Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരും:തിരിച്ചു പോകാന്‍ അവസരം ഒരുക്കണമെന്ന് മൈഗ്രന്റ്‌സ് റൈറ്റ്‌സ് സെന്റര്‍ 

അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരും:തിരിച്ചു പോകാന്‍ അവസരം ഒരുക്കണമെന്ന് മൈഗ്രന്റ്‌സ് റൈറ്റ്‌സ് സെന്റര്‍ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ നിയമ നിയമവിധേയമാക്കണമെന്നും അവധിക്ക് തിരിച്ചു പോയി മടങ്ങി വരാന്‍ അനുവദിക്കണമെന്നും  മൈഗ്രന്റ് റൈറ്റ്‌സ്  സെന്റര്‍ സംഘടന ആവശ്യപ്പെട്ടു. അയര്‍ലണ്ടില്‍ 20,000 മുതല്‍ 26,000 വരെ അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇതില്‍ എണ്ണൂറോളം പേര്‍ ഇന്ത്യാക്കാരാണെന്നാണ് മൈഗ്രന്റ്‌സ് റൈറ്റ് സെന്റര്‍ നല്കുന്ന സൂചനകള്‍.

പഞ്ചാബില്‍ നിന്നുള്ളവരാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ കൂടുതലും.അയര്‍ലണ്ടില്‍ പഠിക്കാന്‍ എത്തി കാലാവധി കഴിഞ്ഞു തിരിച്ചു പോകാത്തവരും ഈ ഗണത്തില്‍പ്പെടുന്നു.

കഴിഞ്ഞ ദിവസം ആര്‍ ടി ഇ ഒരു ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരിയുടെ കരളലിയിപ്പിക്കുന്ന കഥ വെളിപ്പെടുത്തിയിരുന്നു.പത്തു വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ ആലിസ് എന്ന യുവതിയ്ക്ക് പിന്നീട് ഇവിടെ നിന്നും പുറത്തു കടക്കാനായില്ല.അപ്പനും അമ്മയും മരിച്ച അവസരങ്ങളില്‍ പോലും ഇന്ത്യയിലേയ്ക്ക് പോകാനായില്ല.നോര്‍ത്തേന്‍ അയര്‍ലണ്ട് വഴി മോണഗനില്‍ എത്തിയ ആലിസിനു അവിടെ ഒരു വീട്ടില്‍ ജോലിയും കിട്ടി.

തിരിച്ചു പോകാനും ബന്ധുക്കളെ കാണാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞ ആലിസ് പക്ഷെ ഐറിഷ് സര്‍ക്കാര്‍ കരുണ കാട്ടുമെന്ന വിചാരത്തില്‍ കാത്തിരിക്കുകയാണ്.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ അയര്‍ലണ്ടുകാരെ നിയമവിധേയകുടിയേറ്റക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി എന്‍ഡ കെന്നി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് കത്തയച്ചിരുന്നു.കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് അതിനു അനുകൂലമായ പ്രസ്താവനയും നടത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരെയുംഅംഗീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം അനധികൃത കുടിയേറ്റക്കാരില്‍ 81 ശതമാനവും അഞ്ച് വര്‍ഷത്തിലധികമായി അയര്‍ലണ്ടില്‍ താമസിക്കുന്നവരാണ്.

20 ശതമാനം പേര്‍ പത്ത് വര്‍ഷത്തിലധികമായി അയര്‍ലണ്ടില്‍ താമസിക്കുന്നു. ഇവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മൈഗ്രന്റ് റൈറ്റ്‌സ് സെന്റര്‍ ആവശ്യപ്പെട്ടു. അതേസമയം നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒറ്റയടിക്ക് നിയമ വിധേയ കുടിയേറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. ഇവരെ നാച്ചുറലൈസേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ നിയമവിധേയ കുടിയേറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകുമെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.




Scroll To Top