Saturday August 19, 2017
Latest Updates

സംഘാടകരുടെ അനാസ്ഥയില്‍ ഇന്ത്യാ ഡേ ആഘോഷം മുടങ്ങി,ഇനി എന്നെന്നും പറയാനാവില്ല !

സംഘാടകരുടെ അനാസ്ഥയില്‍ ഇന്ത്യാ ഡേ ആഘോഷം മുടങ്ങി,ഇനി എന്നെന്നും പറയാനാവില്ല !

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനകളെ ഒരു കുടക്കീഴില്‍ നിര്‍ത്തി ഇന്ത്യാ ഡേ ആഘോഷം സംഘടിപ്പിക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ ശ്രമം വീണ്ടും വൃഥാവിലായി.ഏറെ കൊട്ടിഘോഷിച്ച് ഓഗസ്റ്റ് 15 ന് നടത്താനിരുന്ന ഇന്ത്യാ ഡേ പരിപാടികള്‍ മാറ്റിവെച്ചു.

ഇന്ത്യന്‍ സംഘടനകളുടെ ഏകോപനം എന്ന പേരില്‍ ഒരു സംഘം ആള്‍ക്കാര്‍ മാത്രം മുന്‍കൈയ്യെടുത്തു രൂപീകരിച്ച ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റീസ് ഇന്‍ അയര്‍ലണ്ട് (ഫിക്കി)എന്ന സംഘടനയുടെ തുടക്കത്തില്‍ ഉണ്ടായ താളപിഴകളാണ് ഇന്ത്യാ ഡേ ആഘോഷങ്ങളെ അവസാന മണിക്കൂറുകളില്‍ മാറ്റിവെയ്ക്കാന്‍ കാരണമാക്കിയത്.

വേണ്ടത്ര ഒരുക്കങ്ങളില്ലാതെ പരിപാടികള്‍ തയാറാക്കിയതും സുരക്ഷാ നടപടികള്‍ പാലിയ്ക്കാതെ ക്രമീകരണങ്ങള്‍ നടത്തിയതും ഇന്ത്യാ ഡേ മുടങ്ങാന്‍ കാരണമായി.ശനിയാഴ്ച്ച ഫീനിക്‌സ് പാര്‍ക്കില്‍ നടത്താനിരുന്ന പരിപാടിയ്ക്ക് വേണ്ടത്ര സജ്ജീകരണങ്ങള്‍ ഉണ്ടോ എന്ന ഗാര്‍ഡയുടെ ചോദ്യത്തിന് മുമ്പില്‍ സംഘാടകര്‍ കൈമലര്‍ത്തി കാണിച്ചതോടെയാണ് ഇന്ത്യന്‍ സമൂഹത്തിനു മുഴുവന്‍ അഭിമാനകരമാകുമായിരുന്ന ആഘോഷ പരിപാടികള്‍ മാറ്റിവെയ്‌ക്കേണ്ടി വന്നത്.

ഇന്ത്യാ ഡേയുടെ വിജയത്തിനായി തയ്യാറെടുത്തു കൊണ്ടിരുന്ന കലാസംഗീത വിഭാഗങ്ങള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മഹത്തായ പരിപാടിയില്‍ പങ്കെടുക്കാന്‍ നേഴ്‌സ്മാരടക്കം നിരവധി പേരാണ് അവധിയെടുത്ത് കാത്തിരുന്നത്.

ഫിക്കിയുടെ നേതൃതലത്തില്‍ ചിലര്‍ മേളയെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചു എന്ന രീതിയിലും പ്രചരണം ഉണ്ട്.ഗാര്‍ഡ,ഫയര്‍ സര്‍വീസ് എന്നിവയെ പോലും പരിപാടിയുടെ വിശദവിവരങ്ങള്‍ നേരത്തെ അറിയിച്ചിരുന്നില്ല.

