Thursday December 08, 2016
Latest Updates

സഹകരണബാങ്കുകളിലെ നിക്ഷേപം:2.5 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബാങ്ക് അധികൃതര്‍

സഹകരണബാങ്കുകളിലെ നിക്ഷേപം:2.5 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബാങ്ക് അധികൃതര്‍

കൊച്ചി: കള്ളപ്പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടു സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്താന്‍ എന്തെങ്കിലും പുതിയ നിര്‍ദേശം തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍.

500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ടു കള്ളപ്പണം കണ്ടെത്താനുള്ള തുടര്‍ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടേക്കാം.എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിക്കാനായി കൊച്ചിയിലെ കേന്ദ്രത്തില്‍ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ല.

സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധനയുണ്ടാകുമെന്ന പ്രചാരണങ്ങളുടെ പേരില്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് പറഞ്ഞു.

ആദായനികുതി പരിധിയായ 2.5 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.സ്രോതസ് കാണിക്കാന്‍ പറ്റുന്ന നിക്ഷേപകരും ഭയപ്പെടേണ്ടതില്ല.ജില്ലയിലെ സഹകരണ ബാങ്കുകളിലൊന്നും ഇതുവരെ ആദായനികുതി അധികൃതരുടെ പരിശോധന ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍, വരും ദിവസങ്ങളില്‍ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ചു പരിശോധന ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

ഇത്തരത്തില്‍ അന്വേഷണങ്ങള്‍ വന്നാല്‍ സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടും. ആദായനികുതിയൊടുക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ തന്നെയാണു സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കുമുള്ളത്. നിലവിലെ ആദായനികുതി അടയ്‌ക്കേണ്ട പരിധിയായ 2.5 ലക്ഷത്തിനു താഴെയുള്ള നിക്ഷേപം അന്വേഷണ പരിധിയില്‍പ്പെടുന്നില്ല.

കൃത്യമായ രേഖകളുള്ള പണം നിക്ഷേപിച്ചവരുടെ ആശങ്ക അസ്ഥാനത്താണെന്ന് ആദായനികുതി അധികൃതരും വിശദികരിക്കുന്നു.സഹകരണ ബാങ്കുകളില്‍ 50,000 രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കു പാന്‍ നമ്പര്‍ ആവശ്യമില്ലെന്നതിനാല്‍ ഇതില്‍ താഴെയുള്ള സംഖ്യവരുന്ന പല യൂണിറ്റുകളായി കണക്കില്‍പെടാത്ത പണം നിക്ഷേപിക്കുന്ന രീതിയുണ്ടെന്നും മറ്റും വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തില്‍ മറ്റു ബാങ്കുകള്‍ക്കുള്ള നിക്ഷേപ വ്യവസ്ഥകള്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുകൂടി ബാധകമാക്കത്തക്ക തരത്തിലെ നടപടി വൈകാതെ ഉണ്ടായേക്കാം

Scroll To Top