Sunday May 27, 2018
Latest Updates

ഇന്ത്യ പാകിസ്ഥാനെതിരെ: അതിര്‍ത്തിയില്‍ യുദ്ധത്തിന് മണി മുഴങ്ങുന്നു ?

ഇന്ത്യ പാകിസ്ഥാനെതിരെ: അതിര്‍ത്തിയില്‍ യുദ്ധത്തിന് മണി മുഴങ്ങുന്നു ?

ന്യൂഡല്‍ഹി:ഇന്ത്യ അതിര്‍ത്തിയില്‍ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതായി സൂചനകള്‍.ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേരേ ഇന്നലെ വെളുപ്പിനു നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്റെ കൈകള്‍ തന്നെയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്.17 ഇന്ത്യന്‍ ഭടന്‍മാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.രാവിലെ അഞ്ചരയോടെ ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ ഉറങ്ങി കിടന്ന സൈനികര്‍ക്കു നേരെയാണ് പാക്കിസ്ഥാന്‍ ഭീകരര്‍ വെടിവെച്ചത്.മുപ്പതോളം സൈനികര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍.മിനിറ്റുകള്‍ക്കുള്ളില്‍ പ്രത്യേക വിമാനത്തില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.പ്രത്യാക്രമണത്തില്‍ നാല് ഭീകരരെ ഇന്ത്യന്‍ സൈന്യവും വെടിവെച്ചിട്ടു.

ഇതേ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ അപകടകരമായ മുന്നൊരുക്കങ്ങള്‍ക്ക് ഇരുപക്ഷവും കോപ്പുകൂട്ടുന്നത് എന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍.

ഉറി തീവ്രവാദ ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ ഇന്ത്യന്‍ സേനയോട് ആവശ്യപ്പെട്ടതായി ഇന്ന് രാവിലെ ന്യൂ ഡല്‍ഹിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.കശ്മീരില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് മടങ്ങവേയാണ് പരീക്കര്‍ നിലപാട് കടുപ്പിക്കാന്‍ സേനയോട് ആവശ്യപ്പെട്ടത്.Terror attack in Uri

മൂന്ന് ചാവേര്‍ ഭീകരസംഘങ്ങള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മുതല്‍ അഞ്ച് വരെ ഭീകരര്‍ വീതമുള്ള മൂന്ന് ചാവേര്‍ സംഘങ്ങളില്‍ ഒരു സംഘമാണ് ഉറിയില്‍ ആക്രമണം നടത്തിയത്. ഒരു സംഘം പൂഞ്ചിലേക്ക് കടന്നിട്ടുണ്ടെന്നും മൂന്നാമത്തെ സംഘം എവിടെയെത്തിയെന്ന് കണ്ടെത്താനായിട്ടില്ലെന്നും സൈന്യം സ്ഥിരീകരിക്കുന്നു.പഠാന്‍കോട്ട്, ഉറി മാതൃകയില്‍ ആക്രമണം നടത്താന്‍ പരിശീലനം നേടിയ ഭീകരരാണ് കടന്നിട്ടുള്ളത്. തുടര്‍ന്ന് പൂഞ്ചിലും കശ്മീരിലെ തന്ത്രപ്രധാന സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയ ഇരുന്നൂറിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ നിഗമനം.എന്നാല്‍ ഇതിലധികം ഭീകരന്മാര്‍ അതിര്‍ത്തിയ്ക്കുള്ളില്‍ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
ജമ്മു കശ്മീരില്‍ അസ്ഥിരത വളര്‍ത്തി ഏതു വിധത്തിലും വിഷയം അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ എത്തിച്ചു നിര്‍ത്തുക എന്ന പാക് തന്ത്രമാണ് ഇന്നലത്തെ ഭീകരാക്രമണത്തിനു പിന്നിലും എന്നാണ് ഇന്ത്യയുടെ ആരോപണം. പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ് ഐ തന്നെയാണ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചിരിക്കുന്നതെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍.

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ നടക്കുന്ന സ്വാതന്ത്ര്യപ്രക്ഷോഭത്തെ പാക് ഭരണകൂടം നിഷ്ഠുരം അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പരാമര്‍ശിക്കുകയും ഇന്ത്യ വിഷയം യുഎന്നില്‍ അവതരിപ്പിച്ചതും പാകിസ്ഥാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനു തിരിച്ചടി കൂടിയാണ് ഈ ഭീകരാക്രമണം.

പാക് അധിനിവേശ കശ്മീരില്‍ നിന്ന് വന്നു നിയന്ത്രണ രേഖ കടന്നാണ് ഭീകരര്‍ നാലു പേരും ഇന്ത്യയില്‍ കടന്നിരിക്കുന്നത്. ഇവരുടെ പക്കല്‍ വന്‍ ആയുധ ശേഖരവുമുണ്ടായിരുന്നു. താവളത്തില്‍ ടെന്റെുകളില്‍ കുറേയേറെ സൈനികരുണ്ടായിരുന്നു. ഇവര്‍ താവളം മാറ്റുന്നതിനായി വന്നവരായിരുന്നു. ഇവരുടെ ടെന്റുകളില്‍ തീ പടര്‍ന്നതാണ് താവളത്തില്‍ കൂടുതല്‍ തീ പടരാന്‍ കാരണമായത്. വന്ന ഭീകരര്‍ സൈനിക വേഷത്തിലായതിനാല്‍ ഭീകര്‍ ആരാണ് സൈനികര്‍ ആരാണെന്നു തിരിച്ചറിയാന്‍ പ്രയാസമായതും പ്രത്യാക്രമണത്തിനു തടസ്സമായി.

ഇതേസമയം, പാകിസ്ഥാനെ ഇനിയും ഇങ്ങനെ വിടുന്നതു നല്ലതല്ലെന്നും ശക്തമായ തിരിച്ചടി കൊടുക്കണമെന്നും രാഷ്ട്രീയ നേതൃത്വത്തില്‍ ഒരു വിഭാഗത്തിനു ശക്തമായ അഭിപ്രായമുണ്ട്. പത്താന്‍ കോട്ട് ഭീകരാക്രണം പാകിസ്ഥാന്‍ ആസൂത്രണം ചെയ്തപ്പോള്‍ ഓങ്ങിവച്ചെങ്കിലും ഇന്ത്യ ഒന്നും ചെയ്തില്ല. ഇനി ഇങ്ങനെ ക്ഷമിക്കേണ്ടെന്നും തിരിച്ചടിക്കുക തന്നെ വേണമെന്നും രാഷ്ട്രീയ നേതൃത്വത്തില്‍ ഒരു വിഭാഗം പറയുന്നുണ്ട്. ആര്‍എസ്എസിനും ബിജെപിയിലെ ഒരു വിഭാഗത്തിനും ഈ നിലപാടാണുള്ളത്.

Scroll To Top