Wednesday August 23, 2017
Latest Updates

ഇന്ത്യന്‍ എംബസിയിലെ കാഴ്ച്ചാക്കുറിപ്പുകള്‍ (ഒരു ഇന്ത്യാക്കാരന്റെ സന്തോഷങ്ങള്‍!)

ഇന്ത്യന്‍ എംബസിയിലെ കാഴ്ച്ചാക്കുറിപ്പുകള്‍ (ഒരു ഇന്ത്യാക്കാരന്റെ സന്തോഷങ്ങള്‍!)

കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ഇന്നലെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ പോയി ..5 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കലും ഈ പടി കേറാന്‍ ഇടയാക്കരുതേ ദൈവമേ എന്ന് ശപിച്ചു ഇറങ്ങിപോയ എനിക്കു വലിയ പ്രതിക്ഷകള്‍ ഒന്നും ഇല്ലായിരുന്നു.എത്ര തവണ വായിച്ചിട്ടും മനസിലാകാത്ത കുറേ ഫോമുകളുമായി പിന്നെയും ഈ തറവാടിനു മുന്‍പില്‍ വലിയ തിരക്കായിരിക്കും എന്ന് കരുതി കുറച്ചു നേരത്തെ പോയി ..ഫ്രണ്ട് ഡോറില്‍ എഴുതിവച്ചിരിക്കുന്നു opening time 9:30 12:30
9:00 മണി ആയപ്പോള്‍ ഒരു മനുഷ്യന്‍ ഇറങ്ങി വന്നു ..ഞാന്‍ ഒരിക്കല്‍ കൂടി ചോദിച്ചു എപ്പോഴാണ് തുറക്കുന്നതെന്ന്.അദ്ദേഹം ഒരു ഇന്ത്യന്‍ പതാകയും ആയി വന്നു കൊടിയില്‍ കെട്ടി …NCC ക്ക് ‘പീച്ഛെ മുട്’ എന്ന് പറയുമ്പോള്‍ ‘നീ എന്താടാ മരക്കാത്തി മുത്രം ഒഴിക്കാന്‍ നില്‍ക്കുന്നത് പോലെ നില്‍ക്കുന്നത്’ എന്ന രാജേന്ദ്രന്‍ സാറിന്റെ ചോദ്യം എന്റെ ചെവിയില്‍ മുഴങ്ങി കേട്ടു .ഞാന്‍ വളരെ വേഗം രണ്ടു കാലും കൈയും ചേര്‍ത്തു സ്റ്റഡിയായി നിന്നു.

കാര്‍ഗിലില്‍ യുദ്ധം ജയിച്ച പട്ടാളക്കാരനെ പോലെ വലിയ കാഹളനാദം ഒന്നും ഇല്ലാതെ അദ്ദേഹം പതാക ഉയര്‍ത്തി….ഭരത് മാതാ കി ജയ് എന്ന് ഉറക്കെ വിളിക്കാന്‍ എന്‌ടെ ഹൃദയം തുടിച്ചു..ഒരുപാടു ചളം ആക്കണ്ട എന്നു വിചാരിച്ചു ഞാന്‍ ഒന്നും മിണ്ടിയില്ല.

