Saturday May 27, 2017
Latest Updates

ഡാനിയേല്‍ ജോസഫുമാരും സ്മിതാ ഹാരിസണ്‍മാരും വായിച്ചറിയാന്‍ …ഒരു അനോണിയുടെ ഡയറിക്കുറിപ്പുകള്‍

ഡാനിയേല്‍ ജോസഫുമാരും സ്മിതാ ഹാരിസണ്‍മാരും വായിച്ചറിയാന്‍ …ഒരു അനോണിയുടെ ഡയറിക്കുറിപ്പുകള്‍

ഒരാമുഖം
ഞാന്‍ അനോണി. എന്റെ അപ്പനപ്പൂപ്പന്മമാര്‍ മുതല്‍ ഞങ്ങള്‍ അനോണി എന്ന പേരില്‍ അറിയപ്പെടാന്‍ ആണ് ഇഷ്ടപ്പെടുന്നതും, അതങ്ങനെ തന്നെ കാത്തു പരിപാലിക്കുവാനും താത്പര്യപെടുന്നവര്‍ കൂടി ആണ്. രാവിലെ തന്നെ ഏതെങ്കിലും ഒരു ബ്ലോഗിലോ ഫേസ് ബുക്ക് പേജിലോ കയറി അയാളെയും, അവിടെ കമന്റ് ഇടുന്ന എല്ലാ ആള്‍ക്കാരെയും തെറി പറയുകയും, വേണ്ടാതീനങ്ങള്‍ പ്രചരിപ്പിക്കുകയും ആണ് പരമപ്രധാനവും മഹാത്കരവുമായ ഞങ്ങളുടെ അകൈതവമായ ലക്ഷ്യം എന്ന് ഞങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു. ആരെ തെറി പറയാം എന്ന് ആലോചിച്ചാണ് ഞങ്ങള്‍ ഒരു ദിവസം അവസാനിപ്പിക്കുന്നതും ആരംഭിക്കുന്നതും… അതിനി എത്ര വലിയ തിരക്കുകള്‍ ഉണ്ടായാലും ശരി ബ്ലോഗുകളില്‍ കല്ലെടുത്തെറിഞ്ഞു രസിച്ചു, വല്ലവന്റെയും വായില്‍ മണ്ണ് വാരിയിട്ടു ആനന്ദത്തില്‍ ആറാടുന്നു.
ഒരു ദിനാരംഭം
കാലത്തെഴുന്നേറ്റു പല്ല് പോലും തേക്കാതെ കണ്ണ് തിരുമിയുടച്ചു, വായിക്കോട്ട വിട്ടു കൊണ്ട് ഞങ്ങള്‍ പാരമ്പ്യരമായി അടുക്കളയിലേക്കു പോകാറില്ല. നേരെ കമ്പ്യൂട്ടറിന് മുന്നില്‍ ചെന്നിരുന്നു ആരെങ്കിലും കുത്തിയിരുന്നെഴുതിയ ബ്ലൊഗിലൂടെ പ്രദിക്ഷണം ആരംഭിക്കുകയായി. അവിടെ ഒരു ദിവസം തുടങ്ങുന്നു. ഓരോ ബ്ലോഗറെയും പ്രൊഫൈല്‍ ഉടമയെയും വിശദമായി അടുത്തറിയാവുന്നത് കൊണ്ട് എവിടെ ആര്‍ക്കിട്ട് താങ്ങണം എന്ന ഒരു അജണ്ട(ഹിഡന്‍) തലമുറ തലമുറ കൈമാറി ഞങ്ങള്‍ വരം പോലെ സൂക്ഷിക്കുന്നു. വായന ആവശ്യം ഇല്ലെങ്കിലും വെറുതെ വായിച്ചു ഒരു കമന്റ് അതും കടുത്ത ഭാഷയില്‍ തന്നെ ആവണം എന്നത് ഞങ്ങള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. ഞങ്ങള്‍ എന്തെഴുതിയാലും ആരും അറിയുന്നില്ല അത് ഞങ്ങള്‍ (ഒര്‍ജിനല്‍) എഴുതിയതാണന്നും, അതിന്റെ പിന്നില്‍ ഞങ്ങളുടെ കറുത്ത കരങ്ങള്‍ ആണന്നതും ആരും ഒരിക്കലും അറിയുന്നില്ല എന്നുള്ളത് ആലോചിക്കുമ്പോള്‍ തന്നെ കുളിര് പകരുന്നു. ചിലര്‍ കണ്ടുപിടിക്കാന്‍ കൊണ്ട് പിടിച്ചു ശ്രെമിക്കാറുണ്ടങ്കിലും അതെല്ലാം പലപ്പോഴും വിജയം കാണാറില്ല എന്നുള്ളത് ഞങ്ങള്‍ക്ക് എന്ത് മാത്രവും കരുത്തും ആര്ജ്ജവും നല്‍കുന്നു എന്നുള്ളത് എടുത്തു പറയേണ്ട ഒരു മഹത്തായ കാര്യവും, ഒപ്പം ഞങ്ങളുടെ ആത്മാര്‍തതയില്‍ ഉള്ള വിജയവും ആണന്നു ഞങ്ങള്‍ അടി ഉറച്ചു വിശ്വസിക്കുന്നു.
ഒരു ദിനാവസാനം
കുറഞ്ഞത് ഒരു അമ്പതു ബ്ലോഗിലെങ്കിലും കയറി ഇറങ്ങിയാല്‍ മാത്രമേ ഒരു നല്ല ഇരയെ ഒത്തു കിട്ടുകയുള്ളൂ, എന്നുള്ളത് ഈ പണിയുടെ തീവ്രതയും, ആഴവും നിങ്ങള്‍ വായനക്കാര്‍ തിരിച്ചറിയണം എന്ന അതിയായ ആഗ്രഹമാണ് ഈ ഡയറിക്കുറിപ്പുകളിലൂടെ ഞാന്‍ അതിയായി ആഗ്രഹിക്കുന്നത്. ഇരയെ കിട്ടി കഴിഞ്ഞാല്‍ ഉടനെ നല്ല പുളിച്ച തെറികള്‍(പാരമ്പ്യരമായി കൈമാറി കിട്ടിയത്) എടുത്തു ഒരു അലക്കലക്കും. പിന്നെ പാവം ബ്ലോഗര്‍ കിടന്നു വല്ലാതെ മുക്കരയിടുകയും, അലറുകയും കരഞ്ഞു കൂവുന്നതും ഇവിടെ വീട്ടിലിരുന്നു ഞങ്ങള്‍ തലതല്ലി ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. ചില വിരുതന്മമാര്‍ ഞങ്ങളെ തിരിച്ചു അതെ ഭാഷയില്‍ തന്നെ സത്കരിച്ചു സംസ്‌കാരം പ്രകടിപ്പിക്കുന്നത് ഒരു നവ്യാനുഭവവും കോള്‍മയിര്‍ കൊള്ളിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ നാലാളെ തെറി വിളിച്ചു കിട്ടുന്ന അതിര് കവിഞ്ഞ (അതനുഭവിച്ചു അറിയണം) സന്തോഷത്തില്‍ എല്ലാം മറന്നു ഉറങ്ങാന്‍ കിടക്കുമ്പോഴും, നാളെ എന്ത് എന്ന ചിന്ത എല്ലാവരെയും പോലെ ഞങ്ങളെയും അലട്ടാറുണ്ട്. എന്നാലും അടുത്ത ദിവസവും നല്ല ഒരു ഇരയെ തന്നെ കിട്ടാറുമുണ്ട്.
എങ്ങനെ ഒരാളെ തെറി വിളിക്കാം…?
തെറി വിളി കുടുംബത്തില്‍ നിന്നും ശീലിക്കണം, അല്ലാതെ വല്ല കറസ്‌പോണ്ടന്റ് കോഴ്‌സിലും പോയി പഠിച്ചാല്‍ ഉള്ളത് കൂടി ഇല്ലാണ്ടാവും എന്നുള്ളത് ആദ്യമേ ഓര്‍മ്മിപ്പിക്കുന്നു. മയമില്ലാതെ, അയാളെ തളര്‍ത്തുന്ന രീതിയില്‍ വേണം, ഒരാളെ ആദ്യം സമീപിക്കാന്‍… അവിടെ നിന്നും തിരിച്ചു കിട്ടുന്ന