Wednesday December 07, 2016
Latest Updates

ഓഗസ്റ്റ് 15 ന് ഡബ്ലിനില്‍ ഇന്ത്യാ ഡേ, ഫീനിക്‌സ് പാര്‍ക്കില്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന ആഘോഷ പരിപാടികള്‍ ,ഒരുക്കങ്ങള്‍ ആരംഭിച്ചു 

ഓഗസ്റ്റ് 15 ന് ഡബ്ലിനില്‍ ഇന്ത്യാ ഡേ, ഫീനിക്‌സ് പാര്‍ക്കില്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന ആഘോഷ പരിപാടികള്‍ ,ഒരുക്കങ്ങള്‍ ആരംഭിച്ചു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ പ്രഥമ ഒത്തുചേരലായ ‘ഇന്ത്യാ ഡേ ആഘോഷം ഓഗസ്റ്റ് 15 ന് ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ നടത്തപ്പെടും.

അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരെയും ഒന്നിച്ചു കൂട്ടി ദേശ സ്‌നേഹമന്ത്രങ്ങളും കലാപരിപാടികളും ആഘോഷവും ഭക്ഷ്യമേളയുമായി , സ്വാതന്ത്ര്യദിനം കൂടിയായ ഓഗസ്റ്റ് 15 ന്(ശനിയാഴ്ച്ച)ഇന്ത്യാ ദിനമായി ആഘോഷിക്കാന്‍ ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ സംഘടനകളുടെയും സംയുക്ത യോഗമാണ് തീരുമാനമെടുത്തത്.

ഓഗസ്റ്റ് 15 ന് രാവിലെ 11 മണി മുതല്‍ 5 മണി വരെ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി താമസിക്കുന്ന വിവിധ സാംസ്‌കാരിക ധാരകളില്‍ ഉള്ളവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ 11 മണി മുതല്‍ തുടര്‍ച്ചയായി നടത്തപ്പെടും,വിവിധ ശില്പശാലകളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ സഹകരണത്തോടെ ആഘോഷിക്കാനുള്ള നിര്‍ദേശം ആദ്യം ഇന്ത്യന്‍ എംബസിയാണ് മുമ്പോട്ടു വെച്ചത്.അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷ് നേതൃത്വമെടുത്താണ് ഇതിനായി ഇന്ത്യന്‍ സംഘടനകളുടെ സമ്മേളനവും വിളിച്ചു ചേര്‍ത്തത്.ഇന്ത്യാ ഡേ പരിപാടികളുടെ നടത്തിപ്പിനായും ഭാവിയില്‍ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റീസ് ഇന്‍ അയര്‍ലണ്ട് )എന്ന പേരില്‍ ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്.

ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ തങ്ങളുടെ എംബസിയുമായി കൂടിച്ചേര്‍ന്ന് ഇത്തരം ആഘോഷങ്ങള്‍ നടത്താറുണ്ട്. മറ്റ് രാജ്യക്കാര്‍ നടത്തുന്നത് മാതൃകയാക്കി ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കും ഇത്തരം ആഘോഷങ്ങളും ഒത്തുചേരലുകളും വേണമെന്ന അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യ ദിനം ആഘോഷിക്കാന്‍ എംബസി തീരുമാനിച്ചത്.

ഓഗസ്റ്റ് 15 ന് നടക്കുന്ന ഇന്ത്യ ദിന ആഘോഷത്തില്‍ അയര്‍ലണ്ടിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ നിന്ന് മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ എംബസിയും ഫിക്കിയും പ്രതീക്ഷിക്കുന്നുണ്ട്.ചരിത്രത്തില്‍ ആദ്യമായാണ് അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരും ഒന്നിച്ചു ചേരാനുള്ള അവസരം എംബസി ഒരുക്കുന്നത് എന്നതിനാല്‍ ഇന്ത്യാ ഡേ ആഘോഷ പരിപാടികളില്‍ എല്ലാവരും സഹകരിക്കണമെന്ന് അമ്പാസിഡര്‍ അഭ്യര്‍ഥിച്ചു.പ്രവേശനം സൗജന്യമാണ്.

-റെജി സി ജേക്കബ് 

Scroll To Top