തിരിച്ചു വന്ന ആ മനുഷ്യന്‍ പറഞ്ഞു ‘you can sit inside ‘…ഞാന്‍ ഒന്നു ഞെട്ടി നാലുപാടും നോക്കി.ഇത് എന്നോട് തനെയാണോ പറഞ്ഞത് ..അപ്പോള്‍ അദ്ധേഹത്തിന്റെ മുഖം ഗിവര്‍ഗിസു പുണ്യളനെ പോലെ ശോഭിച്ചിരിക്കുന്നതായി ഞാന്‍ കണ്ടു ….
എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല ..ഞാന്‍ ഒരിക്കല്‍ക്കൂടി പുറത്തേക്കു പോയി ഇതു ഇന്ത്യന്‍ എംബസി തന്നെ അല്ലേ ?സ്വര്‍ഗ്ഗത്തിന്റെ വാതില്‍ അല്ലലോ എന്നു നോക്കി ….
അകത്തു കയറിയ എനിക്കു വിശ്വസിക്കാന്‍ സാധിച്ചില്ല .നൂണ്‍ ഷോ നടക്കുന്ന പഴയ ഓലമേഞ്ഞ സിനിമ തീയേറ്റര്‍ പോലെ ആയിരുന്ന റൂമുകള്‍ എല്ലാം ഒരു എ ക്ലാസ് തീയറ്ററിന്റെ മുഖം.വരിവരിയായി നിരത്തിയിട്ടീരിക്കുന്ന കസേരകള്‍.കാലാകാലങ്ങളായി ഇവിടെ കയറിയിറങ്ങിയിട്ടുള്ള നൂറുകണക്കിന് ഇന്ത്യാക്കാരുടെ ഹൃദയഭിത്തികളില്‍ കോറിയിട്ട വിവിധ ഭാഷകളിലുള്ള പഴിചാരലും തെറിവാക്കുകളും മായിക്കാനാണെന്ന് തോന്നുന്നു,എല്ലാ ഭിത്തികളും അതിമനോഹരമായി പെയിന്റ് അടിച്ചിരിക്കുന്നു. പഴയ കരിപിടിച്ച സിനിമ പോസ്റ്ററുകള്‍ ഒട്ടിച്ച പോലെ ആയിരുന്ന ഭിത്തികളുടെ സ്ഥാനത്ത് നുറുകണക്കിനു പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്നു.താലുക്ക് ആശുപത്രികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഡെറ്റോളിന്റെ ഗന്ധം മൂക്കിലെക്കു തുളച്ചുകയറി!.
ഞാന്‍ ഒത്തനടുക്കായി ഒരു കസേരയില്‍ ഇരുന്നു ..പെട്ടെന്നുതന്നെ സുന്ദരിയായ ഒരു ചെറുപ്പക്കാരി കടന്നുവന്നു ഒരു പുഞ്ചിരിയോട് കൂടി  എനിക്കും മുന്നേ ഉള്ള സീറ്റില്‍ ഇരുന്നു.അതെനിക്ക് സഹിച്ചില്ല.ഞാന്‍ എത്തിയും വലിഞ്ഞും അവളുടെ കൈയ്യില്‍ ഇരിക്കുന്ന ഫയലിലേക്ക് നോക്കി.അതെ അവള്‍ക്കു ഇന്ത്യന്‍പാസ്‌പോര്‍ട്ട് ആണ് ..അല്ലെങ്ങില്‍ അവള്‍ ഈ പണി ചെയില്ലായിരുന്നു .

അപ്പോഴേക്കും ഒരു വെള്ളക്കാരി യുവതി കയറി വന്നു എല്ലാവരോടും ചിരിച്ചു.’ഹായ്’ പറഞ്ഞു ആ നിരയിലെ അവസാനത്തെ കസേരയില്‍ ഇരുന്നു..ഒരു സംശയവും വേണ്ടി വന്നില്ല ഇവള്‍ ഇന്ത്യക്കാരി അല്ല ..തീര്‍ച്ചയായും ഒരു ഐറിഷ്കാരി ആണ്.

അതേ സമയം തന്നെ കുറെ വെള്ളക്കാരികളും വെള്ളക്കാരും ഓഫീസിലേക്ക് കയറി പോകുന്നത് കണ്ടു …ഞാന്‍ അത്ഭുതത്തോടെ ഉള്ളിലേക്ക് നോക്കി..അപ്പോഴാണ് മനസ്സിലായത് പുതിയ അമ്പാസിഡര്‍ ഇംഗ്ലീഷ് അറിയാത്ത കുറെ ഇന്ത്യന്‍ സ്റ്റാഫ്കളെ അടിച്ചിറക്കി മിടുമിടുക്കന്മാരായ ഇന്ത്യന്‍ കുട്ടികളെയും സായിപ്പ് കുട്ടികളെയും ഓഫിസില്‍ കയറ്റിയതിന്റെ ഗുണമാണ് !.

