Sunday December 04, 2016
Latest Updates

80 ബില്യണ്‍ യൂറോയുടെ ‘ ഹൊറൈസണ്‍ 2020’പദ്ധതി:അയര്‍ലണ്ടിന്റെ പ്രധാന പങ്കാളി ഇന്ത്യ ,അയര്‍ലണ്ടില്‍ ഇന്ത്യാക്കാരുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും 

80 ബില്യണ്‍ യൂറോയുടെ ‘ ഹൊറൈസണ്‍ 2020’പദ്ധതി:അയര്‍ലണ്ടിന്റെ പ്രധാന പങ്കാളി ഇന്ത്യ ,അയര്‍ലണ്ടില്‍ ഇന്ത്യാക്കാരുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും 

ഡബ്ലിന്‍: ഏഴു വര്‍ഷക്കാലത്തിനുള്ളില്‍ അയര്‍ലണ്ട് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ‘ഹൊറൈസണ്‍ 2020’പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ആയിരിക്കുമെന്ന് വെളിപ്പെടുത്തല്‍. ആധുനീക ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 80ബില്യണ്‍ യൂറോയുടെ വമ്പന്‍ പദ്ധതിയുമായി അയര്‍ലണ്ട് രംഗത്തിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ ആസ്ഥാനം ഉറപ്പിക്കാനും പദ്ധതി നിര്‍വഹണത്തിലെ മുഖ്യ ഘടകമാവുന്നതിനും വേണ്ട പ്രാഥമിക കരാറുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു.ഹൊറൈസണ്‍- 2020 എന്നു പേരിട്ടിരിക്കുന്ന പദ്ധതി യൂറോപ്യന്‍ യൂണിയനിലെ തന്നെ ഏറ്റവും വലിയ റിസര്‍ച്ച് പ്രോഗ്രാമാണ്.
ഏഴു വര്‍ഷത്തേക്കായി 80 ബില്യണ്‍ യൂറോ ചിലവിടുന്ന പദ്ധതി ലോകത്തിലെ തന്നെ സമാനമായ പദ്ധതികളില്‍ ഏറ്റവും ബൃഹത്തായതായി വിലയിരുത്തപ്പെടുന്നു. എക്‌സലന്റ് സയന്‍സ്, മത്സരസ്വഭാവമുള്ള വ്യവസായങ്ങള്‍, മെച്ചപ്പെട്ട സമൂഹം എന്നിവയിലൂന്നിയുള്ള ഗവേഷണങ്ങള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കുക. യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പദ്ധതിയില്‍ അംഗങ്ങളാവാം.പ്രധാനമായും ലൈഫ് സയന്‍സ്,ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് ഇതില്‍ പെടുക.
ലോകത്തിലെ ഏറ്റവും മികച്ച 10 മരുന്നു കമ്പനികളില്‍ ഒന്‍പതും പ്രവര്‍ത്തിക്കുന്നത് അയര്‍ലണ്ടിലാണ്. വോക്ക്ഹാര്‍ഡ്, റിലയന്‍സ് ലൈഫ്‌സയന്‍സ്, സണ്‍ഫാര്‍മ എന്നിവയാണ് അയര്‍ലണ്ടിലെ ഇന്ത്യന്‍ കമ്പനികള്‍. ഡോ റെഡ്ഡി, ലൂപിന്‍ എന്നിവ രാജ്യത്ത് നിര്‍മ്മാണ പ്ലാന്റുകളൂടെ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തുകഴിഞ്ഞു. ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്ക് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, അമേരിക്കയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മികച്ച സാഹചര്യമാണ് അയര്‍ലണ്ടിലുള്ളത്.ഇത് ലക്ഷ്യം വെച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെല്ലാം അയര്‍ലണ്ടിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഐറിഷ് സര്‍ക്കാര്‍ നേരിട്ട് സഹായവും പ്രോത്സാഹനവും നല്കാനുള്ള ധാരണകളാണ് ഇപ്പോള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്.അയര്‍ലണ്ടില്‍ കോര്‍പ്പറേറ്റ് നികുതി 12.5 ശതമാനം മാത്രമാണെന്നതും ഇന്ത്യന്‍ കമ്പനികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കാന്‍ കാരണമാവുന്നു.

കഴിഞ്ഞ മാസം ഐറിഷ് മിനിസ്റ്റര്‍ ഫോര്‍ ജോബ്‌സ് റിച്ചാര്‍ഡ് ബ്രൂട്ടന്റെ മൂന്നാമത് ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായായി ഇന്ത്യന്‍ കമ്പനികളുടെ സാന്നിദ്ധ്യം അയര്‍ലണ്ടില്‍ ഉറപ്പിക്കാന്‍ നിരവധി കൂടികാഴ്ച്ചകള്‍ നടത്തിയതിനു ശേഷമാണ് ഇന്ത്യ അയര്‍ലണ്ട് സഹകരണ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യന്‍കമ്പനികളുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ ശ്രദ്ധയില്‍പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ബ്രൂട്ടണ്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധതൊഴിലാളികള്‍ക്ക് അയര്‍ലണ്ടില്‍ വന്‍ സാധ്യതയുള്ളതായി വെളിപ്പെടുത്തിയ ബ്രൂട്ടണ്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് യൂറോപ്യന്‍ യൂണിയനു പുറത്തുള്ള തൊഴിലാളികള്‍ക്ക് അനുവദിക്കാവുന്ന തൊഴില്‍ വിസയുടെ 30 ശതമാനവും ലഭ്യമാക്കിയത് ഇന്ത്യന്‍ പൌരന്മാര്‍ക്കാണെന്നും ചൂണ്ടിക്കാട്ടി.അയര്‍ലണ്ടിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ അടുത്ത വര്‍ഷങ്ങളിലും വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. 

Scroll To Top