Monday December 05, 2016
Latest Updates

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നു,വീണ്ടും വെടിവെയ്പ്പ്,ഇന്ത്യക്കെതിരെ പരാതിയുമായി പാക്കിസ്ഥാന്‍ യൂ എന്നില്‍

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നു,വീണ്ടും വെടിവെയ്പ്പ്,ഇന്ത്യക്കെതിരെ പരാതിയുമായി പാക്കിസ്ഥാന്‍ യൂ എന്നില്‍

ജമ്മു :അതിര്‍ത്തിയില്‍ വീണ്ടുംസംഘര്‍ഷം. നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ സൈന്യവും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മില്‍ ഇന്നലെ രാത്രിയും ശക്തമായ വെടിവയ്പ്പുണ്ടായി. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

പാക്കിസ്ഥാന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ അര്‍ധരാത്രിയോടെ ഷാപൂര്‍ സെക്ടറില്‍ വെടിവയ്പ് നടത്തിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം. നമ്മുടെ സൈന്യം ശക്തമായ രീതിയില്‍ തന്നെ തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ ഔട്ട് പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ വെടിവയ്പ് തുടരുകയാണ്. ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പ്രദേശവാസികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇന്ത്യപാക് സമാധനശ്രമങ്ങള്‍ക്കും, പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തിനും കനത്ത തിരിച്ചടിയാകുന്നതാണ് അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍.

ഇതിനിടെ അതിര്‍ത്തിയില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നു യുഎന്നില്‍ പാക്കിസ്ഥാന്‍ പരാതി നല്‍കി.ഇന്ത്യയ്‌ക്കെതിരേ നടപടി വേണമെന്നാണു പാക്കിസ്ഥാന്റെ ആവശ്യം. ഇന്ത്യയുടെ ആക്രമണത്തില്‍ നാലു ഗ്രാമവാസികള്‍ കൊല്ലപ്പെട്ടെന്ന ആരോപണത്തിനു പിന്നാലെയാണു യുഎന്നിനെ സമീപിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളിലെയും യുഎന്‍ സൈനിക നിരീക്ഷണ വിഭാഗങ്ങള്‍ കരാര്‍ ലംഘനത്തെക്കുറിച്ചു പരിശോധിക്കണം. അതിര്‍ത്തിയിലെ ജനവാസകേന്ദ്രത്തിലേക്ക് ഇന്ത്യന്‍ സൈന്യം വന്‍തോതില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തുകയാണെന്നും പാക്കിസ്ഥാന്‍ യുഎന്നില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ശനിയാഴ്ച പൂഞ്ച് സെക്റ്ററില്‍ ഇന്ത്യന്‍ സൈന്യം കരാര്‍ ലംഘിച്ച് വെടിവപ്പു നടത്തിയെന്നാണു പാക്കിസ്ഥാന്‍ ആരോപിച്ചിരിക്കുന്നത്. റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും മെഷീന്‍ ഗണ്ണുകളും ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചതായി ഇസ്ലാമാബാദില്‍ പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ ആരോപിക്കുന്നു.

എന്നാല്‍, പാക്കിസ്ഥാന്റെ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുന്ന പ്രസ്താവനയാണു ഇന്ത്യ നടത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. മേഖലയില്‍ ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും നടന്നു, അഞ്ച് ഗ്രാമവാസികള്‍ക്കു പരുക്കേറ്റു. 12 മണിക്കൂറിനിടെ രണ്ടു തവണ പ്രകോപനമില്ലാതെ പാക് റേഞ്ചര്‍മാര്‍ വെടിയുതിര്‍ത്തതായി സൈനിക വ്യത്തങ്ങള്‍. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ രജൗറി ജില്ലയിലെ നൗഷേറ സെക്റ്ററിലും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്യാന്തര അതിര്‍ത്തിയിലും ലൈന്‍ ഒഫ് കണ്‍ട്രോളിലും വ്യാപക ആക്രമണം നടന്നു. ഇന്ത്യയുമായി നിരവധി തവണ സമാധാനച്ചര്‍ച്ചകള്‍ നടത്തിയെന്നും ഇന്ത്യ ഒന്നിനും വഴങ്ങുന്നില്ലെന്നുമായിരുന്നു പാക് സൈനിക മേധാവി സര്‍താജ് അസീസ് മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍, തങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു തരത്തിലുമുള്ള പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യയും പറയുന്നു.

ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ഉഫയില്‍ വച്ച് നടത്തിയ സമാധാന ശ്രമങ്ങള്‍ക്കു തൊട്ടുപിന്നാലെ തന്നെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഇതിനിടെ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു പാക് സൈനികര്‍ വെടിവച്ചിട്ട ആളില്ലാ വിമാനം ഇന്ത്യയുടേതല്ലെന്നു തെളിയുകയും ചെയ്തു.

Scroll To Top