സമയം 9:15 ഒരു നാലര അടി മാത്രമുള്ള മനുഷ്യന്‍ Arnold schwarzenegger നെ പോലെ മസിലും പിടിച്ചു വരുന്നത് കണ്ടു.അദ്ദേഹം ഈ തറവാട്ടിലെ ഒരു മൂത്ത കാരണവര്‍ ആണന്നു മനസ്സിലായി.അദ്ദേഹം എന്റെ അപ്പുറം ഇരുന്ന വെള്ളക്കാരിയെയും ഇപ്പുറം ഇരുന്ന ചെറുപ്പക്കാരിയേയും നോക്കി ചിരിച്ചു.ഞാനും അദ്ധേഹത്തെ നോക്കി ചിരിച്ചു.ഒരു പുച്ഛഭാവത്തോടെ അദ്ദേഹം എന്നെ മാത്രം മൈന്‍ഡ് ചെയ്യാതെ അകത്തേക്ക് പോയി .അദ്ദേഹം അപ്പോള്‍ മനസ്സില്‍ പറഞ്ഞുകാണും ‘നിലവിളക്കിന്റെ നടുവില്‍ ഒരു കരിവിളക്ക് ഇരിക്കുന്നു’ എന്ന് !
പെട്ടെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു …നീ അങ്ങനെ ചിരിക്കണ്ട വെള്ളക്കാരി! ..5 വര്‍ഷം മുന്‍പ് നിന്നെ പോലെ ഒരുത്തി.ഇവിടെ നിന്നും F ലും B യിലും ഒക്കെയുള്ള തെറി വാക്കുകള്‍ പറഞ്ഞു അപ്ലിക്കേഷന്‍ ഫോമുകള്‍ വലിച്ചു കീറി ഇറങ്ങി പോയ വെള്ളക്കാരിയുടെ അതേ അവസ്ഥ നിനക്കും ഉണ്ടാകുമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു ..
സമയം 9:20 …അപ്പോഴേക്കും കുറെ സ്ത്രീകള്‍ ഞങ്ങള്‍ ഇന്‍ഡ്യക്കാര്‍ ആണ് എന്ന് കാണിക്കുവാന്‍ ചുരിദാര്‍ ധരിച്ചു ആടിയും കുഴഞ്ഞും ആ ഓഫീസിലേക്ക് കയറി പോയി.
അയര്‍ലണ്ടിലുള്ള എല്ലാ ഓഫീസുകളും 9:00 മണിക്ക് തുറക്കും.ഇന്ത്യന്‍ എംബസി മാത്രം എന്താ 9:30!.നാട്ടിലുള്ള ഏതോ സര്‍ക്കാര്‍ ഓഫീസില്‍ ഇരുന്നു ജോലി ചെയ്തിട്ടുള്ളവരെ അയര്‍ലണ്ട് ഇന്ത്യന്‍ എംബസിയില്‍ ജോലിക്ക് കൊണ്ടുവന്നതാണ് എന്ന സത്യം അപ്പോഴാണ് എനിക്ക് മനസ്സില്‍ ആയത്.
കാലവര്‍ഷം തുടങ്ങുമ്പോള്‍ മുല്ലപെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ പോലെയാണ് ഇന്ത്യന്‍ എംബസിയില്‍ ഇവര്‍ ജോലി ചെയ്യുന്നത് എന്ന് അവരുടെ മുഖത്ത് നോക്കിയാല്‍ അറിയാം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ കുറെ തവണ ഓടിച്ച ആ സ്ത്രിയെ ഞാന്‍ അവിടെയെല്ലാം നോക്കി.അവരെ ഇവിടെ നിന്നും പറഞ്ഞു വിട്ടുവോ?അവരെ ഇവിടെ നിന്നും പറഞ്ഞു വിട്ടുവോ അങ്ങനെയനങ്ങില്‍ അവര്‍ നാട്ടിലുള്ള ഏതെങ്കിലും ബസ് കംഫര്‍ട്ട് സ്റ്റെഷനില്‍ ജോലി ചെയ്യുന്നുണ്ടാവും!(സത്യത്തില്‍ അതിനുള്ള യോഗ്യതപോലും അവര്‍ക്കുണ്ടായിരുന്നോ?)

