Saturday December 03, 2016
Latest Updates

ഉപാധികളില്ലാത്ത ഇന്റര്‍നെറ്റ് സമത്വത്തിന് പദ്ധതിയുമായി കമ്പനികളുടെ കൂട്ടായ്മ

ഉപാധികളില്ലാത്ത ഇന്റര്‍നെറ്റ് സമത്വത്തിന് പദ്ധതിയുമായി കമ്പനികളുടെ കൂട്ടായ്മ

ഇന്റര്‍നെറ്റ് സമത്വം യാഥാര്‍ത്ഥ്യമാക്കണമെന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കിവരുന്ന കമ്പനികളുടെ പ്രതിനിധി യോഗം പ്രഖ്യാപിച്ചു. ഇനിയും ഇന്റര്‍നെറ്റ് ലഭ്യമാകാത്ത നൂറു ദശലക്ഷം ഇന്ത്യക്കാരെ ഉപയോക്താക്കളാക്കി മാറ്റാന്‍ ‘സബ്കാ ഇന്റര്‍നെറ്റ്, സബ്കാ വികാസ് ‘ മുദ്രാവാക്യവുമായി കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനു യോഗം തീരുമാനമെടുത്തു.

ഇന്റര്‍നെറ്റ് സാര്‍വത്രികമാകുന്നതിലൂടെ മാത്രമേ ഡിജിറ്റല്‍ ഇന്ത്യ ദര്‍ശന രേഖ സഫലമാകൂകയുള്ളുവെന്നും രാഷ്ട്ര വികസനത്തിനു സുഗമമായ പാത തെളിയൂകയുള്ളുവെന്നു യോഗം വിലയിരുത്തി. രാജ്യത്തിന്റെ സാമൂഹിക,സാമ്പത്തിക വികസനരംഗങ്ങളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി നയം ആവിഷ്‌കരിക്കേണ്ടത് എങ്ങനെയെന്നതിനെപ്പറ്റിയുള്ള ദേശീയ ചര്‍ച്ച സജീവമായ സാഹചര്യത്തിലാണ് യോഗം നടന്നത്.

മൊബൈല്‍ ഫോണ്‍ സേവനം, ടെലികോം ഉപകരണ നിര്‍മ്മാണം, ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ രംഗങ്ങളില്‍ മുന്‍നിരയിലുള്ള കമ്പനികളുടെ സിഇഒമാര്‍ ചേര്‍ന്നു രൂപം നല്‍കിയ സിഒഎഐയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. അശോക് ശര്‍മ്മ-എയര്‍സെല്‍, ഗോപാല്‍ വിറ്റല്‍-എയര്‍ടെല്‍, ഹിമാന്‍ഷു കപാനിയ-ഐഡിയ സെല്ലുലാര്‍, ശങ്കര്‍ അദാവല്‍-റിലയന്‍സ് ജിയോ,രാജീവ് ബാവ-ടെലിനോര്‍, അരവിന്ദ് ബാലി-വീഡിയോകോണ്‍, സുനില്‍ സൂദ്-വോഡാഫോണ്‍ ഇന്ത്യ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് യോഗം പിന്തുണ നല്‍കി. 950 ദശലക്ഷം ജനങ്ങള്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഇന്റര്‍നെറ്റിന്റെ പ്രയോജനം ഇന്ത്യയില്‍ ഇതിനകം ലഭ്യമാക്കാന്‍ കഴിഞ്ഞത് നേട്ടം തന്നെയാണെങ്കിലും ഡിജിറ്റല്‍ ഇന്ത്യയിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്്. ഇന്റര്‍നെറ്റ് സാര്‍വത്രികമാകുന്നതിന്റെ കണക്കെടുപ്പില്‍ ഇന്ത്യയുടെ സ്ഥാനം 142 മാത്രമാണ്.

ഭൂട്ടാനും ശ്രീലങ്കയും പോലും ഈ രംഗത്ത് ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. 2018 ആകുമ്പോഴേക്കും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 500 ദശലക്ഷം ആകുമ്പോള്‍ ഇന്ത്യ ആഗോളാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനായി കുറഞ്ഞ വിലയ്ക്കു സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ സുലഭമാക്കുകയും നെറ്റ്‌വര്‍ക്ക് ശൃംഖലകള്‍ ശക്തമാക്കുകയും വേണം. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഭരണസംവിധാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട്് ജനപ്രീയ ആപ്ലിക്കേഷനുകളും ധാരാളമായുണ്ടാകണം. നിരക്കുകളില്‍ വൈവിധ്യം അനുവദിക്കുകയും വേണം.

Scroll To Top