അനുഭവങ്ങളില്‍ തളരാതെ, പിടിച്ചു നില്‍ക്കാന്‍ കഴിയുക, എന്നുള്ളതും, ഓരോ കമന്റിലൂടെയും കൂടുതല്‍ കൂടുതല്‍ കരുതാര്‍ജ്ജിച്ചു മുന്നേറുവാന്‍ കഴിയുക എന്നതാവണം അടുത്ത പടി. അവിടെ വിജയിച്ചാല്‍ , വിജയം നിങ്ങളെ തന്നെ തേടിയെത്തും. അവസാനം നിങ്ങള്‍ ഒരു അനോണി പുലി എന്ന പേരില്‍ അറിയപ്പെടും.
എങ്ങനെ തുടങ്ങാം..?
ആദ്യം ഒരു ഫേക്ക് ഐ.ഡി ഉണ്ടാക്കുക. അതുവഴി പറയാനുള്ളത് (അതെന്തു കുന്ത്രാണ്ടം ആയാലും) മുഖം നോക്കാതെ പറയുക. പറഞ്ഞതില്‍ തന്നെ ഉടുമ്പ് കിടക്കുന്നത് പോലെ കടിച്ചു കിടക്കുക. അവിടെ കിടന്നു പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുക. ഒടുവില്‍ ബ്ലോഗര്‍ ബ്ലോഗു കമന്റ് മോഡറേഷന്‍ എന്ന കടമ്പയില്‍ എത്തുമ്പോള്‍ പതിയെ പിന്‍ വലിയുക. അവസരം കിട്ടുമ്പോഴൊക്കെ ആ ബ്ലോഗറെ ആക്രമിക്കാന്‍ പരമാവധി അവസരത്തിനായി കാത്തിരിക്കുക. മോഡറേഷന്‍ മടുക്കുന്ന ബ്ലോഗര്‍, പിന്നെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോള്‍, ഇത്തവണ അവനെ പൂട്ടിചെ അടങ്ങു എന്ന വാശിയോടെ അടുത്ത ആക്രമണ പരമ്പര ആവര്‍ത്തിക്കുക, എന്തിനധികം പറയുന്നു… അവന്‍ കട്ടേം പടോം മടക്കി പോകും. അതോടെ നമ്മള്‍ അടുത്ത മേച്ചില്‍ പുറം തേടി യാത്ര ആരംഭിക്കുക.
വെല്ലുവിളികള്‍ (ചില ടിപ്പുകള്‍)
1. മോഡറേഷന്‍ സൂക്ഷിക്കുക.
2. ജാരസന്തതി എന്ന വിളിപേരില്‍ ആനന്ദം കൊള്ളുക.
3. അല്ലലില്ലാതെ പിന്നെയും പിന്നെയും എഴുതുക.
4. അനോണികളെ കുടുക്കുവാന്‍ നടക്കുന്ന ഒറ്റുക്കാരെ തിരിച്ചറിയുക.
5. അനോണി എന്നാല്‍ അലവലാതി എന്ന് പറഞ്ഞു നടക്കുന്നവരെ കണ്ടില്ലാന്നു നടിക്കുക.
(ജീവനോടെ ഉണ്ടെങ്കില്‍ ചിലപ്പോള്‍ വീണ്ടും തുടരും)

വാല്‍ക്കഷണം :ഈ ലേഖനം അയര്‍ലണ്ടില്‍ അടുത്തയിടയ്ക്കായി പെരുകുന്ന ഫേസ്ബുക്ക് ഫേക്ക് ഐ ഡി ഉടമകള്‍ക്ക് സമര്‍പ്പിക്കുന്നു.ഇത്തരമൊരു കടും കൈ ഗൈഡ് നിങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുമെന്ന് വിചാരിക്കുന്നു.എഴുതുക..ഇനിയും വളരുക ..നിങ്ങളെ ഞങ്ങള്‍ വായനക്കാര്‍ അകമഴിഞ്ഞ് സഹായിക്കുന്നതാണ്)

കടപ്പാട്:ടോംസ് കൊനുമഠം 


Scroll To Top