Thursday December 08, 2016
Latest Updates

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി,ഉന്നതതല യോഗം ചേര്‍ന്നു,ഭീകരാക്രമണത്തിനും സാധ്യതയെന്ന് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി,ഉന്നതതല യോഗം ചേര്‍ന്നു,ഭീകരാക്രമണത്തിനും സാധ്യതയെന്ന് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി

ന്യൂഡല്‍ഹി:ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.പാക്കിസ്ഥാന്‍ സൈന്യം ആക്രമണം തുടരുന്നതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ആയിരത്തോളം പേരെ ഇന്ന് രാവിലെയും മാറ്റിതാമസിപ്പിച്ചു.അതിര്‍ത്തിയില്‍ സ്ഥിതി വഷളാവുന്നതിനെ തുടര്‍ന്നാണ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.രാജ്നാഥ്, മനോഹര്‍ പരീക്കര്‍, അജിത് ഡോവല്‍ എന്നിവര്‍ ഭാരത-പാക്ക് അതിര്‍ത്തിയിലെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളെ പറ്റി വിശദീകരിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ചൊവ്വാഴ്ച പാക്ക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. സാംബാ, ജമ്മു, പുഞ്ച്, രജൗരി ജില്ലകളിലായിരുന്നു പാക്കിസ്ഥാന്‍ വന്‍ തോതിലുള്ള ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ എട്ട് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.

സൈന്യം നടത്തിയ തിരിച്ചടിയില്‍ 14 പാക്കിസ്ഥാന്‍ ഔട്ട് പോസ്റ്റുകള്‍ നശിച്ചതായി ബിഎസ്എഫ് അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ ഐഎസ് ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ദല്‍ഹിയിലെ യു.എസ് എംബസിയുടെ നിര്‍ദേശം. നവംബറില്‍ ഭീകര സംഘടനയായ ഐഎസ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് എംബസിയുടെ മുന്നറിയിപ്പ്.

വിദേശികള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലേക്കു പോകുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും യുഎസ് എംബസി അറിയിച്ചു. ഇത്തരം സ്ഥലങ്ങളില്‍ ആക്രമണ സാധ്യത കൂടുതലുണ്ടെന്നും എംബസി പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ മുജാഹിദീന്‍, ജെയ്ഷെ മുഹമ്മദ് , ലഷ്‌കര്‍ ഇ തൊയിബ തുടങ്ങിയ ഭീകര സംഘടനകള്‍ ഭാരതത്തില്‍ സജീവമാകുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2016ല്‍ അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആഗോളതലത്തില്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എംബസി അറിയിച്ചു.

Scroll To Top