പെട്ടെന്ന് ഒരു വെള്ളക്കാരന്‍ ഫ്രണ്ട് ഓഫീസില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി….ഇനി ഒരിക്കലും ഇന്ത്യന്‍ എംബസിയില്‍ വരുന്നവരോട് ഇന്ത്യക്കാരായ സ്റ്റാഫ് സംസാരിക്കുക കൂടി ചെയ്യരുത് എന്ന് അമ്പാസിഡര്‍ തിരുമാനിച്ചിട്ടുണ്ടാവും.ദുര്‍ഗുണ പരിഹാര പാഠശാലയില്‍ ഫിസിയോളജിക്ക് ക്ലാസ്സ് എടുക്കാന്‍ വന്ന ഒരു മാഷിനെ പോലെ തോന്നി ആ വെള്ളക്കാരനെ കണ്ടപ്പോള്‍ …

വെള്ളക്കാരന്‍ കിളിവാതിലില്‍ കൂടെ വിളിച്ചുചോദിച്ചു. ‘who came first? ‘…..എന്റെ കൈയില്‍ നിന്നും ഫോം വാങ്ങുമ്പോള്‍ പഴയ തറവാട്ടിലെ തമ്പുരാട്ടിയെ പോലെ അടുക്കളയില്‍ അവിടെയും ഇവിടെയും നോക്കി മരുമക്കളുടെ കുറ്റം പറയാന്‍ ഒരു കാരണം അന്വേഷിക്കുന്ന അമ്മായിയമ്മയെ പോലെ അകത്തുനിന്നും ഒരു സ്ത്രി വന്നു അവിടെയും ഇവിടെയും വെള്ളക്കാരന്റെ ഡെസ്‌കിലേക്കും ഒക്കെ നോക്കുന്നുണ്ടായിരുന്നു .. ആ വെള്ളക്കാരനെ കണ്ടു പഠിക്കാന്‍ വന്നതായിരിക്കും!

ഡബ്ലിന്‍ എംബസിയിലെ ഈ പുതിയ മാറ്റം തീര്‍ച്ചായായും എല്ലാം ഇന്ത്യാക്കാര്‍ക്കും അഭിമാനിക്കാം..(അപ്പോഴും എനിക്ക് ഒരു കാര്യം മനസ്സില്‍ ആകുന്നില്ല.ഞാന്‍ ഹായ് ഹല്ലോ എന്നൊക്കെ പലതവണ പറഞ്ഞിട്ടും എന്താണ്  ആ വെള്ളക്കാരന്‍ തിരിച്ചു ഒന്നും പറയാഞ്ഞത്?
അപ്പോള്‍ ഞാന്‍ മലയാളം ടീച്ചര്‍ പറഞ്ഞുതന്ന പഴഞ്ചൊല്ല് ഓര്‍ത്തു ….’മുല്ലപൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു ഒരു സൗരഭ്യം ‘)

തിരിച്ചു പോകുന്നതിനു മുന്‍പ് ഞാന്‍ ഒരിക്കല്‍ കൂടി ആ ഭിത്തിയില്‍ നോക്കി അവിടെ എഴുതി വച്ചിരിക്കുന്നു ‘incredible india

സത്യം.ഇപ്പോള്‍ ശരിക്കും നമ്മള്‍ ഇന്‍ക്രഡിബിള്‍ ആയിരിക്കുന്നു. സലാം ഇന്ത്യ! സലാം … JO PA

ജോമോന്‍ പാപ്പച്ചന്‍ (ഡബ്ലിനിലെ റിനൈസന്‍സ് ഐ ടി സെക്ക്യൂരിറ്റീസില്‍ ജോലി ചെയ്യുന്ന ജോമോന്‍ പാപ്പച്ചന്‍ നാടക-കലാ പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.കൊട്ടാരക്കര സ്വദേശിയാണ്)  INCREDIBLE

Scroll To Top