Saturday December 10, 2016
Latest Updates

ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച,തോല്‍വിയിലേയ്ക്ക് ..?

ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച,തോല്‍വിയിലേയ്ക്ക് ..?

സിഡ്‌നി: ഓസ്‌ട്രേലിയ ഉയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 108 റണ്‍സെടുക്കുന്നതിനിടെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യയ്ക്ക് നഷ്ടമായി. ശിഖര്‍ ധവാന്റെയും വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും സുരേഷ് റൈനയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 34 ഓവറില്‍ ഇന്ത്യ നാലു വിക്കറ്റു നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയിലാണ്. 45 റണ്‍സെടുത്ത ശിഖര്‍ ധവാനും ഒരു റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 34 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 7 റണ്‍സില്‍ സുരേഷ് റൈനയുമാണ് പുറത്തായത്. ഹേസല്‍വുഡ് ധവാനെ പുറത്താക്കിയപ്പോള്‍ ജോണ്‍സണ്‍ കോഹ്‌ലിയെയും രോഹിത്തിനെയും മടക്കി. റൈനയുടെ വിക്കറ്റ് ഫോക്‌നര്‍ക്കാണ്. 13 റണ്‍സുമായി രഹാനെയും ഒരു റണ്‍സുമായി ധോണിയുമാണ് ക്രീസില്‍.

നേരത്തെ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റു നഷ്ടത്തില്‍ 328 റണ്‍സെടുക്കുകയായിരുന്നു.

സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയും ആരോണ്‍ ഫിഞ്ചിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പുറത്തെടുത്തത്. സ്മിത്ത് 93 പന്തില്‍ 11 ഫോറും രണ്ടു സിക്‌സറും നേടി 105 റണ്‍സെടുത്തു. 81 റണ്‍സു നേടി ആരോണ്‍ ഫിഞ്ച് സ്മിത്തിന് മികച്ച പിന്തുണ നല്‍കി.

തുടക്കത്തില്‍ തന്നെ വാര്‍ണറിനെ നഷ്ടമായ ഓസ്‌ട്രേലിയയെ സ്മിത്തും ഫിഞ്ചും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 197 റണ്‍സിലെത്തിച്ചു. എന്നാല്‍ സ്മിത്ത് പുറത്തായതിന് ശേഷം എത്തിയ മാക്‌സ്‌വെല്ലിന് തന്റെ ശൈലിയില്‍ ബാറ്റ് വീശാന്‍ സാധിച്ചില്ല. അശ്വിന്റെ പന്തില്‍ രഹാനെ പിടിച്ച് മാക്‌സ്‌വെല്‍ പുറത്താകുമ്പോള്‍ 14 പന്തില്‍ 23 റണ്‍സായിരുന്നു സമ്പാദ്യം.

വാട്‌സണ്‍ (28), മൈക്കല്‍ ക്ലാര്‍ക്ക്(10), ഫോക്‌നര്‍ (21) തുടങ്ങിയവരൊക്കെ കൂറ്റനടികള്‍ക്ക് ശ്രമിച്ച് പെട്ടെന്ന് പുറത്തായതാണ് വന്‍ സ്‌കോറിലേക്ക് പോകുകയായിരുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത്.

ഇന്ത്യയ്ക്കു വേണ്ടി ഉമേഷ് യാദവ് നാലു വിക്കറ്റും മോഹിത് ശര്‍മ്മ രണ്ടു വിക്കറ്റും അശ്വിന്‍ ഒരു വിക്കറ്റും നേടി.

Scroll To Top