ഫിക്കി എന്ന പേരില്‍ സംഘടന രൂപീകരിച്ചപ്പോഴും വളരെ രഹസ്യമായ നീക്കങ്ങളാണ് നടന്നത്.അയര്‍ലണ്ടിലെ എല്ലാ സംഘടനകളുടെയും ഏകോപനം എന്നാണ് അറിയപ്പെട്ടതെങ്കിലും പകുതി സംഘടനകളെ പോലും അറിയിക്കാതെയാണ് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തത്.അതില്‍ നിന്നും വേണ്ടപ്പെട്ടവരെ കമ്മിറ്റിയംഗങ്ങളുമാക്കി.

പരസ്പരം പോരടിയ്ക്കുന്ന ഹിന്ദി മേഖലയില്‍ നിന്നുള്ള സംഘടനകളാവട്ടെ ദീപാവലിയല്ലാതെ മറ്റൊരു പരിപാടിയും വിജയിപ്പിക്കാന്‍ ശ്രമിക്കുകയില്ലയെന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ത്യാഡേ മാറ്റിവെച്ചതുവഴി വെളിപ്പെടുന്നത്.അയര്‍ലണ്ടിലെ നൃത്ത സംഗീത സംഘങ്ങളില്‍ പെട്ട മലയാളികളായ കലാകാരന്മാരെ ഉപയോഗിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാനും കാഴ്ചക്കാരായി മലയാളികളെ സംഘടിപ്പിക്കാനും ശ്രമിച്ചതല്ലാതെ മലയാളി സംഘടനകളെ പങ്കെടുപ്പിക്കാന്‍ പോലും നോര്‍ത്ത് ഇന്ത്യന്‍ ആധിപത്യമുള്ള ഫിക്കിയ്ക്ക് കഴിഞ്ഞില്ല.എന്തിന് അടുത്ത ശനിയാഴ്ച്ച ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുമെന്ന് കൊട്ടിഘോഷിച്ച ഇന്ത്യാ ഡേ പരിപാടിയ്ക്ക് സ്റ്റാളൊരുക്കാന്‍ ഒരൊറ്റ മലയാളി കേറ്ററിംഗ് കമ്പനിയ്ക്ക് പോലും അവസരം നല്കിയിരുന്നില്ലെന്നതും വ്യസനമുളവയ്ക്കുന്ന സംഗതി തന്നെയാണ്.നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ വിറക് വെട്ടാനും വെള്ളം കോരാനും നില്‍ക്കാത്തവരൊക്കെ ഉത്തരേന്ത്യന്‍ പ്രഭുതികളുടെ കാഴ്ച്ചപ്പാടില്‍ ഇന്ത്യക്കാര്‍ പോലുമല്ല …അയര്‍ലണ്ടിലെ ഇന്ത്യാക്കാരില്‍ അമ്പതു ശതമാനത്തോളം പേര്‍ മലയാളികളായിരിക്കെയാണ് ഇങ്ങനെ സംഭവിക്കുന്നത്.

എംബസിയുടെ നേതൃത്വം ഉണ്ടായിരുന്നതിനാല്‍ ആയിരക്കണക്കിന് യൂറോ ഇന്ത്യാ ഡേയ്ക്ക് വേണ്ടി പിരിച്ചെടുത്തു കഴിഞ്ഞു.സ്‌പോണ്‍സര്‍ ഷിപ്പിലൂടെയാണ് ഇവ പിരിച്ചെടുത്തത് എന്നതിനാല്‍ പരിപാടി നടത്തിയില്ലെങ്കില്‍ ഈ തുക തിരിച്ചു കൊടുക്കേണ്ടി വരും.അത് കൊണ്ട് തന്നെ പേരിനെങ്കിലും ഇന്ത്യാ ഡേ മറ്റൊരു ദിവസം നടത്താന്‍ സംഘാടകര്‍ ആലോചിക്കുന്നുണ്ട്.എന്നാലും ഇനിയൊരു ദിവസം കൂടി അവധിയെടുത്ത് എത്ര ഇന്ത്യാക്കാര്‍ ആഘോഷത്തിനു ചെല്ലുമെന്ന് കണ്ടറിയണം. 

Scroll To Top