Tuesday May 30, 2017
Latest Updates

അമ്പത് സെന്റ് ലാഭിക്കാന്‍ അനധികൃത കാറ്ററിംഗ് സംഘങ്ങളെ കൂട്ട് പിടിക്കണോ?ഐറീഷ് മലയാളികളുടെ ആഘോഷവേളകളെ പൊളിക്കാന്‍ കച്ചകെട്ടിയിറങ്ങുന്നവരെ സൂക്ഷിക്കുക…

അമ്പത് സെന്റ് ലാഭിക്കാന്‍ അനധികൃത കാറ്ററിംഗ് സംഘങ്ങളെ കൂട്ട് പിടിക്കണോ?ഐറീഷ് മലയാളികളുടെ ആഘോഷവേളകളെ പൊളിക്കാന്‍ കച്ചകെട്ടിയിറങ്ങുന്നവരെ സൂക്ഷിക്കുക…

ഡബ്ലിന്‍:ക്രിസ്തുമസ് ആഘോഷങ്ങള്‍ ആരംഭിച്ചതോടെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത കേറ്ററിംഗ് യൂണിറ്റുകളും പൊട്ടിമുളച്ചു തുടങ്ങി.യാതൊരു വിധ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ മന:പൂര്‍വ്വം ഇടപാടുകാരെ ചതിക്കുഴികളില്‍ പെടുത്തുകയാണ് ചെയ്യുന്നത് എന്നാണ് ആക്ഷേപം.

ലൈസന്‍സും ഇന്‍ഷുറന്‍സും എടുത്ത് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന കേറ്ററിംഗ് യൂണിറ്റുകളോട് വിലയുടെ അടിസ്ഥാനത്തില്‍ മത്സരിക്കാന്‍ അനധികൃത യൂണിറ്റുകള്‍ക്ക് കഴിയുന്നുണ്ട്.അംഗീകൃത യൂണിറ്റുകള്‍ നല്‍കുന്നതില്‍ നിന്നും പ്ലേറ്റിനു അമ്പത് സെന്റോ ഒരു യൂറോയോ വരെയുള്ള കുറവാണ് ഇവര്‍ വിലയില്‍ വാഗ്ദാനം ചെയ്യുന്നത്.

നിലവില്‍ ലൈസന്‍സുള്ള ഏതെങ്കിലും റസ്റ്റോറന്റിന്റെയോ ടേക്ക് എവേയുടെയോ മറവിലാണ് ഇത്തരക്കാര്‍ കാറ്ററിംഗ് സര്‍വീസും നടത്തുന്നത്.എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കാറ്ററിംഗ് നടത്തുന്നവരുമായി യാതൊരു ബന്ധവും ഇല്ലെന്ന നിലപാടാകും റസ്റ്റോറന്റിന്റെയോ ടേക്ക് എവേയുടെയോ മാനേജ്‌മെന്റ് എടുക്കുക.

കഴിഞ്ഞ വര്‍ഷം അനധികൃതകേറ്ററിംഗ് യൂണിറ്റ് നടത്തിയ മലയാളികളുള്‍പ്പെടെയുള്ള നിരവധി പേരാണ് നിയമക്കുരുക്കില്‍ പെട്ട് പിടിയിലായത്.കേറ്ററിംഗ് ലൈസന്‍സ് ഇല്ലാതെ വ്യാപാരം നടത്തല്‍,നിലവാരമില്ലാത്ത ഭക്ഷണം തയാറാക്കല്‍,ശുചിത്വമില്ലായ്മ,എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവരുടെ പേരിലുള്ളത്.

ഉത്സവവേളകളിലും ബര്‍ത്ത് ഡേ പോലെയുള്ള ആഘോഷങ്ങള്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും സമയത്ത് പരാതികളെ തുടര്‍ന്ന് ഭക്ഷണം നല്‍കാനാവാതെയാവുന്ന നിരവധി പരാതികള്‍ അനധികൃത കേറ്ററിംഗ് യൂണിറ്റുകളെ കുറിച്ച് നിലവിലുണ്ട്.

ലൈസന്‍സ് ഉള്ളവരെ കേറ്ററിംഗ് സര്‍വീസിംഗിനു നിയോഗിച്ചില്ലെങ്കില്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നവരും കുടുങ്ങും.ഏതെങ്കിലും വിധത്തിലുള്ള അപകടമോ ഭക്ഷ്യവിഷബാധ പോലെയുള്ള അത്യാഹിതമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പോലും ലഭിക്കില്ലെന്നതാണ് ഏറ്റവും ഖേദകരം.

ലൈസന്‍സില്ലാത്ത ഭക്ഷ്യോത്പന്ന വിതരണത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നവരും,അവരെ കൊണ്ട് സദ്യ ഒരുക്കുന്ന സംഘാടകരും അയര്‍ലണ്ടിലെ നിയമം അനുസരിച്ച് ശിക്ഷാര്‍ഹരാണ്.ചെറിയ തോതിലായാലും കേറ്ററിംഗ് യൂണിറ്റുകള്‍ നടത്തുന്നവര്‍ നിശ്ചിത നിലവാരം പുലര്‍ത്തുകയും,സര്‍ക്കാര്‍ അനുശാസിക്കുന്ന ലൈസന്‍സുകള്‍ നേടുകയും ചെയ്യുകയെന്ന സാമാന്യ നിയമങ്ങള്‍ പാലിക്കുകയെന്നതാണ് ഇതിന് പ്രതിവിധിയെന്ന് പൊതു അഭിപ്രായമുണ്ട്.

Scroll To Top