെ ഇന്ത്യ നടത്തിയിട്ടുണ്ട് എങ്കിലും 2006ലെ ലെബനന്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

 

Scroll To Top