Wednesday December 07, 2016
Latest Updates

ഇന്ത്യയുടെ ഈദ് മധുരം പാക്കിസ്ഥാന്‍ നിരസിച്ചു,അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു 

ഇന്ത്യയുടെ ഈദ് മധുരം പാക്കിസ്ഥാന്‍ നിരസിച്ചു,അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു 

ന്യൂഡല്‍ഹി: ഈദ് ദിനത്തില്‍ ഇന്ത്യ നല്‍കിയ മധുരം വേണ്ടെന്ന് പാക്കിസ്ഥാന്‍.അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വാഗാ അതിര്‍ത്തിയിലാണ് സംഭവം. ഇന്ത്യന്‍ ജവാന്‍ നല്‍കിയ മധുരപലഹാരം സ്വീകരിയ്ക്കാന്‍ പാക് പട്ടാളക്കാരന്‍ തയ്യാറായില്ല. ആശംസകള്‍ കൈമാറുന്ന പതിവും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

ഈദ് മധുരം നല്‍കിയപ്പോള്‍ പാക് സൈനികനില്‍ നിന്ന് ഇത്തവണ അനുകൂല പ്രതികരണമല്ല ഉണ്ടായതെന്ന് ബി.എസ്.എഫ് സ്ഥിരീകരിച്ചു.

എല്ലാവര്‍ഷവും ഈദ് ദിനത്തില്‍ മധുരം കൈമാറലും ആശംകള്‍ അര്‍പ്പിക്കലും നടന്നുപോരുന്നതാണ്. എന്നാല്‍ കുറച്ച് ദിവസമായി അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളാണ് ഇത്തവണ കാര്യങ്ങള്‍ മാറിമറിയാന്‍ കാരണമായത്. മധുരം കൈമാറല്‍ നടന്നില്ലെന്ന കാര്യം ബിഎസ്എഫ് ഡെപ്യബൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എംഎഫ് ഫറൂഖി തന്നെ തുറന്ന് പറഞ്ഞു. ഇരു രാജ്യങ്ങളിലേയും അതിര്‍ത്തി രക്ഷാ സേന ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മധുരം കൈമാറുന്ന കാര്യം തീരുമാനിയ്ക്കാറുള്ളത്. ഇത്തവണയും ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും പാകിസ്ഥാനില്‍ നിന്ന് അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 

കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ അയവുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പാക് വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരി കൊല്ലപ്പെടുകയും ഇന്ത്യയുടേതെന്ന് ആരോപിച്ച് ആളില്ലാ വിമാനമായ ഡ്രോണ്‍ പാക്‌സേന വെടിവെച്ചിട്ടതുമാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മോശമാക്കിയത്.

Scroll To Top