Friday December 09, 2016
Latest Updates

യൂറോപ്പിലേക്ക് പാലായനം ചെയ്യുന്നത് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍,നേരിടേണ്ടത് വന്‍ പ്രതിസന്ധി,അയര്‍ലണ്ട് 600 പേരെ സ്വീകരിക്കാന്‍ ധാരണയായി 

യൂറോപ്പിലേക്ക് പാലായനം ചെയ്യുന്നത് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍,നേരിടേണ്ടത് വന്‍ പ്രതിസന്ധി,അയര്‍ലണ്ട് 600 പേരെ സ്വീകരിക്കാന്‍ ധാരണയായി 

ഡബ്ലിന്‍:ആഫ്രിക്കയില്‍ നിന്നും,സിറിയയില്‍ നിന്നും,മധ്യേഷ്യയിലെ മറ്റു കലാപബാധിത രാജ്യങ്ങളില്‍ നിന്നുമായി സംഘടിതമായി യൂറോപ്പിലേയ്ക്ക് കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളെ സഹായിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടും അറുനൂറ് കുടിയേറ്റക്കാരെ സ്വീകരിക്കുവാന്‍ തീരുമാനം.ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനത്തില്‍ എത്തിയത് ..ലക്‌സംബര്‍ഗില്‍ തിങ്കളാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ യൂറോപ്പില്‍ എത്തിയിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പുനര്‍വിന്യാസം നടത്തുന്നതിനെ കുറിച്ചു വിവിധ രാജ്യങ്ങള്‍ ധാരണയുണ്ടാക്കും 

മെഡിറ്ററേനിയന്‍ കടല്‍ മേഖലയിലൂടെ ദിനം പ്രതി ആയിരക്കണക്കിന് പേരാണ് ബോട്ടുകളിലും,വഞ്ചികളിലുമായി ഇപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് പ്രവഹിക്കുന്നത്.പ്രധാനമായും ഇറ്റലിയെയും,ഗ്രീസിനെയും,മാല്‍ട്ടയെയും ലക്ഷ്യം വെച്ചു വരുന്ന ഇവരെ സഹായിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ പുനരധിവാസ പദ്ധതി തയാറാക്കുകയായിരുന്നു.

ഇത്തരം കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും മുസ്ലീം സമുദായാംഗങ്ങളാണ്.ഗ്രീസില്‍ നിന്നുള്ള 14,000 പേരെയും ഇറ്റലിയില്‍ നിന്നുമുള്ള 24,000 അനധികൃത കുടിയേറ്റക്കാരെയുമാണ് ആദ്യ ഘട്ടമായി മറ്റു രാജ്യങ്ങളിലേയ്ക്ക് പുനര്‍ വിന്യാസം ചെയ്യാന്‍ യൂറോപ്യന്‍ യൂനിയാന്‍ പദ്ധതിയിടുന്നത്.ഹംഗറിയും ബള്‍ഗേറിയയുമടക്കമുള്ള രാജ്യങ്ങള്‍ ഇത്തരം കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വൈമുഖ്യം കാണിച്ച് ഇ യു പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.ബ്രിട്ടണാവട്ടെ ഇ യൂ പദ്ധതിയില്‍ സഹകരിക്കില്ലെന്ന നിലപാടിലാണ്.

അനധികൃത കുടിയേറ്റക്കാര്‍ പല തവണ കടല്‍ ദുരന്തത്തില്‍ പെട്ട് കൂട്ട മരണം സംഭവിച്ചതിനാല്‍ കൂടുതല്‍ ദുരന്തത്തില്‍ പെടാതെ അവര്‍ക്ക് പരിരക്ഷ നല്കാന്‍ ഇ യൂ വിന്റെ നിരവധി കപ്പലുകള്‍ ഇപ്പോള്‍ മെഡിറ്റരേനിയന്‍ കടലിലുണ്ട്.ഐറിഷ് സര്‍ക്കാര്‍ അയച്ച ലീ എത്‌ന എന്ന ഒരൊറ്റ കപ്പല്‍ മാത്രം കഴിഞ്ഞ 5 മാസങ്ങള്‍ കൊണ്ട് 3700 അനധികൃത കുടിയേറ്റക്കാരെ കടലില്‍ നിന്നും രക്ഷപ്പെടുത്തിയെന്ന് പറയുമ്പോള്‍ ആകെയുള്ള കുടിയേറ്റത്തിന്റെ വ്യാപ്തി ആലോചിക്കാവുന്നതെയുള്ളൂ.

കടലില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരുന്നവരെ ഇപ്പോള്‍ പല അഭയാര്‍ഥി ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്.ഇത് കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ അനധികൃതമായി പ്രവേശിച്ച് അധികൃതര്‍ അറിയാതെ താമസിക്കുന്നവരുടെ എണ്ണം ആയിരക്കണക്കിന് വരും.

യഥാര്‍ഥത്തില്‍ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ രൂക്ഷമായി യൂറോപ്പ് അഭിമുഖീകരിക്കുന്നത് അനധികൃത കുടിയേറ്റക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളാണ്.സാമ്പത്തികമായി മാത്രമല്ല സാംസ്‌കാരികമായും യൂറോപ്പിനെ ഇത്തരം അനധികൃത കുടിയേറ്റം തകര്‍ക്കുമെന്നത് കുടിയേറ്റക്കാരെ സംരക്ഷിക്കുന്നവരെ പോലും വ്യാകുലപ്പെടുത്തുന്നുണ്ട്.
റെജി സി ജേക്കബ് 

Scroll To Top